Thursday 7 April 2016

എഴുതി ത്തീരാത്ത കഥ

എഴുതി തീരാത്ത കഥ


ഹൃദയത്തിന്റെ നിറവിങ്ങലുകളാൽ കണ്‍കോണുകളിൽ കുമിഞ്ഞു കൂടുന്ന ജലധാരകൾ ചോരാതെ സൂക്ഷിച്ച് അധരങ്ങളിൽ പുഞ്ചിരി പേറുന്ന നിമിഷങ്ങളാണ് ജീവിതത്തിലെന്നും.
അകന്നു പോയ കാലൊച്ചകൾ വീണ്ടും, പറയാൻ കഴിയാതെ പോയ ആ വാക്കുകൾ നാവിൻതുമ്പിൽ, മനസ്സിൽ ഒളിപ്പിച്ചു വെച്ച ചെറു പുഞ്ചിരികൾ കെടാവിളക്കായ് അടുത്ത് നിൽക്കുമ്പോഴും ഒരു പാട് അകലെയാണ് ഇന്നലെകൾ.
മുറ്റത്തെ തുളസിത്തറയിൽ വിളക്ക് വെച്ച് നാമം ചൊല്ലാൻ ചമ്രം പടിഞ്ഞിരുന്നപ്പോൾ അറിയാതെ ആ കണ്ണുനീർ  ചാലുകൾ ഈറനണിയാൻ തുടങ്ങി. ചിതയ്ക്കരികിലെന്ന പോലെ ആ ദീപനാളങ്ങളുടെ ചൂട് അസഹനീയമായി തോന്നി. വിളക്കണച്ച് മാറ്റി വെച്ചു.
പുസ്തകത്താളുകളിൽ കണ്ണ് ഓടിച്ച് പോകുന്നതല്ലാതെ വായിക്കുന്നതൊന്നും  മനസിലാകുന്നില്ല. അറിയാത്ത ഏതോ ഭാഷ വായിക്കുന്ന മട്ട് . വായന എനിക്ക് എന്നും ഹരമാണ് മനസിന്റെ വ്യാകുലതകളെ കഴുകി കളയുന്ന ഗംഗജലമായി വരികൾ പലപ്പോഴും മാറുകയും ചെയ്യാറുണ്ട്. മനസ് അത്രയേറെ വ്യകുലപ്പെട്ടിരിക്കുന്നു.
ആത്മാക്കളുടെ കണ്ണുനീരായ് ഞാൻ കാണുന്ന മഴത്തുള്ളികളുടെ തൂവൽസ്പർശം സ്വാന്തനമാണോ? 
കടലിന്റെ ആർദ്രതയോടെ മനസ് ഇരമ്പുന്നുണ്ട്. എന്തെങ്കിലുമൊക്കെ എഴുതി തീർക്കാനായ്  ഉറപ്പിച്ചു.
 തിരമാലകൾ കരയിൽ  തീർക്കുന്ന ചിത്രം കണക്ക് തൂലിക വെള്ളകടലാസിൽ വർണ്ണ ചിത്രം വരയ്ക്കാൻ തുടങ്ങി. ശരീരത്തോടൊപ്പം തളരാത്ത മനസ്സിന്റെ ആവേശം അക്ഷരങ്ങളെ കരുത്തുറ്റതാക്കി.
അഗാതമായ ....അല്ല ..... അനന്തമായ ആകാശനീലിമയിലേക്ക് കണ്ണുംനട്ട്, അസ്വസ്ഥമായ മനസിന്റെ വേവലാതികളുമായി തെളിഞ്ഞ ആകാശത്തിൽ മിന്നിത്തിളങ്ങി നിൽക്കുന്ന  നക്ഷത്രങ്ങളോടവൾ  കിണു ങ്ങാൻ തുടങ്ങി. വൃത്താകാരം പൂണ്ട ചന്ദ്രബിംബത്തിനു നടുവിൽ  നോക്കി നില്ക്കവേ മനോമണ്ഡലത്തിൽ തെളിഞ്ഞു വീണ്ടും ആ രൂപം. ആരാണയാൾ ....
തൂലിക താളിൽ വെച്ച് കട്ടിലിൽ കിടന്നു.
കണ്ണടച്ച് കിടന്നിട്ടും തീവ്രമായ കണ്ണുകളും, നീട്ടി വളർത്തിയ മുടിയും, മുഷിഞ്ഞ വസ്ത്രവും മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത വൈകീട്ട് കണ്ട ആ ഭ്രാന്തൻ  രൂപം . എപ്പോഴോ കണ്ണുകൾ  അടഞ്ഞു.
നേരം പുലർന്നു .
അതാ ആ ആൽത്തറ ചുവട്ടിൽ  വളഞ്ഞു കിടക്കുന്നു . അയാൾ ഇവിടെ തന്നെ ആണോ കിടന്നത്. ഉടുത്ത വസ്ത്രമല്ലാതെ മറ്റൊന്നും അയാളുടെ കൈയിൽ  ഇല്ല. വല്ലതും കഴിച്ചോ? ഉറങ്ങിയോ? കാണുന്ന ആരും അയാളെ ശ്രദ്ധിക്കുന്നേ ഇല്ല. ആരുടെയൊക്കെയോ ദയ അയാൾ  ആഗ്രഹിക്കുന്നെന്ന് മനസ്സ്  പറയുന്നു. ആരെങ്കിലും ചെറുതായ് ഒന്ന് കഴുത്ത് പിടിച്ചാൽ ആ നിശ്വാസവായുവിൽ തീർന്നേക്കാവുന്ന പ്രാണൻ.  വികൃതരൂപം കാണുമ്പോൾ നോക്കാൻ അറപ്പ്  തോന്നുന്നു.
ആരെ തിരക്കിയാണ് വന്നത്. അങ്ങനെ ചോദ്യങ്ങളെല്ലാം സ്വയം ചോദിക്കേം എന്നിൽ തന്നെ അവശേഷിപ്പിക്കേം ചെയ്തു.
അവർക്ക്  അടുക്കലെക്കെത്താൻ ഏതാനും കാലടികൾ മാത്രം ആ മുഖത്തേക്ക് നോക്കണോ?
അയാൾ എണീറ്റിരുന്നു.
തലമുടിയിലും, താടിരോമങ്ങളിലും ശരീരത്തിലും പറ്റിപിടിച്ചിരിക്കുന്ന മണൽത്തരികൾ, മണ്ണിൻ  നിറമുള്ള വേഷം. വികൃതമായ ആ മുഖത്തേക്ക് നോക്കാൻ പേടി തോന്നി.
വിറയാർന്ന പാദങ്ങൾ മണൽ  തരികളിൽ പൂഴ്ന്നു പോകുന്ന പോലെ, കാലുകൾ  എടുത്തു മാറ്റാൻ കഴിയാത്ത വിധം തളർന്നിരിക്കുന്നു .
നേരിയ ഞെരുക്കത്തോടെ അയാൾ വിളിച്ചു. ദേവി.........
പ്രാർത്ഥനയിൽ ആണോയെന്ന് ഒരു നിമിഷം ശങ്കിച്ചു 


ദേവി .. എന്ന വിളിക്ക് ചെവി കൊടുക്കാതെ ഒരടി കൂടി മുന്നോട്ടു വെച്ചു .
നേരിയ ഒരു ഞെരക്കം ...അയാൾ  വീണ്ടും വിളിച്ചു ദേവി....
ആരാകാം ദേവി.. 
നേര്യതുടുത്ത എന്നെ നോക്കി വിളിച്ചത് വളരെ വാത്സല്യത്തോടെ തന്നെ ആയിരുന്നു.
തിരിഞ്ഞു നോക്കി
ആ കണ്ണുകളിൽ പ്രതീക്ഷയുടെ കനലാളുന്നത്  ഞാൻ കണ്ടു.
തിരിച്ചൊന്നും ചോദിക്കുവാൻ ആകാത്ത വിധം നാക്ക് ചലനമറ്റതായ് തോന്നി.
ആ വിഭ്രാന്തിയിൽ നിന്നും  ഉയർത്തെഴുനേറ്റിട്ടെന്നോണം ചോദിച്ചു ആരാ...
നിസ്സാഹതയോടെ ഒരു നോട്ടം മാത്രം.
വാത്സല്യമായിരുന്നു കണ്ണുകളിൽ , ദയനീയതയായിരുന്നു മുഖത്ത്
വീട്ടിലേക്കോടി ഒരു കാവിമുണ്ടും  തോർത്തും എടുത്ത് അയാൾക്കരികിലേക്ക് നടന്നു.
ഒരു കൈതങ്ങാൽ അയാളെ പിടിച്ചെഴുനേൽപ്പിച്ചു.
അമ്പലകുളത്തിലെ പടവുകളിൽ മെല്ലെ പിടിച്ചു കൊണ്ട് ഇറക്കി
എന്താണ് അയാളുടെ മനോനിലയെന്നോ, എന്ത് ചെയ്യുമെന്നോ അറിയില്ല.
ഉത്കണ്ഠ പരിഭ്രമമായ് മാറിയെങ്കിലും ഞാനാ കല്പടവുകളിൽ കാവലിരുന്നു. കുളിക്കാനെത്തുന്നവർ അയാളെ രൂക്ഷമായ് നോക്കുന്നുണ്ടായിരുന്നു. ചിലര് അകന്നു മാറുന്നു, വേറെ ചിലർ  കുശുകുശുക്കുന്നു.
എനിക്ക് എന്തിനാണ് അയാളോട് അനുകമ്പ തോന്നിയത്. മുടിയും താടിയുമൊക്കെ വെട്ടി വൃത്തിയാക്കി മറ്റുള്ളവർക്ക്  ആശ്രീകരത്വം തോന്നാത്ത ഒരു മനുഷ്യ കോലമാക്കണം.
ഈറൻ മാറി തോർത്ത്  തോളിലിട്ട്‌ പടവുകൾ കയറി വരുന്നത് കണ്ടപ്പോൾ പാവം തോന്നി. ആ എല്ലിച്ച ശരീരവും ഉന്തിയ എല്ലുകളും, കുഴിഞ്ഞ കണ്ണിനും ഉയർന്ന  നെറ്റിക്കുമിടയിൽ  കട്ടിയുള്ള വിടവില്ലാത്ത പുരികം ആലവട്ടത്തിലെ മയിൽ‌പീലി പോലെ മനോഹരം.
ബന്ധുക്കളെ പോലും സ്നേഹിക്കാനോ ലാളിക്കാനോ അറിയാത്ത ഞാൻ എങ്ങനെ ഇയാളെ പരിപാലിക്കും. ഇട്ടേച്ചു പോകാനും മനസ് അനുവദിക്കുന്നില്ല. വീട്ടിലേക്കു കൂട്ടി കൊണ്ട് പോകാൻ തന്നെ തീരുമാനിച്ചു.
വീട്ടിലുള്ളവരെ പറഞ്ഞു മനസിലാക്കിക്കാം നാട്ടുകാർ .....
ആ വിളിയല്ലാതെ മറ്റൊന്നും സംസാരിച്ചില്ല. അടവാണോ എല്ലാം...
എനിക്ക് തന്നെ വ്യക്തമല്ലാത്ത കുറെ ചോദ്യങ്ങൾ  ഞാൻ എന്നോട് തന്നെ ചോദിച്ചുകൊണ്ട് നടന്നു നീങ്ങുമ്പോൾ അവൻ എന്റെ ചുവടുകളെ പിന്തുടരുന്നുണ്ടായിരുന്നു. ആരുടെയെല്ലാം നാവുകൾ ചലിക്കുന്നെന്നൊ , ആരെല്ലാം തന്നെ ശ്രദ്ധിക്കുന്നുവെന്നോ ഏതെങ്കിലും പതംപറച്ചിലിനൊ കാതോർത്താൽ എന്റെ ഇപ്പോഴത്തെ മനസ്‌ മാറിയേക്കാം. ചിന്തകൾ  കൂട്ടായ പടിപ്പുര വാതിലിൽ എത്തിയത് അറിഞ്ഞില്ല. 
അവനെയും കൊണ്ട് പടിപ്പുര വാതിൽ  കയറിയപ്പോൾ പത്രതാളുകളിൽ  കണ്ണ് നട്ടിരുന്ന അച്ഛൻ കോലായിൽ നിന്ന് എണീറ്റു .
ഞാൻ അവനിങ്ങട് കൂട്ടി..അവിടെ വിട്ടിട്ട്  പോരാൻ എനിക്കായില്ലച്ഛാ
 ഇനീപ്പയാളെ എന്ത് ചെയ്യാനാന്റെ ഉദ്യേശം
ഒന്നും എനിക്കറീല്ല ... എന്നോടൊന്നും ചോദിക്കേണ്ട ...സങ്കടോം ദേഷ്യോം ഉള്ളിലൊതുക്കി അവൾ വിളിച്ചു പറഞ്ഞു.
അച്ഛൻ ചായ കുടിച്ചോ
ഇല്ല,  നീ ഇശ്ശി വൈകിയപ്പോ എന്താന്ന് നീരിച്ചിരുന്നു.
ഇന്നലെ ഉറക്കോം ഉണ്ടായില്ല്യ. ഉണ്ണിയായിരുന്നു മനസു നിറയെ. 
അവൻ എവിട്യ? ഒന്ന് വന്നൂടെ അവനു, വിളിച്ചൂടെ, അവൻ പോയ ആന്നു കിടക്കണതല്ലേ  അവന്റമ്മ ഭ്രാന്തനായാണോ, പരിഷ്കാരിയായാണോ നടപ്പെന്നു ആർക്കറിയാം.
പത്രം നിവർത്തി ഇരുന്നൂന്നെ ഉള്ളൂ വായിക്കാനോന്നും ആയില്ല.
ഉരുണ്ടു വീഴുമെന്നു തോന്നിയ കണ്ണീർ  തുടച്ചു പത്രം തുറന്നു.
ഇനിയീ പെണ്ണതു കണ്ടാൽ അത് മതി. 
നാളെ അമ്മക്ക് വൈദ്യരെ കൊണ്ട് വരണം മറക്കേണ്ട എന്ന് അച്ഛനോട് താക്കീത്.
(എന്റെ അനിയനാണ് ഉണ്ണി. സിവിൽ സർവീസിനു പഠിക്കുന്നതിനിടെ ഒരു ബുദ്ധിഭ്രമം ...കുറെ കാലം ഗുളികയും മരുന്നുമായ്  നോക്കി. ഉപദ്രവമായപ്പോ ബന്ധുക്കളുടെയും, നാട്ടുകാരുടേം നിർബന്ധം മനോരോഗാശുപത്രിയിലേക്ക് മാറ്റി. കുറച്ചു ദിവസം മാത്രം തങ്ങിയ അവനെ അവിടെ പിന്നെ ആരും കണ്ടിട്ടില്ല. ഇറങ്ങി ഓടി എന്നവർ പറയുന്നു. സത്യം അറിയില്ല. ...വരും...വരാതിരിക്കില്ല )
 
എനിക്കും ഉണ്ണ്യേ തന്ന്യാ ഓർമ്മ വന്നതച്ചാ...
ഇടനാഴിയിലൂടെ കടന്നു പോകുമ്പോൾ അവൾ "അമ്മേ' യെന്നു  വിളിച്ചു. ഉണർന്നില്ലേ
അകായിയിൽ നിന്ന് തന്നെ ഒന്ന് നോക്കേം ചെയ്തു.
എന്തോ ഒരു സുഖോല്ല്യ കുട്ട്യേ..
നീ ഇത്രനേരം എവിട്യാരുന്നു ...നിന്നെ തിരക്കീർന്നു
ഞാനാ ആൽത്തറയിലെ മനുഷ്യനെ ഇങ്ങട് കൂട്ടി.
അമ്മക്ക് ചായ ആയോ ...
ഇല്ല ലേശം കഴിയട്ടെ.
ഞാൻ അയാൾക്ക് ചായ കൊടുത്തോട്ടെ.
എവിട്യെ ഇപ്പൊ അയാള്
പടിപ്പുരയിൽ ഇരുത്തീട്ടുണ്ട് . അതിന്റെ ചെയ്പ്പ് തുറന്നു കൊടുക്കാം.
ചായ കൊടുത്തിട്ട് വരാം ട്ടോ.
കുട്ടീ ... സൂക്ഷിച്ച് വേണംട്ടോ . എത്തരക്കാനാ.. ഊരും, പേരും, സ്വഭാവോം ഒന്നും നിശ്ശല്ല്യ ...
ഈ കിടക്കൊന്നു വിട്ട് എഴുനെൽക്കാനായെങ്കിൽ ......ശിവനെ ന്റെ കുട്ട്യോളെ  കാത്ത് കൊള്ളണേ ...
ലോട്ടയിലെ ചായ ചൂടാറ്റി  കൊണ്ട് അവന്റെ അടുക്കലേക്കു ചെന്നു .
ആൾ കൂട്ടത്തിൽ  നിന്നും വഴിതെറ്റിയ ഒരൊന്നര വയസ്സ് കാരനെ പോലെ ആ മുഖത്ത് പരിഭ്രമം. എന്താണ് ഭാവമെന്നറിയാതെ അവനടുക്കലേക്ക് നീങ്ങി.
അച്ഛനെ വിളിച്ച് ബാർബറെ വരുത്തിച്ചു.. 
ബാർബർ  ക്ഷൗരവും, കുശലവും തുടർന്നു .
 ഉണ്ണിയുടെ വിശേഷങ്ങളും  തിരക്കി.
അവനെ കുറിച്ച് ഒരു വിവരോം ഇല്ല. നന്നോ, കെട്ടോ  ഒന്നും...പലരുടെയും വാക്ക്  കേട്ട് ആക്കിതാ ആ കൂട്ടിലവനെ...  എന്നിട്ടാ കൂട്ടിൽ  വാണോ  ഇല്ല. മനോരോഗത്തിന്റെ തീക്ഷണ അറിയിക്കാതെ അവളവനെ നോക്കായിരുന്നു. വിധി......കണ്ണീർ തുടച്ച്....
അച്ഛനമ്മ മാരുടെ ചിന്ത ഒരു വേള പിറകോട്ടു പോയെന്നു മനസിലാക്കിയവൾ ഉച്ചത്തിൽ പറഞ്ഞു
ഇങ്ങനെ ആവാച്ചാൽ എല്ലാം ഇട്ടു ഞാനും പോകും എവിടെയെങ്കിലും ഉള്ളിലെ ദുഃഖം മറച്ചു പിടിച്ചുള്ള ആ ശകാരത്തിനു കരച്ചിന്റെ ഈണമായിരുന്നു.
അവൻ പോയ അന്ന് തളർന്നു  വീണതാണ് അമ്മ. പിന്നെ എണീറ്റിട്ടില്ല.
അച്ഛനും അമ്മയ്ക്കും  മച്ചിലേക്ക് ചായയും പലഹാരവും വെച്ച് കൊടുത്തു. 
തിരിഞ്ഞതും എന്റെ നിറം കണ്ടാവാം തൊഴുത്തിൽ നിന്ന്  മണിക്കുട്ടി തുടങ്ങി ബ്ബേ....ബേ .... വിളി.
ഓ.....മണി എട്ടായി അല്ലെ. എല്ലാരും ഇങ്ങനെ തൊടങ്ങ്യാ എങ്ങനാ...
എല്ലാവർക്കും  ഓരോരോ ശീലങ്ങളാ ... ശീലിപ്പിച്ചതാ .....
5 മണിക്ക് പാല് കറന്നു കുളിയും അമ്പലത്തിൽ പോകും കഴിഞു വന്നാൽ  അവൾക്കടുത്ത് ചെല്ലണം. കുറി തൊടണം. കുറെ നേരം സംസാരിക്കണം. ദേഷ്യോം  സങ്കടോം തീർക്കും അവനിൽ ചിലപ്പോൾ നല്ല അടിയും കിട്ടും.
ഓപ്പോൾ എന്ന് കേൾക്കുന്നതാ  അവനിഷ്ടംന്നു തോന്നിട്ടുണ്ട് പലപ്പോഴും... ഉണ്ണി വിളിയാണ് ഓപ്പോൾ.....
പതിനെട്ടിലും  എട്ട് വയസ്സുകാരന്റെ നിഷ്കളങ്കതയായിരുന്നു എന്റെ ഉണ്ണിക്ക്........ചിലപ്പോൾ മണിക്കുട്ടിയുടെ  വെള്ളപാണ്ടുള്ള മുഖത്തേക്ക് കുറെ നോക്കിയിരിക്കുമ്പോൾ ഉണ്ണിയുടെ കുട്ടി കുറുമ്പുകൾ അവന്  ഉണ്ടെന്നു തോന്നും. അവന്റെ മണികിലുക്കവും ....കൊമ്പ് കുലുക്കി ഓട്ടവും അവന്റെ കുട്ടിക്കാലം പോലെയെന്ന് അച്ഛൻ ഇറയത്തിരുന്നു പറയും........
തൊഴുത്തിലെത്തി മണികുട്ടിയുടെ നെറ്റിയിൽ  ചന്ദനം തൊടുവുക്കുന്നതിടയിൽ കുശലവും, വൈകിയതിന്റെ പരിഭവവും കഥയും അവൾ പറഞ്ഞു കൊണ്ടിരുന്നു.
എല്ലാം മനസ്സിലായ പോലെ തലയാട്ടി.
തിരികെ പടിപ്പുരയിലെത്തി അയാൾ  നല്ല മയക്കത്തിലാണ്.
അവനെ നോക്കി നിൽകുമ്പോൾ പാതി മയക്കത്തിലെ കൂർക്കം  വലിക്കും ഒരു താളമുണ്ടെന്ന്  തോന്നി. മുടിയൊക്കെ വെട്ടി കുളിച്ചു കഴിഞ്ഞപ്പോൾ നല്ലൊരു സുഖം തോന്നുന്നുണ്ടാകും. വാത്സല്യത്തോടെ  തലമുടിയിഴകളിലൂടെ മെല്ലെ തലോടി. അവൾ മനസ്സിൽ പേര് വിളിച്ചു. "അപ്പു". എന്റുണ്ണി അത്രേ കരുതുന്നുള്ളൂ.
ഉണ്ണിയെ മറക്കാൻ അവർക്കാവില്ലെങ്കിലും ഓർക്കാതിരിക്കാൻ അവൾ മനസിനെ പല വഴിക്ക് തിരിച്ചു വിട്ടിരുന്നു. എന്റുണ്ണി കളക്ടർ ആകണമെന്നൊന്നും ഞങ്ങൾക്കില്ലായിരുന്നു .  ഒരു സർക്കാരുദ്യോഗമെങ്കിലും നേടണം എന്ന് അച്ഛൻ എപ്പോഴും ഉപദേശിക്കും. പഠിക്കുമ്പോൾ അത്യാവശ്യം കുസൃതിത്തരങ്ങൾക്കും കുറവില്ല.പഠനത്തിൽ കേമൻ ആണ്. ഡിഗ്രി കഴിഞ്ഞു കോച്ചിംഗ് പോലും ഇല്ലാതെയാണ് ഐ.എ .എസ്സിനു  സീറ്റ് ലഭിച്ചത്. അനുമോദനവും,ആശംസകളും കുമിഞ്ഞുകൂടുമ്പോഴും അവനിൽ വിഷാദത്തിന്റെ നേരിയ നിഴൽ  എനിക്ക് കാണാനാകുമായിരുന്നു. അവനു എന്നും ഇഷ്ടം ഒരു നല്ല അദ്ധ്യാപകൻ ആകണം എന്നതാണ്. കുട്ടികളെ സ്നേഹിക്കുകയും, ശാസിക്കുകയും, ശിക്ഷിക്കുകയും ചെയ്യുന്ന അവരിലെ സ്നേഹം ഉണർത്തിയെടുക്കാവുന്ന നാളെയുടെ അഭിമാനമാകുന്ന അദ്ധ്യാപകൻ. ആ നാടും പരിസരവും ഒന്നടങ്കം ആരാധിക്കുന്ന ബഹുമാനിക്കുന്ന വടക്കേ വീട്ടിലെ അപ്പു മാഷ്‌ അവന്റെ മനസ്സിലെ ആരാധ്യനായിരുന്നു.
എന്താടാ നിനക്ക് പറ്റിയത് എന്ന് പലയാവർത്തി ചോദിച്ചു.
വീട് വിട്ട് നിൽക്കേണ്ടി വരില്ലേ ഓപ്പോളേ ..
അപ്പൊന്നാ നീ ബി.എഡിന് പോയി നല്ലൊരു മാഷായി കൊള്ളൂ. നിന്റെ ഇഷ്ടത്തിനു ഇവിടെപ്പോ ആരാ എതിരു  നിൽക്കുന്നെ. അല്ല  ഐ.എ .എസ്സിനു പല ഓപ്ഷനുകൾ ഉണ്ടല്ലോ ഏതു രംഗവും നിനക്ക് തെരഞ്ഞെടുക്കാലോ അപ്പോഴും ആവ്വാലോ ജനസേവനം.നല്ല റാങ്ക് അല്ലെ പിന്നെന്താ...
ഇത് തന്നെയാ വടക്കേലെ അപ്പുമാഷും പറയുന്നേ... (ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്റെയും, വടക്കേലെ അപ്പു മാഷിന്റെയും വാക്കാണ് അവനു സത്യം) ഞാൻ പോണോ ഓപ്പോളേ ....ഓപ്പോള് പറയ്യോ ..
ശ്രീകുട്ട്യെ ......ശ്രീക്കുട്ട്യേ .... ശ്രീക്കുട്ട്യേ
ചിന്തയിൽ നിന്നും ഉണർത്തിയ ആ വിളി അമ്മിണി ഏട്ത്തിയുടെതാണല്ലോ
അമ്മിണി ഏടത്തി........ കാണാറില്ലല്ലോ. അവനെ ഒന്നുകൂടി മൂടി പുതപ്പിച്ചു കിടത്തി.
വയ്യായ്ക എന്തെങ്കിലും ഉണ്ടായിരുന്നോ അമ്മണി വല്ല്യമ്മേ ? അമ്പലത്തിലും കണ്ടിരുന്നില്ല.
ഇല്ല. അനിയത്തിയുടെ മകൻ മരിച്ചു. കുറച്ചു ദിവസം അവിടെ ആയിരുന്നു.
എന്താ പറ്റിയത് ആ കുട്ടിയ്ക്ക് ...
ആരാ അമ്മ്വോ പുറത്ത് .........
അമ്മണി വല്ല്യമ്മ്യാ അമ്മേ 
അല്ല കുട്ട്യേ കുറച്ചു മോര് വേണമായിരുന്നു. അമ്മയ്ക്ക്  അലോഗ്യൊന്നും ഇല്ലല്ലോ?
ഇല്ല. മോര് കലക്കീട്ടൊന്നും  ഇല്ല. അത്യാവശ്യാച്ചാ വല്യമ്മ എടുത്തോളൂ . ഞാനാ പശൂനെ മാറ്റി കെട്ടട്ടെ. എന്താ വിശേഷിച്ച്
വേണീം കുട്ട്യോളും വരാന്നു വിളിച്ചിരിക്കുന്നു . അപ്പൊ കൂട്ടാൻ വെപ്പോക്കെ അവര് വന്നു മത്സ്യോ എന്തെങ്കിലും വാങ്ങിക്കോട്ടെ. ഉച്ചയ്ക്ക് എനിക്കിപ്പോ മോരായാലും മതി. അവർക്കച്ചാ അതില്ലണ്ടേ വയ്യേനും.
എന്നാ വല്യമ്മ അതിന്നു കൂട്ടാൻ ലേശം എടുത്തോളൂ.
വേണ്ട നിനക്ക് ബുദ്ധിമുട്ടാ .....
വല്ല്യമ്മ ഒരാൾക്കിപ്പോ എത്ര വേണം. മോരും കൂട്ടാനും വല്ല്യമ്മന്നെ എടുത്തോളൂ.
(എത്ര തിരക്കിനിടയിലും, ദുഖത്തിനിടയിലും മറ്റുള്ളവരെ അവൾ മുഷിപ്പിക്കാറില്ല. ലോഗ്യം )
മാളോ .....മാളോ 
ആ .....വരോ...അമ്മണ്യെട്ത്തി സുകുവിനെന്താ ഉണ്ടായേ. കൊച്ചിലെ കണ്ടോരോർമ്മേ ഉള്ളൂ. ഇവിടുത്തെ ഉണ്ണിടൊപ്പാ .25
വണ്ടി കിട്ട്യാ ഇപ്പോഴത്തെ കുട്ട്യോൾക്ക് പിന്നെ അഹങ്കാരല്ലേ . അവന്റെ വണ്ടിയിൽ ഒരു ടാങ്കർ ഇടിച്ചതാ. തല തെറിച്ച സന്താനം തന്ന്യാ. പിറന്നിട്ട് വായിൽ മണ്ണിടും .വരെയും. ഒരു സ്വൈര്യോം  അവൾക്കുണ്ടാർന്നോ. പെണ്ണ് കെട്ട്യാ നേര്യാവുന്നു നിരീച്ചു ഒരു പെങ്കുട്ടീടെം ജന്മം പാഴാക്കീന്നല്ലാതെ എന്താപ്പോ ഇതിനൊക്കെ പറയാ. ആ കുട്ടിക്ക് വൈധവ്യം ഭവിച്ചെങ്കിലും ഇത് ഭാഗ്യംന്നെ പറയാനൊക്കൂ ന്റെ കുട്ട്യേ. പെണ്‍കുട്ട്യോളെ ഓർത്ത് വിഷമിക്കേണ്ടാന്നു എല്ലാരും തരകേടില്ല.
എല്ലാരും എത്തീല്ല്യെ.
ഇശ്ശി  എല്ലാരും എത്തി.
ഓരോരുത്തർക്കും  ഓരോ തലേലെഴുത്തുണ്ടാവും എട്ത്ത്യെ. ന്നെപ്പോ ഇങ്ങനെ കിടത്തീല്ലാർന്നെങ്കിൽ എന്റെ കുട്ടി ഒറ്റക്കിങ്ങനെ കഷ്ടപ്പെടാർന്നോ . എല്ലാം യോഗംന്നല്ലാതെ എന്താ പറയാ...
മാധവനെ ഉമ്മറത്ത്  കണ്ടില്ല്യാലോ ...എവിടെ.
അതൊന്നും പറയേണ്ട എട്ത്യെ. ഇന്ന് രാവിലെ അമ്പലപറമ്പിൽ ഒരാൾ. ഇന്നലേം കണ്ടു അവൾ. ഇവിടെ പറഞ്ഞ്  ഇവിടെ ഉണ്ണിടെ  കാര്യോർത്ത് എല്ലാരും വിഷമിക്കേം  ചെയ്തു. ഇന്ന് രാവിലേം അവിടെ കണ്ടപ്പോൾ ആ കിടപ്പവൾക്ക്  സഹിക്കാനായില്ല അവൾ ഇങ്ങോട്ട് കൂട്ടി. അയാളെ കുളിപ്പിച്ച് ഷേവോക്കെ  ചെയ്യിച്ച് അവിടെ കിടത്തീട്ടുണ്ട് . ഉണ്ണ്യേ കുറച്ചു കാലം നമ്പി നോക്കെണ്ട്യായല്ലോ ഈ കുട്ടീന്നീം നോക്കിക്കാം ന്നാ അച്ഛന്റേം മകളടെം തീരുമാനം കൊണ്ട് വരാൻ പോയിരിക്കാ. ഇന്ന് എന്നേം നോക്കേണ്ട ദിവസം ആയിരിക്കുന്നു വൈദ്യരെയ് .....അപ്പൊ പോയി കാണും.
അയ്യോ അതൊന്നും വേണ്ടാർന്നു. ഇപ്പോഴത്തെ കാലല്ലേ ആൾക്കാരോന്നും വിശ്വസിക്കാൻ പറ്റില്ല.
ഉണ്ണിപ്പോ എവിട്യാ ആരാ നോക്കാ, കഴിക്കോ കഴിച്ചോ  എന്താന്നോനും നമുക്ക് അറീല്ല്യല്ലോ അത് പോലെന്നല്ലേ ഇവനുംന്നാ ശ്രീകുട്ടി പറയുന്നേ.
ന്നാലും..ആലോചിച്ച് വാക്കുകൾ  മുഴുവിക്കും മുമ്പേ ശ്രീകുട്ടി കയറി വന്നു.
ഒരു എന്നാലും ഇല്ല. കഴിഞ്ഞ ദിവസം കവലയിലേക്കു പോകുന്ന വഴി  മനോനില ഒരു സ്ത്രീക്ക് നേരെ ഹോട്ടലുകാരൻ തിളച്ച വെള്ളം ഒഴിക്കുന്നത് ഞാൻ കണ്ടതാ...കണ്ടു നിൽക്കാനല്ലാതെ ഒന്നിനും ആയില്ല. ചിലർ  ചിരിച്ചു ആഘോഷിക്കുണ്ടായിരുന്നു. ചിലര് ആവേശം പകരുന്നു. പക്ഷെ ഞാനെന്റെ ഉണ്ണിയെ കണ്ടത് അവരിൽ . ആരാ അവനു നേരെ കല്ലെറിയാ, ആരാ തിളപ്പിച്ച വെള്ളം ഒഴിക്കാ അറിയോ എന്തെങ്കിലും കാണുന്നതും കാണാത്തതും ഒക്കെ ആരെങ്കിലും അവനു ആശ്രയമുണ്ടോ അവർക്ക്  നേരെ ഒരു ചെരുവിരലനക്കാനോ, നാവൊന്നു ചലിപ്പിക്കാനോ അന്ന് ശക്തി ഉണ്ടായില്ല. എന്നെനിക്കു ദേവി ഒരു ശക്തി തന്നിട്ടുണ്ട് യുക്തിയാണോ എന്നെറിയില്ല വല്യമ്മേ.
അമ്മേ ഞാൻ തൊഴുത്ത് കഴുകി തുണിയൊക്കെ തിരുമ്പിയെ വരൂട്ടൊ. അമ്മയ്ക്ക് ഇപ്പൊ എന്തെങ്കിലും വേണോ?
വേണ്ട അമ്മൊ  ഇപ്പൊ ഒന്നും. ആ കുട്ടി എണീറ്റോ
ഇല്ല നല്ല ഉറക്കം. വല്യമ്മ ഊണ് കഴിച്ചിട്ട് പോയാൽ  മതിട്ടൊ .
ഒരു മിനിറ്റ്  ഇരിക്കാൻ നേരം ഇല്ല അവൾക്ക്. കൊയ്ത്ത് കഴിഞ്ഞപ്പോൾ ശിവനും വീട്ടു പോയി. അതൊരു നല്ല കൈസഹായാർന്നു . രണ്ടുദിവസത്തിനുള്ളിൽ വരും.
തുണികൾ  നനച്ചു വെച്ച് തൊഴുത്ത് കഴുകുവാൻ വെള്ളം തുറന്നു. പക്ഷെ ചിന്തകൾ  ഒരു പാട് പിറകോട്ടു പോയ്‌
ബാല്യം ഒരു പാട് പേർ ചുറ്റും നിന്ന് സ്നേഹിച്ചു. പിന്നീടുള്ള ദിനങ്ങൾ പ്രത്യാശകളോ, പ്രതീക്ഷകളോ ഇല്ലാത്ത നാളുകൾ. സ്നേഹം ഒരു തരം  കൈയ്യടക്കൽ ആണോ കൈയൊഴിയൽ ആണോ എന്ന് തിരിച്ചറിയാതെ പോയ വിവാഹജീവിതം. ജീവിതത്തെ സംബന്ധിച്ച് മരണം ഒരു നഷ്ടമല്ല, ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കേണ്ട മനസുകളിൽ നിന്നുണ്ടാകുന്ന അവഗണന അത് വധശിക്ഷക്കു വിധിച്ച് തൂക്കുകയറിൽ  കിടക്കുന്നതിനു സമമല്ലേ. ഓപ്പോളേ കാണാൻ വരുമ്പോൾ ഉണ്ണിയുടെ കൈയിൽ  എന്നും ഒരു കപ്പലണ്ടി പൊതി കാണും. മുഖത്തും, വാക്കുകൾക്കും കണ്ണുനീരിന്റെ പാടുണ്ടോ എന്ന് അവൻ തൊട്ടുനോക്കും. ഉമ്മവെക്കുന്നത് കണ്ണുനീരിന്റെ ഉപ്പുണ്ടോന്നു നോക്കാനാന്നു പറഞ്ഞെന്നെ ചിരിപ്പിക്കും. വിഷമവും സങ്കടവും ഉള്ളിലൊതുക്കുമ്പൊഴും ഒരിക്കൽ  മനസ്സ് കൈവിട്ടു പോയിരുന്നു .  കാലന്റെ കയറിൻ തുമ്പിൽ കയറി സ്ഥാനം പിടിക്കാൻ നോക്കിയപ്പോൾ അവിടെയും മത്സരം.പരാജയപ്പെട്ടു  . അവൻ പിന്നെ ആ വീട്ടിലേക്കു വിട്ടിട്ടില്ല. ചിന്തകൾ കാട് കയറി പരിസരബോധം നഷ്ടപെട്ടപ്പോൾ തൊഴുത്തിലെ നിൽപ്പ് സമുദ്രത്തിലെന്ന പോലെയായി.പൈപ്പ് അടച്ചിരുന്നില്ല.
വലിയ ഒരു അലറൽ കേട്ടു.
ആക്രോശവും.....പണ്ട് നാറാണത്ത് ഭ്രാന്തന്റെ കഥ വായിക്കുമ്പോൾ മനസ്സിൽ കാതിൽ തങ്ങി നിൽക്കുന്ന ആ ഓളി ......
പടിപ്പുരയിൽ നിന്നാണല്ലോ. ഇതുവരെയില്ലാത്ത പേടി...............
ഭഗവാനെ കാത്തു രക്ഷിക്കണേ.......
എടുത്തു കുത്തിയിരുന്ന പാവടമടിക്കുത്തഴിച്ചു അവൾ പടിപ്പുരയിലേക്ക്‌ പാഞ്ഞു....
എത്ര വേഗത്തിലോടിയിട്ടും പടിപ്പുരയിലെത്താത്തതു  പോലെ കണ്ണുകൾക്ക് മങ്ങൽ  സംഭവിച്ചിരിക്കുന്നു. ഒന്നും വ്യക്തതയോടെ കാണാനും കഴിയുന്നില്ല.
ബാലേട്ടനെ കഴുത്തിൽ പിടിച്ചു കൊണ്ട് എന്തോ നേടിയ ആവേശത്തോടെ അലറുകയാണ്. നീട്ടി വളർത്തിയ മുടി ഞാറ്റുപ്പിടി പിടിക്കും പോലെ പിടിച്ചിട്ടുണ്ട്.മറുക്കൈ കഴുത്തിലും.
ബാലേട്ടൻ പിടിവിടുവിക്കാൻ ശ്രമിക്കുന്നെങ്കിലും കഴിയുന്നില്ല.
അപ്പൂ ....വിട്......അപ്പൂ ......ബാലേട്ടനെ വിട്
കണ്ണുകൾ  ചുവന്നിരിക്കുന്നു..മുഖം വല്ലാതെ മാറിയിട്ടുണ്ട്. പേടി തോന്നുന്നു.
അപ്പുവിന്റെ ചുമലിൽ കൈവെച്ചുകൊണ്ട് സ്നേഹത്തോടെ വീണ്ടും പറഞ്ഞു നോക്കി
ഓപ്പോളുടെ അപ്പുവല്ലേ....ബാലേട്ടൻ അപ്പുവിനെ നാളെ കാവിൽ കൂത്ത് കാണാൻ കൊണ്ടുപോകും. വിട് അപ്പോ..
സാവധാനം കൈകൾ  അഴഞ്ഞു. കിതപ്പോടെ അവൻ താഴെയിരുന്നു.
ഇവനാ എന്റെ ബാഗ് എടുത്തത്. എന്റെ ബാഗ് എവിടെ? വീണ്ടും തല ചൊറിഞ്ഞു ബാഗ്‌ തപ്പുന്നുണ്ട് .
ഏതു ബാഗ്‌, സമീപത്ത് ബാഗ്‌ കണ്ടതായ് ഓർക്കുന്നില്ല . ഇവൻ ഇപ്പോൾ നോർമൽ ആണോ . നിശ്ചയമില്ല.
കുടിക്കാൻ വെള്ളം കൊടുത്തു.അച്ഛൻ വരട്ടെ. അവനെ അവിടെ നിന്നും മാറ്റണം.
 വേദനിച്ചോ ബാലേട്ടാ? വരൂ നോക്കട്ടെ.
കഴുത്തിൽ വിരൽ  പാടുകൾ ഉണ്ട്. വേദനിച്ചിരിക്കുന്നു പാവത്തിന്
ബാലേട്ടൻ അകത്തേക്ക് നടന്നോള്ളൂ. (ബാലേട്ടൻ, അമ്മാവന്റെ മകനാണ്  ബാഗ്ലൂരിൽ  ആണ് എല്ലാവർഷവും കാവിലെ ഉത്സവത്തിനു ഒരു ദിവസമെങ്കിലും എത്തും.ഞങ്ങളോട് ഏറ്റവും അടുപ്പവും ഏട്ടനാണ്)
ഇന്ന് പോവില്ലല്ലോ പതിവ് ചോദ്യം.
വൈകിട്ട് തൊഴുത് ഐലന്റിനു മടങ്ങണം.
അച്ചോളേ .....എന്ന് നീട്ടി വിളിച്ച്  അകത്തേക്ക് കയറി.
താടിയും മുടിയും നീട്ടി വളർത്തിയതിന്റെ  ശകാരത്തിലാണ് അമ്മ. കോലം  കണ്ടാൽ  മുഴുഭ്രാന്തൻ  നീയാന്നെ തോന്നൂ.
ബാലേട്ടന് കുടിക്കാൻ സംഭാരം കൊടുത്ത് പശുവിനെ അഴിക്കാനായി അവൾ ഇറങ്ങി .
 ഇപ്പൊ വരാം അമ്മേ, പാടത്തേക്കു പോവ്വാട്ടൊ 
കൊയ്ത്ത് കഴിഞ്ഞോടീ
ഇല്ല ബാലേട്ടാ . പാടത്ത് വെള്ളം ഉണ്ട് അതുകൊണ്ട് കൊയ്ത്ത് പെട്ടന്നാവുംന്ന് തോന്നുന്നില്ല
ഞാനും വരാം.
വേണ്ട ചളിയാ ......
കതിരോലകളോട് കിന്നാരം പറഞ്ഞ്‌ പശുവിനെ അഴിച്ചു നീങ്ങുമ്പോൾ അച്ഛനും വൈദ്യരും വരുന്ന കണ്ടു.
എന്താ മോളെ വിശേഷമൊക്കെ സുഖമായിരിക്കുന്നോ
മറുപടി അച്ഛന്റെതായിരുന്നു.
എന്തിനു പറയണം ന്റെ നമ്പ്യാരെ അവൾക്ക്  പണിയൊരിങ്ങീട്ടു നേരംണ്ടോ എല്ലാവടെം അവൾടെ കണ്ണും കൈയും എത്തേണ്ടേ. എന്തേലും ഒരു പത്തുമിനിറ്റു  കിട്ട്യാ തന്നെ വായനേം എഴുത്തും.
കെട്ട്യോനെ കുറിച്ചെന്തെങ്കിലും........
അഞ്ചെട്ടു കൊല്ലായിട്ട് ഒരു വിവരോല്ല്യ. കുറച്ചൊക്കെ ന്റെകുട്ടി സഹിച്ചില്ലെ. വരാത്തത് തന്ന്യാ നല്ലത് മദ്യസേവേം തല്ലും പിടീം ബഹളോം ഒക്കെ തന്നെ. കുട്ട്യോളില്ലാല്ലോന്നു ആദ്യൊക്കെ വിഷമം തന്ന്യാർന്നു ഇപ്പൊ തോന്നാ ഈശ്വരൻ തന്ന്യാ ശരിന്നു.... അവൾക്ക് അവരുടേം ദു:ഖം കാണേണ്ടല്ലോ.
ഭഗവാനെ നന്നായ് വിളിക്കൂ മോളെ.....
വൈദ്യരുടെ കുശലത്തിൽ തെല്ലു നീരസം തോന്നി അവൾക്ക് . ഈ കൂട്ടർക്ക്  പെണ്ണുങ്ങളെക്കാൾ കാര്യാന്വേഷണാ. ശ്രീകോവിലിരുന്നു  പരദൂഷണം പറയുന്ന തിരുമേനി, മാല കെട്ടുന്ന വാര്യരും, നമ്പ്യാരും നമ്പീശനു മൊക്കെ കണക്കാ.സങ്കടം തോന്നി
വെള്ളകെട്ടുകളെ ഇക്കളിപ്പെടുത്തിയും, കതിരോലോലകളെ തഴുകുകയും ചെയ്യുന്ന കാറ്റ് അവളെയും സ്വന്തനിപ്പിക്കുന്നതായ് അവൾക്കു തോന്നി.
വൈദ്യർക്കു പടിപ്പുര കേറാൻ ബുദ്ധിമുട്ട് കാണ്വോ.
അത്ര ആവായോന്നും ഇല്ല. തണുപ്പ് കൂടിയാൽ ലേശ്ശം വലിവ് അത്രേ ഉള്ളൂ.
 എങ്കിൽ വൈദ്യര് ആ വഴി തന്നെ കയറികൊള്ളൂ . ഞാൻ പശുവിനെ തൊഴുത്തിലാക്കിട്ടു വരാം.
ഉമ്മറത്തിണ്ണയിൽ വീണ്ടും മയങ്ങിയിരിക്കുന്നു അപ്പു.
ഞാൻ മെല്ലെയൊന്നു തൊട്ടുവിളിച്ചു. അപ്പൂ .......അപ്പൂ
ആ കണ്ണുകൾ തുറന്നു. കണ്ണിന്റെ ഉൾതടം ചുവന്നിരിക്കുന്നു. വൈദ്യർ  കൈപിടിച്ചു നോക്കി.
തുണികെട്ടിൽ കരുതിയിരുന്ന ഏതോ ഒരു ഒറ്റമൂലിയെടുത്ത് കൊടുത്തു.
ഇത് പതവറ്റാത്ത ചുടുപാലിൽ കൊടുക്കാ.
ഒന്ന് രണ്ടു തവണ കൊടുത്താൽ ലേശം ഭേദം കാണണം. ഉണ്ണിയുടെ പ്രശ്നമൊന്നും ഈ കുട്ടിക്ക് ഇല്ലന്നെ.
വേഗം ഭേദമാകും.
പിന്നെയും തന്റെ സഞ്ചി തിരയുന്നുണ്ടായിരുന്നു.
കാവിൽ തൊഴാൻ ബാലേട്ടൻ  വന്നിട്ടുണ്ട് .ഞാനാ ആൽത്തറയിലൊന്നു ഇവന്റെ സഞ്ചി ഉണ്ടോ നോക്കട്ടെ. വേഗം വരാട്ടോ അച്ഛാ.വൈകാണെന്നു വെച്ചാൽ അച്ഛൻ ചോറെടുത്ത് കൊടുത്തോളൂല്ലേ?
ഓടി ആൽത്തറയിൽ ചെന്നപ്പോൾ അവിടെ മഴയിൽ നനഞ്ഞ ഒരു തുണിസഞ്ചി ഉണ്ട്. തുറന്നു നോക്കി. ഒരു കാവി മുണ്ടും ഷർട്ടും. നീലപടച്ചട്ട അണിഞ്ഞ ഒരു ഡയറിയും .
അതെടുത്ത് അവൾ വീട്ടിലേക്കു നടക്കുമ്പോൾ അവൾ അവളോട്‌ തന്നെ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.
സഞ്ചി അവനു നേരെ നീട്ടി . അവനതു തുറന്നു എല്ലാം ഉണ്ടോ എന്ന് നോക്കും പോലെ തോന്നി.
അച്ഛൻ അവർക്ക്  ചോറ് കൊടുത്തിരുന്നു. ഓ .. ആശ്വാസം
അവനെ വടക്കേ അറയിൽ ആക്കിയാലോ അച്ഛാ
നല്ല മഴകോൾ  ഉണ്ട്. "വടക്കേ അറ....."  അച്ഛൻ പാതി പറഞ്ഞങ്ങനെ നിർത്തി.
എങ്കിലും ഞാനാ അറയുടെ വാതിൽ  തുറന്നു. ഇത് ഉണ്ണിയുടെ മുറിയാണ് .അവളുടെ മനസ്സൊന്നു പിടഞ്ഞു. ആരും ആ മുറിയിൽ കയറുന്നത് അവനിഷ്ടമല്ല. എങ്കിലും ഞാനാ മുറി തുറന്നു അവനെ അവിടെ കിടത്തി.
പാല് കറന്നു മരുന്നു കൊടുത്തു.
ഈ കുട്ടിക്ക് ഇനീം ഉണ്ണാറായില്ലേ..... സമയം   രണ്ടരയായിരിക്കുണു ഈ കുട്ടീടെ ഒരു കാര്യം ഇനിപ്പോ എന്താ ചെയ്യാള്ളത് (ചെയ്യാനുള്ളത്).
കിച്ചു വരുമ്പോഴേക്കും പാല് അളന്നു വെക്കേണ്ടേ. അതും കഴിഞ്ഞുണ്ണാം അച്ഛാ. 
ആയ്ക്കോട്ടെ ....... എല്ലാവരേം ഊട്ടണം എന്നല്ലാതെ ഉണ്ണണംന്നുള്ള  പതിവില്ലാലോ.
ബാലെട്ടൻ ഒന്ന് കിടന്നോളൂ. രാത്രി യാത്രയുള്ളതല്ലേ. ഊണൊന്നും ശരിയായിട്ടുണ്ടാവില്ല അല്ലെ. മത്സ്യമൊന്നും ഇപ്പൊ അങ്ങനെ വാങ്ങലില്ല . വല്ലപ്പോഴും വല്ലാതെ അധികം വരുമ്പോൾ സൈതാപ്ല കൊണ്ട് തരും. അല്ലാതെ നിർത്തി വാങ്ങലൊന്നും ഇല്ല. 
ങേ .....
പെട്ടന്നാണ് കണ്ടത് വടക്കേ അറയുടെ ജനലുകൾ തുറന്നിരിക്കുന്നു. 
അവൻ എഴുന്നേറ്റു റോഡിലേക്ക് നോക്കി നിൽപ്പുണ്ട്.
ഞാനാ മുറിയിലേക്ക് കയറി ചെന്നു .
ഡയറി തുറന്നു വച്ചിട്ടുണ്ട്. 
മഴ നനഞ്ഞാകണം അക്ഷരങ്ങൾക്ക് വാലു  മുളച്ചിരിക്കുന്നു. 
ഡയറി എനിക്കെന്നും കൗതുകമായിരുന്നു. ഞാൻ എടുത്തതും ആ ഡയറിയിൽ നിന്നും ഒരു ഫോട്ടോ താഴെ വീണു. ഫോട്ടോ കമഴ്ന്നു വീണതിനാൽ വെളുത്ത ഭാഗം മാത്രമേ കാണുന്നുള്ളൂ. .
ഞാൻ കുനിഞ്ഞ്  അത് എടുക്കാനായും മുമ്പ് അവൻ അതെടുത്തു.
ഡയറി എന്റെ കൈയ്യിൽ തന്നെ ഉണ്ട്.
വെറുതെ ആ കനമുള്ള ചട്ടയൊന്നു തുറന്നു നോക്കി.
മയിൽ പീലി വരച്ചതെന്നു പറയാൻ കഴിയുന്നില്ല. ഒരു നിമിഷം, മയിൽ  പീലി വിടർത്തി ആടുന്നത് പോലെ തോന്നി.
അടുത്ത പേജ് മറിഞ്ഞു:. "കൃഷ്ണനുണ്ണി , ഭഗീരഥം" കൈകാലുകൾ വിറക്കാൻ തുടങ്ങി.
ഇത് എന്റെ ഉണ്ണിയല്ല.
കൃഷ്ണനുണ്ണി , ഭഗീരഥം. ഇതെന്റെ ഉണ്ണിയുടെ കൈയ്യൊപ്പും ....വടിവുള്ള അക്ഷരങ്ങളും ഈ ഡയറി ഇവന്റെ കൈയ്യിൽ എങ്ങനെ വന്നു. അവന്റെ കൈയിലിരിക്കുന്ന ഫോട്ടോ ഉണ്ണിയുടെതാകോ.
അടുത്ത പേജ് മറിച്ചു ഡയറിയുടെ പക്കത്ത് Jan 1, 2008 എന്നെങ്കിലും  തിയ്യതി : 2008 ഓഗസ്റ്റ്‌ 13 എന്ന് എഴുതി എഴുത്ത്  തുടങ്ങിയിരിക്കുന്നു.
"ഇന്ന് ഞാൻ ആദ്യമായ് വീട്ടിൽ  നിന്നും വിട്ടു നിന്നു. പതിവായി ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നവർ എങ്ങിനെയാണ്‌. ഇവിടുത്തെ അന്തരീക്ഷം എനിക്ക് ഉൾകൊള്ളാനാകുന്നതല്ല. ഇന്ന് അവർ  എന്തിനാണ് അങ്ങനെ പറഞ്ഞത്. എന്താണ് ഞാൻ അവർക്ക് ചെയ്ത്  കൊടുക്കേണ്ടത്. രാത്രി കഴിച്ച ഭക്ഷണത്തിനും രുചിയില്ല. ഓപ്പോൾ  ഉണ്ടാക്കി തന്നിരുന്ന കടുമാങ്ങയും സീനിയേർസ് കൊണ്ട് പോയി. ഒന്നു രുചി നോക്കാൻ പോലും ആയില്ല. ഓപ്പോളേ എനിക്ക് ഉറക്കം വരുന്നില്ലാട്ടോ.ഓപ്പോളും അച്ഛനും അമ്മയും ഒന്നും ഉറങ്ങിയിട്ടുണ്ടാകില്ല.ഞാനും ഓപ്പോളും മണിക്കുട്ടീം എത്ര ദൂരത്താണ്. മണിക്കുട്ടിയുടെ കഴുത്തിലെ മണികിലുക്കം കേൾക്കുന്നുണ്ടോ. ഞാൻ ഉറങ്ങാൻ വൈകിയാൽ ഓപ്പോളേ അറിയിക്കാനല്ലേ അവൾ മണികിലുക്കുന്നത് ആരോ വാതിലിൽ മുട്ടുന്നുണ്ട്.
 രാത്രി പത്തുമണിക്ക് ശേഷം ലൈറ്റ് അണക്കണം. വാർഡൻ താക്കീത് നൽകിയതും
ഓരോ ദിവസവും എഴുതി  വീട്ടു പോകുമ്പോൾ ഓപ്പോളേ കാണിക്കാം എന്ന് കൂടി എഴുതി ചേർത്തിട്ടുണ്ട്
കുറച്ചു പേജുകൾ കൂടി എഴിതിയിട്ടുണ്ട് . വായിക്കാനായില്ല.
മറ്റെല്ലാ താളുകളും നട്ടുച്ചയിൽ കാർമേഘങ്ങളില്ലാത്ത ആകാശം പോലെ തെളിഞ്ഞു കിടക്കുന്നു.
ശരിയാണ് ഇവിടെ നിന്നും പോയി അധികം  ദിവസംകഴിയാത്തൊരു രാത്രിയിലാണ് അവനെ തിരിച്ചുക്കൊണ്ട് പോകണമെന്ന് കാര്യാലയ മേധാവി വിളിക്കുന്നത്.
16നു വീട്ടിലെത്തിയ അവൻ ഒരിക്കലും പഴയ ഉണ്ണിയായിട്ടില്ല. 
ശരീരമാസകലം മുറിപാടുകൾ , ചെറുത്തു നിൽപ്പിന്റേയും , മൽപ്പിടുത്തത്തിന്റെയും പാടുകൾ . തീർത്തും അവശനായിരുന്നു. ഹോസ്റ്റലിൽ ഉള്ളവർക്ക് ആർക്കും അറിവില്ല. പോലീസ് പലയാവർത്തി  ചോദിച്ചു. ആർക്കും  ഉത്തരമില്ല. മുറിപ്പാടുകൾ ഉണങ്ങി ശരീരത്തിലെ കലകൾ  മാഞ്ഞു  കേസും തേഞ്ഞുമാഞ്ഞു പോയി.പക്ഷെ എന്റെ ഉണ്ണിയുടെ മനോനില  മാത്രം മാറിയില്ല.എല്ലാ സ്വാത്വിക-താന്ത്രീക- വിധികളും, മരുന്നുകൾക്കുമൊടുവിൽ  രണ്ടു വർഷത്തിനു ശേഷമാണ് കോലഞ്ചേരി ആശുപത്രിയിൽ ആക്കിയത്‌. ഇപ്പോൾ പിന്നെയും നാലഞ്ച് വർഷം പിന്നിട്ടിരിക്കുന്നു.
ഹോസ്റ്റലിൽ നിന്നും അന്നേ ദിവസം ഒരു അനന്തരാമൻ കൂടി  മിസ്സ്‌ ആയതായ് പിന്നീട് അറിഞ്ഞു. അക്കദമിയിൽ തലവേദനയായ് മാറിയിരുന്ന അവനെ ഒരു പ്രാഥമിക തിരച്ചിലിനപ്പുറം ആരും അന്വേഷിച്ചില്ല
സീനിയേഴ്സ് എന്തായിരിക്കും ചെയ്തത്. അവൻ എന്തായിരിക്കും അവനു ചെയ്ത് കൊടുക്കേണ്ടി വന്നത്. ഒന്നും അറിയില്ല.
ഇവനാണോ ആ അനന്തരാമൻ. 
ബാലേട്ടനെ തിരിച്ചരിഞ്ഞാണോ ഉപദ്രവിക്കാനാഞ്ഞത്. അന്ന് ഉണ്ണിയെ കൊണ്ടുവിടാൻ ബാലേട്ടൻ ആണല്ലോ അകാദമിയിൽ പോയത്.
എല്ലാം മറന്നു ശാന്തനായെന്നു തോന്നിയ അവൻ കുറെ നേരം ഫോട്ടോ നോക്കി നിന്ന് പഴയ എന്തൊക്കെ ഓർത്തിട്ടാകാം. എന്നിൽ നിന്നും ഓർക്കാപുറത്ത് അവൻ   ഡയറി  പിടിച്ചു വാങ്ങി. ആവേശത്തോടുള്ള ആ വലിയിൽ എന്റെ കൈമുറിഞ്ഞ്  ചോര പൊടിഞ്ഞു. അവന്റെ മുഖം ചുവന്നു തുടുത്തു.
  കൈയ്യിൽ പിടിച്ചിരിക്കുന്ന ഫോട്ടോയിൽ  കുത്തിവരച്ചു വിരൂപനാക്കിയ മുഖം കണ്ടു ഞെട്ടിത്തരിച്ചു . രണ്ടടി പിന്നോട്ട് വെച്ചു .
"അച്ഛാ"........ബാലേട്ടാ..... എന്നൊക്കെ   ഉറക്കെ വിളിക്കാൻ ആഞ്ഞെങ്കിലും ശബ്ദം പുറത്ത് വരുന്നില്ല.ധൈര്യം ചോർന്നു പോയി. കൈകാലുകൾ വിറക്കുന്നു.
"അച്ഛാ........" "ബാലേട്ടാ....."  എന്നൊക്കെ ഉറക്കെ വിളിക്കാൻ ആഞ്ഞെങ്കിലും ശബ്ദം പുറത്തു വരുന്നില്ല. ധൈര്യം ചോർന്നു പോയി. കൈകാലുകൾ വിറയ്ക്കുന്നു.
വിറയാർന്ന സ്വരം തൊണ്ടയിൽ കുടുങ്ങി.. വടക്കേ അറയുടെ ഉമ്മറപ്പടികൾക്കു കുന്നോളം ഉയരമുണ്ടെന്നു തോന്നി. കാലെടുത്തു പൊക്കാൻ വയ്യ. .
"ആര്യങ്കാവിലമ്മെ ഒരു കളമെഴുത്തുപാട്ടു നടത്തി കൊള്ളാം. എനിക്കൊന്ന് ശക്തി തരൂ ........ തളർന്നിരിക്കുന്നു ഞാൻ അത്രയ്ക്കധികം. കാത്തുരക്ഷിക്കൂ.." മനസ്സുരുകി പ്രാർത്ഥിച്ചു. 
ഡയറികൊണ്ടു മുറിഞ്ഞ പാടിൽനിന്നും രക്തം പൊടിയുന്നുമുണ്ട്.
വടക്കേ അറയുടെ വാതിൽ ചാരി പതുക്കെ ഉമ്മറത്തേക്കു നടന്നു. ഉമ്മറത്ത് അച്ഛനും ബാലേട്ടനും ഉണ്ട്. നടന്നതെല്ലാം അവരോടു പറഞ്ഞു. 
"ന്താപ്പോ ഇതിന്റെ നിജസ്ഥിതി അറിയാൻ എന്താ ചെയ്യമ്മ്വൊ. ഹൊ .. നിമിഷം ചെല്ലുന്തോറും ആധി കൂടിക്കൂടി വരാല്ല്വോന്റെ കുട്ട്യേ". അച്ഛൻ ആത്മഗതമെന്നോണം പറഞ്ഞു.
ആർക്കും കുറച്ച് നേരത്തേക്ക് അനക്കമില്ലായിരുന്നു.
'ബാലേട്ടന് ഇന്നു തന്നെ പോണോ ...' എനിക്കെന്തോ ആകെ ഒരു വിഷമം.
'അമ്മു പറഞ്ഞ ശരിയാ, ബാലന് രണ്ടു ദിവസം കഴിഞ്ഞു പോകാം' അച്ഛനും പറഞ്ഞു.
ബാലന് എന്ത് പറയണംന്നു നിശ്ശല്ല്യ. ഈ പെണ്ണ് തന്നെ എന്താ ചെയ്യാ. അല്ലെങ്കിലെ മുറപെണ്ണിനെ കാണാനാണ് കാവിലേക്കെന്ന പോക്കെന്ന് അവളുടെ പറച്ചിൽ. ഇനിയിവിടെ നിൽക്കുക കൂടെ ചെയ്‌താൽ അവിടെ ചെല്ലുമ്പോഴുള്ള പുകിൽ. ഇവിടെ ആർക്കും അതൊന്നും അറിയില്ലല്ലോ. കാവിലമ്മേ കാത്തൊളണേ എന്ന് ഉറച്ച് ഫോണ്‍ എടുത്ത് ബാലൻ പുറത്തിറങ്ങി.
രണ്ടു ദിവസം കഴിഞ്ഞേ പോകുന്നുള്ളൂ എന്നറിയിച്ചെങ്കിലും തിരിച്ചെത്തിയ ബാലേട്ടന്റെ മുഖത്ത് ഒരു ഉത്സാഹക്കുറവ് അമ്മു ശ്രദ്ധിച്ചിരുന്നു..
മണിക്കൂറുകൾ അങ്ങനെ ഇരുന്നിട്ടും തളർച്ച വിട്ടു മാറിയില്ല. നിലയില്ലാകയത്തിൽ മുങ്ങി താഴുന്ന പ്രതീതി. ഇനിയും ആ ഡയറിയിൽ കൂടുതലായി എന്തെങ്കിലും ഉണ്ടോ എന്നറിയണമെങ്കിൽ ഒരിക്കൽ കൂടി ഡയറി കൈയിൽ കിട്ടണം. എങ്ങനെ. അവനു..... യഥാർത്ഥത്തിൽ ഭ്രാന്താണോ? വെറും അടവാണോ എല്ലാം. എല്ലാം ചിന്തകൾക്ക് അപ്പുറത്താണ്. ഒന്നും ചെയ്യാൻ തോന്നുന്നില്ല. മനസ്സ്‌ അത്രമാത്രം ആടിയുലയുന്നു. എന്നും തീച്ചൂള പോലെ എരിയാനാണല്ലൊ മനമേ നിന്റെ വിധി. അകത്തളത്തിൽ നിന്നും ലാൻഡ്‌ഫോണ്‍ റിംഗ് കേട്ടാണ് ചിന്തയിൽ നിന്ന് ഞെട്ടിയുണർന്നത്. കാലുകൾ തളരുന്നുണ്ട് നടന്നു എത്തുന്നില്ല. കുഴഞ്ഞു വീഴും എന്ന് തോന്നുന്നു.
"ഹലോ..."
"എന്താ അച്ചോൾക്ക് ....."

കേട്ട മാത്ര ഒന്ന് ഞെട്ടിയെങ്കിലും ബാലേട്ടന്റെ ഏടത്തിയമ്മയാണ്. ബാലേട്ടൻ പറഞ്ഞ കളവ് സ്ഥിതീകരിക്കാനാണ് വിളി.
അമ്മയ്ക്ക് തീരെ വയ്യ ഏടത്തിയമ്മേ.....
എന്തെന്നോന്നും ചോദിച്ചില്ലെങ്കിലും ഫോണ്‍ കട്ടു ചെയ്തു.
ബാലേട്ടനും, അച്ഛനുമൊക്കെ എന്ത് ചെയ്യണമെന്ന് അറിയാത്ത വ്യാകുലതയിൽ തന്നെയാണ്.
എല്ലാവർക്കും ചായനൽകി വടക്കേ അറയുടെ വാതിലിൽ എത്തി. മേശപ്പുറത്ത് ഡയറി ഇരുപ്പുണ്ട്. അവൻ നല്ല ഉറക്കമാണ്. ശബ്ദമുണ്ടാക്കാതെ വേഗത്തിൽ ബാഗും ഡയറിയും എടുത്തു പുറത്തുകടന്നു.
പേജുകൾ മറിച്ചു നോക്കാൻ ധൈര്യം വരുന്നില്ല. ബാലേട്ടനെ കാണിക്കാം.
ബാഗും ഡയറിയും ബാലേട്ടനു കൊടുത്ത് അടുത്ത് നിന്നു. ബാലേട്ടൻ ഡയറി വാങ്ങി മറച്ചു നോക്കി.
വായിച്ചു നിർത്തിയ ഭാഗത്ത് എത്തിയപ്പോൾ എന്റെ കണ്ണുകളും തുടർവായനയ്ക്കായ് എത്തി നോക്കി. പക്ഷെ അവിടെയുള്ള എഴുത്തുകൾ, വരികൾ എന്റെ ഉണ്ണിയുടെതല്ല മറിച്ച് ആരുടേത്? ഇവന്റെതോ
2011 മാർച്ച്‌
ഇന്ന് ഞാൻ അവനെ വീണ്ടും 'കണ്ടു കീഴടക്കി.'
തികച്ചും അസ്വഭാവികത തോന്നിക്കുന്ന വരികൾ എന്തിനെയാണ് സൂചിപ്പിക്കുന്നത്.
ബാലേട്ടന്റെ ബാഗ്‌ പരിശോധനയിൽ നിന്ന് മഴയിൽ ചുക്കിച്ചുളിഞ്ഞ ഒരു മേൽവിലാസം ലഭിച്ചു. അല്ല അത് ഒരു ഇൻലെന്റു ആണ്.
ആരും പരസ്പരം മിണ്ടുന്നില്ല. പതിവ് പണികൾ ഒന്നും കഴിഞ്ഞില്ല. മണി ആറടിച്ചു.
ശരീരം മൊത്തം ഒരു ആവരണം പോലെ. ഒന്നും ചെയ്യാൻ തോന്നുന്നില്ല.
"ബാലേട്ടൻ കാവിൽ പോകുന്നില്ലേ. മൗനത്തെ ഭേദിച്ചു കൊണ്ടവൾ ചോദിച്ചു."
"ഉം പോണം ... നീ വരുന്നോ"
"പോകണമെന്നൊക്കെ നിരീച്ചിരുന്നു ഇപ്പൊ വയ്യ."
അത്താഴം കഴിച്ചെന്നു വരുത്തി കിടന്നു. ഉറക്കം വന്നില്. മഴ തിമർത്തു പെയ്യുന്നു. ആകെ ഒരു പുകമറപോലെ മഞ്ഞു പ്രപഞ്ചം കീഴടക്കിയിരിക്കുന്നു. നല്ല തണുപ്പ് . കർക്കിടകം ആരംഭം, മഴയ്ക്ക് കുറവില്ല. നാലമ്പലങ്ങൾ മഴക്കീഴിലും ജനസമുദ്രമാണ്. ഒരോർന്നോർത്തു കിടക്കവെ ഒരു നടത്തത്തിന്റെ ശബ്ദം.
"ആരാ..."
"ബാലേട്ടനാണ്"  "അസമയത്തിങ്ങനെ.?"
"അതെ ഞാൻ നാളെ തൃശൂരിലെ പീച്ചിവരെ പോയാലോ. എരിയെടത്ത് ആണ് വീട്ടുപേര് കണ്ടത്. ആ വീട് അറിയാവുന്ന ഒരാളെ വിളിച്ച് സംസാരിച്ചിട്ടുണ്ട്. നാളെ അവിടം വരെ പോകാംല്ലേ?"
"അച്ഛനോട് ചോദിച്ചോ"
"ഇല്ല.നീ കൂടെ വരുമോ?"
അർത്ഥമില്ലാത്ത ചോദ്യമെങ്കിലും എന്ത് പറയണമെന്നറിയാതെ വിഷമിച്ചു.
"ഇവിടെ ആരാ അമ്മേടേം, പശൂന്റെം ഒക്കെ കാര്യം നോക്കണ്ടേ ബാലേട്ടാ... ന്താപ്പോ ഞാൻ മറുപടി പറയ്യാ. നാലമ്പലം തൃശ്ശൂരിലേക്കുള്ള ബസ്സിലൊക്കെ നല്ല തിരക്കാന്നാ കേൾക്കണേ. ന്നാലും പോയല്ലേ പറ്റൂ . ഞാനൊന്നാലോചിക്കട്ടെ. ബാലേട്ടൻ കിടന്നോളൂ."
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറങ്ങാനായില്ല. എന്റെ ഉണ്ണിയെ കാണാനോക്ക്വോ അവിടെ? എന്താ അവനു സംഭവിച്ചത്. എന്റുണ്ണി ഓപ്പോളേ തിരിച്ചറിയ്യോ? ഒന്നും ചിന്തയിൽ ഒതുങ്ങുന്നില്ല. എപ്പോഴോ ഒന്ന് മയങ്ങി. അമ്പലത്തിലെ റെക്കോർഡിൽ മൂന്നാമത്തെ പാട്ടായപ്പോഴാണ് ഉണർന്നത് . സാധാരണ ഞാൻ ഉണർന്നെ പാട്ട് കേൾക്കൂ. 
എന്റെ ഒപ്പം തന്നെ ബാലേട്ടനും അടുക്കളയിൽ എത്തി. 
"ബാലേട്ടാ ഞാൻ ഇപ്പൊ എണീറ്റെള്ളൂ. ചായ ആയില്ല്യ"
"സാവകാശം മതി. ഏതു ബസ്സിനാണ്‌ ഇറങ്ങുക. 8.10 നു പോകാംല്ലേ. അപ്പോഴേക്കും പണിയൊരുങ്ങൂല്ലെമ്മ്വോ"
"ഞാൻ വരണോ?" അവൾ വീണ്ടും ചോദിച്ചു. 
"ഉം..... വേണം" ആ മൂളലിനു ആജ്ഞയുടെ സ്വരം. വേഗം ഇഡലിയും സാമ്പാറും കാബേജ് തോരനും പപ്പടവും, ചോറുമൊക്കെ ഒരുക്കി മണികുട്ടിയോടു പതിവുകൾ ആവർത്തിച്ച് 8.10നു തന്നെ ബാലെട്ടനോടൊപ്പം ഓടികിതച്ചു ബസ്സിൽ കയറി. വിദ്യാർഥികളുടെ തിരക്കുമൂലം ബസ്സിൽ തൂങ്ങിനിന്നു കൈ, നീര് വെച്ചു. എങ്ങനെയൊക്കെയോ തൃശ്ശൂർ സ്റ്റാന്റിൽ എത്തി.
"വടക്കേ സ്റ്റാന്റിൽ നിന്നല്ല പീച്ചിക്കു ബസ്സ്‌. അത് തെക്കുന്നാ ശക്തനിൽ നിന്ന്" അവിടൊരാൾ പറഞ്ഞു കേട്ടു. പിന്നെ തെക്കോട്ട്‌ ഓട്ടോ പിടിച്ചു. വടക്കുംനാഥൻ ഗോപുരം വലംവെച്ചപ്പോൾ മനസ്സില് വല്ലാത്തൊരു കുളിര്.
"ഇതെല്ലാം വായിച്ചിട്ടും, കേട്ടിട്ടുമേ ഉള്ളൂ ഇത്രേം കാലം. കണ്ടു. ശിവ ശിവ ....എന്തൊരു വലിപ്പത്തിലാ ചുറ്റുമതിൽ. ന്താ ഭംഗീലെ ചുറ്റും കാണാൻ ബാലേട്ടാ?"
ചളിയും നാറ്റവും ഒക്കെ തോന്നുന്ന ശക്തൻ മാർക്കറ്റ് ബസ്സ്‌സ്റ്റന്റിൽ നിന്നും പീച്ചിക്കു ബസ് കയറി. വലിയ ഓക്കാനത്തോടെ ഛർദ്ദിയും തുടങ്ങി. കണ്ണടച്ചിരുന്നു പീച്ചി സ്റ്റോപ്പിൽ തന്നെ ബാലേട്ടന്റെ കൂട്ടുകാരൻ കാത്തുനിന്നിരുന്നു.
അവരോടൊപ്പം എരിയെടത്തു വീടിന്റെ കഴുങ്ങിൻ പാലമിട്ട പടികൾ കവച്ചു വെച്ചപ്പോൾ മനസ്സിൽ തീയ്യായിരുന്നു. ആകെ പൊട്ടി പൊളിഞ്ഞ വീട്. പൂമുഖത്ത് കിണ്ടിയിൽ വെള്ളം. മുറ്റത്ത് തുളസിത്തറ. പൂമുഖത്ത് മാലയിട്ട രണ്ടു ചിത്രങ്ങൾ. പിന്നെ ഒന്നും എനിക്ക് കാണാനാവാത്ത പോലെ തോന്നി. ഒന്ന് ഏതോ വലിയ കാരണവരുടെത്, മറ്റേത് എന്റുണ്ണി.............ഇവൻ ...............അലമുറയിട്ടു കരയാനാവാതെ ഞാൻ അങ്ങനെ നിന്നു . രാവിലെ കത്തിച്ചു കാണിച്ച വിളക്ക് അണഞ്ഞിട്ടില്ല. 
വളരെ ദയനീയമായ ആരോഗ്യസ്ഥിതിയുള്ള ഒരമ്മ ഇറങ്ങി വന്നു. 
"ആരാ മക്കളെ, എന്തിനാപ്പോ ഇങ്ങട് വന്നത്. നീയ്യ് മൂത്തെടത്തെ രാമങ്കുട്ടിയല്ലേ, ഇവരൊക്കെ ആരാടാ"
"എല്ലാം പറയാം കാർത്ത്യായനിയമ്മേ ..... ഇവരെ ഒന്ന് അകത്തേക്ക് ഇരുത്താ"
"ഇവർ ആരാടാ" പിന്നേം കാർത്ത്യായനിയമ്മ ചോദിച്ചു. 
ഇവര് കുറച്ച് കിഴക്കുംന്നാ കാർത്ത്യായനിയമ്മേ
പലകക്കട്ടിലിൽ പിടിച്ചിരിത്തി അവരുടെ ഇല്ലായ്മകളിലും ഞങ്ങളെ സ്വീകരിക്കാനുള്ള വ്യഗ്രത ആ ആയമ്മയുടെ മുഖത്തു കാണാമായിരുന്നു.
എന്തൊക്കെയോ പരതുന്നു, എന്തൊക്കെയോ തേടുന്നു.
"ഒന്നും വേണ്ടമ്മേ" ഞാൻ ആ അമ്മയെ എന്റെടുത്ത് പിടിച്ചിരുത്തി. "ആ ഉമ്മറത്തിരിക്കുന്ന കുഞ്ഞികണ്ണൻ ആരാണമ്മെ" അപ്പോൾ അങ്ങനെ ചോദിക്കാനാണ് നാവു വഴങ്ങിയത്.
"അത്......എന്റെ മോനാ....ന്റെ മോനാ..... അല്ലാ അത് പോലെ തന്ന്യാ...... ഒന്നൊന്നര വർഷം എന്റെ ...ന്റെ മകനായെന്നാ ഞാൻ വളർ ത്ത്യെ ..... ഒരു ബോധോം ഇല്ല്യായിരുന്നു. ആരാന്നറിയില്ല്ലാരിരുന്നു. എന്റെ മോന്റെ കൈപിഴോണ്ടാ അത് സംഭവിച്ചതെന്നു അറിഞ്ഞപ്പോൾ ഞാനൊരു അമ്മയല്ലാതായി. 'ഇവൻ മരിച്ചു' അല്ല 'കൊന്നതാണോ ' ന്റെ മോനും വീട് വിട്ടിറങ്ങി. പോലീസ് ഒരുപാട് തവണ കയറിയിറങ്ങി എന്റെമോൻ ഇവനെ കൊന്നതാണെന്നും പറഞ്ഞുകൊണ്ട്. എനിക്കൊന്നും അറിയില്ല."
ആ അമ്മയിൽ സ്വന്തം മകനെക്കാൾ ഉണ്ണിയോടുള്ള സ്നേഹം നിഴലിച്ചു കണ്ടു. ഇന്നേക്ക് ഒരു ഒരുവർഷവും നാലുമാസവും കഴിഞ്ഞു ചിത കത്തിയെരിഞ്ഞിട്ടു. ഉണ്ണി കഴിഞ്ഞിരുന്ന മുറി ഞങ്ങൾക്ക് കാണിച്ചു തന്ന് കണ്ണുകൾ തുടച്ചു കൊണ്ട് ഞങ്ങൾക്ക് കുടിക്കാൻ വെള്ളം എടുക്കാനായി ആയമ്മ അകത്തേക്ക് പോയി.
എന്റെ ചിന്തകൾ അവർക്കും പിന്നിലേക്ക്‌ പായുകയാണല്ലോ. അപ്പൊ എന്റുണ്ണിയെ കൊന്നിട്ടാണോ അവൻ അവിടെ ഭ്രാന്തമായ് എത്തിയത്. എന്റുണ്ണി ആശുപത്രി വിട്ട് കഴിഞ്ഞ ഒന്നൊന്നര വർഷവും എന്തായിരുന്നു അവന്റെ ഭാവം.
കുറെ കാലമായ് ഈ മുറി അടഞ്ഞു കിടന്നതിന്റെ ഗന്ധമുണ്ട്. ചുവരിൽ കൊളുത്തിയിട്ട ചിത്രങ്ങൾ എല്ലാം ഉണ്ണിയുടെ കൈപടയിൽ വരച്ചതാണ്. ഞാനും മണികുട്ടിയും അവനും... എല്ലാം ചിത്രത്തിൽ ഉണ്ട്. ഇടയ്ക്കു അപ്പോൾ അവനു സ്വബോധം വന്നിരുന്നോ? പിന്നെ വീണ്ടും എന്തിനാണ് അവൻ ഇവിടെ തന്നെ കഴിഞ്ഞത് ബാലേട്ടാ? 
അമ്മയുടെ കാൽപെരുമാറ്റം കേട്ടാണ് തിരിഞ്ഞു നോക്കിയത്. സംഭാരം കൈയിൽ വാങ്ങുമ്പോൾ കൈ വിറക്കുന്നുണ്ടായിരുന്നു. ആ സ്നേഹമുള്ള പാനീയത്തിൽ നിന്നും ഒന്നെനിക്ക് വായിക്കാനായി ഒരു നല്ല അമ്മയുടെ സ്നേഹവും ലാളനയും എന്റെ ഉണ്ണി ഇവിടെ അനുഭവിച്ചിരുന്നു. 
'അമ്മേ എന്റെ അനിയനാണ് ഇവൻ' ഫോട്ടോയിലേക്ക് വിരൽ ചൂണ്ടി ഹൃദയം പൊട്ടുന്ന വേദനയോടെ ഞാൻ പറഞ്ഞൊപ്പിച്ചു.
അമ്മയും ഞാനും കെട്ടിപിടിച്ചു കരഞ്ഞു. 'ന്താമ്മേ ന്റുണ്ണിക്ക് ഉണ്ടായത്'?"
മോള് ഇനി വിഷമിക്കേണ്ട. ഞാൻ എല്ലാം പറയാം. പക്ഷെ എന്റെ മോനെ നിങ്ങൾ ഒരിക്കലും വെറുക്കരുത്..........എന്നും കരഞ്ഞുതീർത്ത  കണ്ണുനീർ സങ്കൽപ്പമല്ലാതായ ആ അമ്മയുടെ കഥ പറച്ചിൽ ഞെട്ടിപ്പിക്കുന്നതായിരുന്നു.
(തുടരും)

 

 

വീണ്ടുമൊരു തിരുവാതിര

വീണ്ടുമൊരു തിരുവാതിര Posted by  jyothi haridas  on December 23, 2015 at 3:30pm Send Message     View Blog വൈകീട്ടു വീട്ടില്...