Sunday, 21 May 2017

ശ്ശോ ...

(അനീതിക്കെതിരെ, അല്ല അന്യായങ്ങള്‍ക്കെതിരെ പേനത്തുമ്പു ചലിക്കുമ്പോള്‍ പെട്ടുപോകുന്നു ഇത്തരം ഓന്തുകള്‍ക്കു  മുന്നില്‍ )
കാവിലെയുത്സവം കാണുവാന്‍ പോയപ്പോള്‍
കാവിലന്നപ്പാടെ കാവിപ്പട
ദേവിയ്ക്കു നേരൊന്നു കൈകൂപ്പാന്‍ നോക്കുമ്പോള്‍
ചോരകുടിക്കുന്നീ ഓന്തിന്‍പട
ചെയ്തില്ല തെറ്റൊന്നും കാവിയോടൊന്നുമേ
എന്നിട്ടുമെന്തിനീ ചോരകുടി?
ജാതിയായ് കാണിക്കാന്‍ കൈയ്യിലില്ലൊന്നുമേ;
കൈയ്യില്‍ വഴിപാടിനുള്ള പണം!

ചെയ്തില്ല തെറ്റൊന്നും കാവിക്കാരോടൊന്നു-
മെന്നിട്ടുമെന്തിനീ വീറുകടി
ഇന്നാളു വന്നപ്പോള്‍ കണ്ടതുമോര്‍ക്കുന്നു;
ഏവരുമന്നു മതില്‍പ്പുറത്ത്!
കണ്ടതു കൗതുകം; മേല്‍ക്കോയ്മയില്ലാതെ
ഏവരുമങ്ങിന്നു ശ്രീലകത്ത്
ചെയ്തതു തെറ്റെന്നു തോന്നീല്ല തെല്ലുമേ,
നാട്ടില്‍ മതങ്ങളെല്ലാം വേണ്ടെയോ?
എല്ലാരും വേണംന്ന് ഉച്ചത്തിലോതിപ്പോ
എനിക്കിന്നു തീണ്ടായ്മ മതില്‍ക്കകത്ത്
ജാതിമതമോതും കൂട്ടരേയോര്‍ക്കുവിന്‍
മനുഷ്യത്വമെന്ന വികാരമുണ്ടേ...
പാര്‍ട്ടിയിലംഗത്വമൊന്നുമെനിക്കില്ലേ
വോട്ടും ഞാന്‍ പാര്‍ട്ടിയ്ക്കു ചെയ് വതില്ല
ചെയ്തില്ല തെറ്റൊന്നുമാരോടുമിന്നു ഞാ-
നെന്നിട്ടുമെന്തിനീ ശത്രുനോട്ടം ....???

നര

അന്നെന്റെ വലത്തെ ചെന്നിയിലൊരു നരച്ചമുടി
അത് ഞാൻ വലിച്ചെടുത്തു നിഷ് പ്രയാസം
ഒടുങ്ങീല നരയ്ക്കു കലി എന്നിട്ടുമെന്നിൽ
കിളിർത്തു പോയ്‌ അവനങ്ങു കറുകയെപ്പോൽ
തലയിൽ നര, താടിയ്ക്കു നര
തലയ്ക്കു കീഴെ ചുളിയും നെറ്റിയ്ക്കും നര
തേജസ്സുറ്റൊരാ കണ്‍പീലിയേയും പൗരുഷം മുറ്റുമാ മീശയേയും .....
വിട്ടില്ലവൻ എന്നതും ഖേദം.
കറുപ്പു പെയ്യുന്ന രാത്രിയ്ക്കും നര കേറും
നിലാവെന്നൊരാ നര.....
ഖേദിക്കവേണ്ടനീ പകലിന്റെ പാൽനിറത്തിലും
വീഴും കാർമേഘത്തിൻ കറുപ്പെന്നൊരാ  നര
എങ്കിലും
തെറ്റിപ്പതിക്കും കിനാവിന്റെ ഗതി മാറ്റാൻ
ഞാനും പുരട്ടിയാ കറുത്ത ചായം
മതിമറന്നാടി ഞാൻ എന്‍ ചന്തം കണ്ട്
ആരും കൊതിച്ചു പോം ചന്തം കണ്ട്
തട്ടിക്കളിച്ചൊരാ കിനാവിനും നര
വികൃതമാം അടയാളങ്ങൾ കൊണ്ടെന്റെ-
മുഖകാന്തി വീണ്ടും വികൃതമാക്കി
ഓടിച്ചെന്നങ്ങു വൈദ്യപരിശോധനക്കായ്
അവനോതി നീയാ ചായം പുരട്ടേണ്ടിനി
അവിടെയും
മോഹിപ്പിച്ചൊരു പതിനേഴിനും നര
നരയിൽ തുടങ്ങുന്ന, നരയിൽ തുടരുന്ന
നരയിൽ ഒടുങ്ങുന്ന നര
നരകതുല്യമീ നര പതിനേഴിനെ
എഴുപത്തൊന്നാക്കിയത്ഭുതം
ഇതാ ഇവിടെ തളർന്ന മനസ്സിനും നര .....

പിരിമുറുക്കങ്ങൾ

1. മിഴികൾ തുറന്നാലും അടച്ചാലും കണ്മുന്നിലെത്തുന്നു ഒരു കറുത്ത രൂപം. താക്കീതും,ഭീഷണിയും, സമാധാനിപ്പിക്കലും, കുറ്റപ്പെടുത്തലുകളുമായ് അങ്ങ് നടന്നകലും. അവനെ(അവളെ )പേരിട്ടു വിളിക്കണമെന്ന് എനിക്കറിവില്ല . എങ്കിലും ഞാനാ കറുത്ത രൂപത്തെ ഒരുപാടിഷ്ടപെടുന്നു. ചിതറിപ്പോയ മനസ്സിനെ ബലവത്താക്കുന്ന അരൂപി എനിക്ക് സ്വന്തമാണ്. ഒന്നിനെ മറ്റൊന്നായ് അല്ലെങ്കിൽ തനിക്ക് തന്നെ വിശ്വസിപ്പിക്കാൻ കഴിവുള്ള അവനെ(അവളെ )ചിന്ത എന്ന് പേരിടട്ടെ . അവൻ(അവൾ) എനിക്ക് വരുത്തുന്ന വിനകളും ചെറുതൊന്നുമല്ല അതിലൊന്നാണ് 'മറവി'. എങ്കിലും ആന്തരികസംഘർഷത്തിന്റെ മറുമരുന്ന് എന്ന എന്റെ വിശകലനത്തിൽ അവനെ/ അവളെ എനിക്ക് സ്നേഹിച്ചേ മതിയാകൂ. സുഖത്തിലും ദുഖത്തിലും കൂട്ടായവരെ അല്ലെ നാം സ്നേഹിക്കേണ്ടത്. അനുഭവങ്ങളെല്ലാം ആനന്ദകരമാണെങ്കിൽ ജീവിതത്തിൽ ഈ കറുത്ത സ്നേഹിതൻ എന്നോടൊപ്പം ഉണ്ടാകില്ലായിരിക്കാം.
2. കണ്ണുകളിൽ പ്രകാശധാര....കാതുകളിൽ ഇടിമുഴക്കം... മനസ്സിൽ മാത്രം കാലക്കേടിന്റെ അന്ധകാരം....ഇരുളിലേക്കൊളിച്ചെത്തുന്ന വെളിച്ചത്തിന്റെ നുറുങ്ങു വെട്ടങ്ങളേയും എനിക്കിപ്പോൾ പേടിയാണ്. ഇനിയൊരിക്കലും ഒഴിവാകാനാവാത്ത വിധം ഇരുളിന്റെ ശ്യാമവർണ്ണം എന്റെ ഹൃദയത്തെ കീഴടക്കിക്കഴിഞ്ഞോ? ഒടുവിൽ തന്നെ ബന്ധിച്ചിരിക്കുന്ന നൊമ്പരങ്ങളിലും സന്തോഷം കാണാൻ ഞാനിപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുന്നു..എന്റെ മുന്നിൽ അടയുന്ന വാതിലുകളെ പൂർവാധികം ശക്തിയോടെ തള്ളിത്തുറക്കുവാൻ മനസ്സിനെ ബലപെടുത്തി. കണ്ണടച്ച് ഇരുട്ടാണ്‌ ചുറ്റിലും എന്ന് എന്നെത്തന്നെ വിശ്വസിപ്പിക്കുന്ന രീതി തെറ്റെന്നു സ്വയം ബോധ്യപ്പെട്ടു.മേഘങ്ങൾക്കിടയിലൂടെ കുഞ്ഞുമാലാഖ എന്നെ നോക്കി ചിരിച്ചു. വെള്ളിനക്ഷത്രങ്ങൾ കൺചിമ്മിത്തുറന്നു.ചന്ദ്രക്കല മേഘങ്ങളിൽ ഒളിച്ചുതന്നെ നിന്നു-
എന്നിട്ടും കാഴ്ച്ചക്കോണുകളിലെല്ലാം നിലാവിന്റെ വെട്ടമുണ്ടായിരുന്നു.. കാണുന്ന കണ്ണുകളിലും മനസ്സുകളിലും കിനാവിൻ തിളക്കം ..ചിരിക്കും ഞാൻ ...ചിരിപ്പിക്കാൻ വയ്യ ... ചിന്തിക്കും.... ചിന്തിപ്പിക്കും........കരയും ........കരയിപ്പിക്കാൻ ആവുമോ എന്നറിയില്ല.എഴുത്ത് നിർത്തും എന്ന് ഉറപ്പിച്ചു പറയാനാവില്ല. എന്റെ ഉള്ളിൽ കുമിഞ്ഞു കൂടുന്ന വ്യാകുലതകളും, സന്തോഷങ്ങളും, വ്യാധികളും ഇനിയും അക്ഷരങ്ങളായ്‌ ഉരിത്തിരിഞ്ഞേക്കാം. അവയിൽ ചിലത് എന്നിലേക്കും, പലതും മറ്റ് രീതിയിലും വായിക്കുന്നവരുടെ മാനസീക താൽപ്പര്യങ്ങൾക്കനുസൃതമായി വ്യാഖ്യാനിക്കാം.
3. അതിശൈത്യത്തിൽ മുങ്ങുന്ന പ്രഭാതങ്ങളെ പോലെ സങ്കടങ്ങൾ എന്നിൽ കുമ്മിഞ്ഞു കൂടുമ്പോഴാകാം അങ്ങകലെ വെള്ളമുകിൽ പാളികൾക്കിടയിൽ നിന്ന് ആരോ എന്നെ മാടിവിളിക്കുന്നതായ് തോന്നുന്നത് . എത്രയും വേഗം വിളിപ്പുറത്തെത്തണമെന്ന മാനസികാവസ്ഥയാണ് ഇപ്പോഴുള്ളത് . മാർഗ്ഗം പക്ഷെ അവ്യക്തമാണ്. കാളപ്പുറത്ത് വരുംവരെ കാത്തിരിക്കാനുള്ള ക്ഷമ എനിക്കിന്നുണ്ടോ എന്നത് എന്നെനിക്കു തന്നെ സംശയം തോന്നി തുടങ്ങിയിരിക്കുന്നു. എങ്കിലും അവിടെനിന്നും പ്രവേശന പാസ്‌ നേടിയാലെ ഏതുമാർഗത്തിലൂടെ ആയാലും അവിടെ എത്താനൊക്കൂ എന്ന വിശ്വാസം എന്നിലുണ്ട് . നിയന്ത്രണാതീതമായി കൊണ്ടിരിക്കുന്ന ചില ദുർബല നിമിഷത്തിൽ മാർഗങ്ങൾ ഓരോന്നായ് മനസ്സിൽ തെളിയും,ഉപബോധമനസ് എന്നോട് താക്കീത് നൽക്കും ' മാർഗ്ഗമദ്ധ്യേ ഗതാഗതത്തടസ്സം നേരിട്ടാൽ കൊഴിഞ്ഞു വീഴുന്നത് ഈ മണ്ണിലേക്ക്, ഇന്നിന്റെ കണ്ണുകളാകില്ല നാളെ നിന്നെ നോക്കുന്നത് . മണ്ണിൽ ഒരുപിടി ചാരമായ് , വിണ്ണിലേക്ക് ധൂമപടലങ്ങളായ് ഉയരാനാകുമെങ്കിൽ മാത്രം നീയതിനു മുതിരാവൂ' എന്ന് . പ്രഭാതത്തിലെ സൂര്യകിരണമേറ്റ് പുൽകൊടിയിലെ മഞ്ഞുകണങ്ങൾ തെളിനീരാകുന്നത് പോലെ അകലങ്ങളിൽ ഇരുന്നെന്നേ മാടി വിളിച്ച അപ്പൂപ്പനെ ധിക്കരിച്ച്, കുമിഞ്ഞു കൂടിയ സങ്കടങ്ങളെ ഉരുക്കി കണ്ണുനീർ ചാലിലൂടൊഴുക്കും.മനസിന്റെ അന്തമില്ലാത്ത യാത്രകൾ അക്ഷരങ്ങളാകുമ്പോൾ മനസ്സിനു തെല്ലൊരാശ്വാസം തോന്നും. അപ്പോൾ ആ അരൂപി വന്നെന്നെ തലോടി പറയും നീ ചിന്തിച്ചതൊക്കെ വ്യർത്ഥമാണ്. നിനക്ക് കൂട്ട് അക്ഷരങ്ങളുണ്ട്. നീ വാരിയെറിയുന്ന അക്ഷരങ്ങളെ പല കണ്ണുകളുംതാലോലിക്കുന്നുണ്ട് . മറ്റൊന്നും നീ ഇപ്പോൾ ആഗ്രഹിക്കേണ്ട എല്ലാം ഞാൻ കൽപ്പിക്കും അനുസരിച്ചാൽ മാത്രം മതി. നീ ഒരു അഭിനേത്രി മാത്രം. ....കേൾക്കുക അനുസരിക്കുക.


മതിക്കുമോ അക്ഷരങ്ങൾ മനസിൻ മുഖത്തെത്താൻ


മതിക്കുമോ അക്ഷരങ്ങൾ മനസിൻ മുഖത്തെത്താൻ

മതിക്കുമോ അക്ഷരങ്ങൾ മനസിൻ  മുഖത്തെത്താൻ
മയങ്ങുമോ വാക്കുകൾ മനസിൻ  മൗനാനുരാഗത്താൽ
ഇല്ല എഴുതുവാൻ വാക്കുകളൊന്നും ഈ കൈകളിൽ
സർവ്വം  മനോരഥത്തിൻ വിങ്ങലാകയാൽ
ഞാനില്ല നിങ്ങൾക്കൊപ്പം യാത്രചേരുവാൻ
എനിക്കാകില്ല നല്ലൊരു എഴുത്തുകാരിയാകുവാൻ
മയങ്ങാം ഈ മനസിൻ  താഴ്‌വരയിൽ എന്നും ഞാൻ
നിങ്ങൾ തൻ മനസ്സിൽ വിരിയും വർണ്ണാക്ഷരങ്ങളെ
തഴുകിയുണർത്താൻ വെമ്പൽ കൊള്ളും മനസ്സുമായ്....
എത്തിടും അനുദിനം സമ്മിശ്ര സന്ദേഹത്തോടെ..

ഒരു വിഷുക്കാലം കൂടി...


എല്ലാവര്‍ക്കും വിഷു ആശംസകൾ..
പൂത്തുലഞ്ഞ കണികൊന്നയും, ഓട്ടുരുളിയിൽ കണിവെള്ളരിയും, കള്ളകണ്ണനുമൊക്കെ കണികണ്ടുണരുന്ന വിഷുപുലരി ഇങ്ങെത്തി കൂട്ടുകാരെ, അവിടെവിടെ പടക്കങ്ങൾ പൊട്ടി തുടങ്ങിയിട്ടുണ്ട്. എനിക്കിന്നും ഓലപടക്കത്തിന്റെ ശബ്ദമാണ് ഇഷ്ടം. പക്ഷെ ഇന്നേവരെ ഒന്ന് പോലും പൊട്ടിച്ച് നോക്കിയിട്ടില്ലട്ടോ. വർണ്ണശബളമായ പൂത്തിരിയും, മേശപൂവും, കമ്പിത്തിരിയുമൊക്കെ കടകമ്പോളങ്ങളെ ജനത്ത്തിരക്കുള്ളതും മനോഹരവുമാക്കിരിക്കുന്നു.
ശക്തന്റെ വഴിയോരത്ത് കൂട്ടിയിരിക്കുന്ന വെള്ളരി കണ്ടാൽ തന്നെ കിട്ടും കണികണ്ട സംതൃപ്തി. അത്ര പട്ടുചേല ചുറ്റിയ പെണ്ണി നെപൊൽ മനോഹരിയായിരിക്കുന്നു. അമ്മ മാമ്പഴ പുളിശ്ശേരിയയുടെ മാങ്ങ പഴുപ്പിക്കാൻ പത്തായത്തിൽ വെച്ചിട്ടുട്ട്. പക്ഷെ ഇന്ന് പണ്ടത്തെ ആലവാരവും ആഘോഷവും ഇല്ല.
പണ്ട് മലയാളിയുടെ മനസ്സിലും,മണ്ണിലും വിളവെടുപ്പിന്‍റെ സമൃദ്ധിയും, കൃഷിയിറക്കിന്‍റെ പ്രതീക്ഷയും ഒരുപോലെ നിറുഞ്ഞ ഉത്സവമാണ് വിഷു, ഐശ്വര്യത്തിന്‍റെ-സമ്പല്‍സമൃദ്ധിയുടെ-പ്രതീക്ഷയുടെ കണിയൊരുക്കി സൂര്യന്‍-പുതിയ പ്രദക്ഷിണ വഴിയിലേക്ക്-നടന്നു നീങ്ങുന്നു.
വസന്തകാലത്തിന്‍റെ പ്രതിനിധിയായി എങ്ങുനിന്നോ സ്വാഗതഗാനവും പാടികൊണ്ട് വിദൂരതയില്‍നിന്നും പറന്നെത്തുന്ന വിഷുപക്ഷികള്‍.
നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നമരം കണികണുന്നത് ഐശ്വര്യദായകം മാത്രമല്ല, കണ്ണിനും, കരളിനും കുളിരുപകരുന്നതുമാണ്. കുലകുലയായി വിരിഞ്ഞ് തൂങ്ങി കിടക്കുന്ന സ്വര്‍ണ്ണപൂക്കള്‍.മണ്ണിനെയും, വിണ്ണിനെയും മനുഷ്യമനസ്സില്‍ കോര്‍ത്തിടുന്നത് അനുഭൂതികളിലാണ്. ഓണത്തിനും വിഷുവിനും നമ്മെക്കാള്‍ ഒരുങ്ങുന്നത് പ്രക്രതിയാണ് .എന്തൊരു ഭംഗിയാണ് .
കശുവണ്ടി പറക്കി വിറ്റുകിട്ടുന്ന കാശിനു പടക്കം വാങ്ങാന്‍ പോകാനുള്ള തിരക്കിലാണ് അനുവും, പിതുവും . ഓരോ ദിവസം കശുവണ്ടി പറക്കി ഇരിഞ്ഞു കൂട്ടുമ്പോള്‍ 10 എണ്ണം ഞങ്ങളുടെ അവാകാശാട്ടോ. അത് വിറ്റ് പടക്കവും, കമ്പിത്തിരിയും മത്താപ്പും എല്ലാം വാങ്ങും 25 -50 രൂപയായാല്‍ കുറെ സാധനങ്ങള്‍ കിട്ടും. എല്ലാം വാങ്ങി സന്തോഷമായി. ബാക്കി പണം ആറാട്ട്‌ കഴിഞ്ഞ പിറ്റേ ദിവസം കളിക്കാനുള്ള സാധനങ്ങളും , വളയും വാങ്ങാനുള്ളതാ. ഉത്സവം 8 ദിവസാ മറ്റു ദിവസങ്ങളില്‍ ഒന്നും വാങ്ങാന്‍ വീട്ടില്‍ സമ്മതിക്കില്ല. പൂര പിറ്റേന്ന വില കുറവെന്ന കണക്ക്. ഞങ്ങള്‍ പാവങ്ങള്‍ സമ്മതിക്കും ട്ടോ. വാശി പിടിക്കില്ല. വാശി പിടിച്ചിട്ട് കാര്യോം ഇല്ലാട്ടോ
മുത്തശ്ശന്‍ പൂമുഖത്ത്‌ ചിന്തിച്ചിരിപ്പാ. മുത്തശ്ശി ഒന്നുരണ്ടു തവണ അകത്തു നിന്നും നീട്ടി വിളിച്ചു .എന്താ അവിടെ ഇല്ലെ ര്‍ക്ക്യോ , അമ്മമ്മ പിറുപിറുത്തും കൊണ്ട് പൂമുഖത്തെത്തി.
"ഇവിടെ ഇരിക്ക്യാ എന്താ ഇപ്പൊ ഇത്ര ആലോചിക്കാന്‍ വിശേഷിച്ച് വല്ലതും തരായ്യോ ...
(കുറെ നേരത്തെ മൗനത്തിനു ശേഷം) 'ആലോചിക്കാര്‍ന്നു ഈ മീനചൂടിലും പ്രക്രതിയെ മനോഹരിയാക്കി നിര്‍ത്തിയിരിക്കുന്ന കൊന്നപൂക്കളെയും വിഷുവിനെയും . മുറ്റത്ത് പൂത്തുലഞ്ഞു നില്‍ക്കുന്ന കണികൊന്ന , എന്ത് ഭംഗി ................. ആ കുട്ടികള്‍ എല്ലാം തല്ലി കൊഴിക്കും മുന്‍പ്‌ നല്ല രണ്ടു കുല അറുത്തു വെച്ചോളൂ. അല്ലെങ്കില്‍ നല്ലതൊന്നും കിട്ടില്ല."
"ശരി അറുത്തു വെക്കാം.ശങ്കരന്‍ വന്നോട്ടെ".
"ആരോ പടി കടന്ന്‍ വരുന്നല്ലോ ... ആരാ അത്."
"ഞാനാ ചാക്കു ആണ് ,മാഷെ".
"വിഷുവിന്റെ പപ്പടം..." അവിടെ തന്നെ നിന്ന് കൊണ്ട് ചാക്കു ചോദിച്ചു.
"ഇത്തവണ എത്ര രൂപ കൂട്ടി?" .
"ഈ വിഷുവിന് 5 രൂപ കൂട്ടിയിരിക്കുന്നു മാഷെ".
ചാക്കു എല്ലാ തവണയും പപ്പടത്തിന്റെ പൈസ കൂട്ടുക വിഷുവിനാ. കാരണം വിഷു മാത്രമല്ലാട്ടോ. പൂരത്തിന് ഓരോ വീട്ടിലെയും വിരുന്നുകാരും, പ്രവാസികളും ചാക്കുമാപ്ലയുടെ ഗുണഭോക്താവാണ് എന്നത് ആ പപ്പടത്തിന്റെ സ്വാദ് ഒന്നുകൊണ്ട് മാത്രമാണ് കെട്ടുകണക്കിനു പപ്പടം വാങ്ങികൊണ്ടുപോകും ചെയ്യും.
"മാഷ്‌ ഇത്തവണ പഴയ വില തന്നാല്‍ മതി" .
"ഭാര്‍ഗവ്യെ ......................"
അകത്തേക്ക് നോക്കി മാഷ് നീട്ടി വിളിച്ചു . കാര്യം മനസിലായ അമ്മമ്മ പപ്പടത്തിന്റെ തുകയും കൂടാതെ നാ ണയാത്തുട്ടുകളും കൈയില്‍ കൊടുത്തു.
"ടീച്ചറെ നാളെമുതല്‍ 5 രൂപ കൂടി ട്ടൊ".
"ഓ...."
അമ്മമ്മക്ക് സമ്മതം.. സന്തോഷത്തിനായ് ഒരു കെട്ടു പപ്പടം കൂടെ പതിവ് പ്രകാരം നല്‍കി സന്തോഷത്തോടെ ചാക്കു മടങ്ങി.
"ചക്കയിടാന്‍ ഇത്തവണ ശങ്കരന്‍ എത്തിയില്ലേ അമ്മുവേ?.." ,
"ഇതാ അപ്പുന്റെ വീടുവരെ എത്തിയിട്ടുണ്ട്.. ഇപ്പൊ വരായിരിക്കും."
"ഉണ്ണി മാങ്ങാ നല്ലപോലെ പഴുത്തോ , അത് പത്തായത്തില്‍ വെച്ചില്ലേ ഒരല്‍പം പഴുപ്പ് കുറവായിരുന്നു എന്ന്‍ തോന്നി , നിശ്യല്ല്യ നോക്കിയിരുന്നോ. കച്ചേരി പറമ്പിലെ മാങ്ങയല്ലേ."
അതെ. ഒരല്‍പം കുറവ് തന്യ . നാളേക്ക് പഴുക്കും ചാക്കില്‍ കെട്ടി നെല്ലറയില്‍ ഇട്ടിട്ടുണ്ട്."
"കണി വെക്കാന്‍ വെള്ളരിക്ക ഇത്തവണ കിട്ടിയോ . ഉവ്വ് മേപ്പറത്തെ ചന്ദ്രന്‍ നായരുടെ കണ്ടത്തില്‍ ഇത്തവണ വെള്ളരി പാകിയിരുന്നു. നല്ല പഴുത്തു സ്വര്‍ണ്ണ വര്‍ണ്ണമുള്ള നല്ല കണിവെള്ളരി തന്നെ കിട്ടി ഇത്തവണ . ഈ ചൂടിലും കേടില്ലാതെ എങ്ങനെ വിളവു കിട്ടിയോ എന്തോ . തരക്കേടില്ലെന്ന പറഞ്ഞത്."
"കൃഷിക്കാരുടെ കാര്യം എളുപ്പല്ല . കൂലീം കൂടി, വെള്ളോം ഇല്ല്യ , പോരത്തതിന്‍ കേടും . ലാഭം ഒന്നും കാണില്ല്യ. ശങ്കരന്‍ വന്നൂല്ലോ ആ വരിക്ക പ്ലാവില്‍ തന്നെ ആയ്കോട്ടെ".
"ആ ആവാം.. ".
"കുറച്ച് കൊന്നപൂ കൂടി പറിച്ചു തന്നിട്ട് പോകണം ട്ടോ".
"ആവാം...." .
ശങ്കരനും പതിവ് തെറ്റാതെ കൈനീട്ടം വാങ്ങി യാത്രയായ്. വേലത്തി, കരിവാന്‍, പാടത്ത് പണിയുന്ന അടിമയും പതിവ് തെറ്റിക്കാതെ കൈനീട്ടം തലേ ദിവസം തന്നെ വാങ്ങി പോയി.
മുത്തശ്ശന്‍ വീട്ടുകാര്‍ക്ക് മാത്രേ അന്ന്‍ കൈനീട്ടം കൊടുക്കൂ. ബാക്കി എല്ലാര്‍ക്കും തലേന്ന്‍.
അമ്മ അലക്കിയ മുണ്ടും, പൊന്നും, വാല്‍ക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, ഓട്ടുരുളിയും, പൊതിച്ച നാളികേരവും, ശ്രീകൃഷ്ണന്റെ വിഗ്രഹവും ,കണിക്കൊന്ന പൂക്കള്‍ , തമ്പാളത്തില്‍ വെള്ളിപ്പണവും ഒരുക്കി വെച്ചു. കൂടാതെ ചക്ക, മാങ്ങ മുതലായവയും അടുപ്പിച്ചു വച്ചു. മുത്തശ്ശന്‍ കണി ഒരുക്കി തയ്യാറാക്കി. നാളെ നിലവിളക്ക് തെളിയിക്കുക മാത്രം മതി. ആശ്വാസം.
കുട്ടികള്‍ പടക്കം പൊട്ടിക്കാന്‍ തുടങ്ങി .
"ശ്രദ്ധിച്ച് ......അപകടം വരുത്തേണ്ട..." ശകാരവും ഒപ്പം ഉണ്ട്.
"എല്ലാരും നേരെത്തെ കിടന്നൊ, രാവിലെ നേരത്തെ എണീക്കണം"
വിഷുദിനത്തില്‍ വെളുപ്പിനെ നാലു മണിക്കു എഴുന്നേല്‍ക്കും.കണി കാണാന്‍ വേണ്ടിയാണു.... അമ്മമ്മ കണ്ണ് പൊത്തിപ്പിടിച്ചു കൊണ്ടു പോയ് .....കണ്ണു വലിച്ചു തുറന്നു ദീപപ്രഭയില്‍ കുളിച്ചു സുന്ദരനായി നില്‍ക്കുന്ന അമ്പാടിക്കണ്ണനെ കണ്ണു നിറച്ചും കാണും....കണ്‍നന്റെ ചുറ്റും നിരന്നിരിക്കുന്ന സിന്ദൂരച്ചെപ്പും, കോടിമുണ്ടും, കൊന്നപ്പൂവും,കണ്ണാടിയും,സ്വര്‍ണ ലോക്കറ്റും, ചക്ക, മാങ്ങ, കണ്മഷി, വെള്ളിരൂപാ തുടങ്ങിയവയിലേക്കു ഒന്നു കണ്ണോടിക്കും.....
അമ്മമ്മ ഒരു രൂപ നാണയം കൈയില്‍ വെച്ചു തരും അത് തന്നെ വലിയ സന്തോഷാ . പിന്നെ അച്ഛന്‍, അമ്മ, ചെറിയമ്മമാര്‍ എല്ലാവരും തരും. അന്ന്‍ വിരുന്നു വരുന്നവരും . വലിയ സന്തോഷം. കണികണ്ട് വീണ്ടും പടക്കം പൊട്ടിക്കും, പൂത്തിരി കത്തിക്കും, തലേ ദിവസം കൂട്ടിയിട്ട കരിയിലകള്‍ കത്തിച്ചു ചാമ്പലാക്കും. കുളിച് അമ്പലത്തില്‍ പോകും. വന്ന്‍ കളിക്കും.
പിന്നെ പഴമാങ്ങയും വെള്ളരിക്കയും കൂട്ടിയുള്ള മാമ്പഴ പുളിശ്ശേരി കൂട്ടിയുള്ള ഊണ്‍. ആ സ്വാദ് ഇപ്പോഴും നാവില്‍ ഊറി വരുന്നു. കൈനോക്കുന്ന കുറത്തികള്‍ തത്തയെയും കൊണ്ട് വരും അവര്‍ കൈ നോക്കി ഫലം പറയും. അതാണ്‌ ഓർമയിൽ ഇതൊക്കെ പഴങ്കഥയായ് കുട്ടികൾക്ക് ഇന്നും പറഞ്ഞു കൊടുക്കും അവരത് കേട്ടിരിക്കും.

വീണ്ടുമൊരു തിരുവാതിര

വീണ്ടുമൊരു തിരുവാതിര Posted by  jyothi haridas  on December 23, 2015 at 3:30pm Send Message     View Blog വൈകീട്ടു വീട്ടില്...