വീണ്ടുമൊരു തിരുവാതിര
വൈകീട്ടു
വീട്ടില്‍ ചെന്നു ധൃതിയില്‍ പണികള്‍ ചെയ്തൊരുക്കുമ്പോഴാണു മുറ്റത്തൊരു
കാല്‍പ്പെരുമാറ്റം. അടുക്കളയില്‍ നിന്നുതന്നെ കര്‍ട്ടന്‍ ഒന്നു
മാറ്റിനോക്കി. തെക്കേലെ മീനാക്ഷിയമ്മ.
"എന്താത് ഈ നേരത്ത്?"
"അമ്മ്വോ...അമ്മൂട്ട്യെ ..........ഒക്കെ കിടന്നോ?"
"എന്താ മീനാക്ഷിയമ്മേ, മണി ഒമ്പതു കഴിഞ്ഞൂലോ. എന്താ ഈ രാത്രീല്'?"
"ഞായറാഴ്ച
തിരുവാതിരയല്ലേ, നാളെ കാര്‍ത്തിക ആയില്ല്യേ? തിരുവാതിരകുളിക്കാന്‍
അമ്മൂട്ടിയും വരുന്നോന്നറിയാന്‍ വന്നതാണ്. ഇപ്പൊ അവള്‍ക്കു പഠിത്തമൊന്നും
ഇല്ലല്ലോ? വന്നൂടെ ആ കുട്ടിക്ക്? നമ്മുടെ അമ്പലവട്ടത്തെ കുറെപേരെയൊക്കെ
ഞാന്‍ പറഞ്ഞുവെച്ചിട്ടുണ്ട്. രാവിലെ 5 മണിയ്ക്കു പോകാം."
"മുമ്പൊക്കെ
രേവതിനാള്‍ മുതല്‍ കുളിക്കാന്‍ പോക്കും, തുടിക്കലും, ഒക്കെ തുടങ്ങുംല്ലേ
മീനാക്ഷ്യെമ്മേ? മുങ്ങി നില്‍ക്കുന്ന മൊളാത്തലുടെ മേലേയ്ക്ക് വെള്ളം
തെറിച്ചെന്നു പറഞ്ഞ് എത്ര തവണ അവരെ വീണ്ടും മുങ്ങിക്ക്യേം അവരുടെ ചീത്ത
കേട്ടിരിക്യേം ചെയ്തിരിക്കുണ്യുല്ലേ!"
"ഇപ്പൊ വെള്ളം തിളപ്പിച്ചാല്‍ത്തന്നെ നട്ടുച്ചയാവണം അതൊന്നു മേലോഴിക്കാന്‍ ! വാതത്തിന്റെ അസ്കിത. വയ്യ!"
"മീനാക്ഷിയമ്മ കയറിയിരിക്കൂ. ഞാന്‍ ചോദിച്ചു നോക്കാം."
"അമ്മ്വോ, നാളെ ഇവരോടൊപ്പം തിരുവാതിര കുളിക്കാന്‍ പോണുണ്ടോന്ന്? ഒന്നിങ്ങോട്ടൊന്നു വര്വോ?"
"ആ...... അമ്മുമ്മേ, ആരൊക്കെ വരണത് വേറെ?'
"അമ്മൂ, അനുവും മായയും ഒക്കെയായിപ്പോ പത്തുപതിനഞ്ചുപേരുണ്ട്."
"ഞാനും പോയാലോ അമ്മേ ...?" അവള്‍ എന്നോടഭിപ്രായം ചോദിച്ചു.
"പറ്റുംന്നുണ്ടെങ്കില്‍ പൊക്കോളൂ. നല്ല തണുപ്പും, കാറ്റും ഒക്കെ ഉണ്ടാകും. ഈറന്‍ മാറാന്‍ എടുത്തു പിടിച്ചോളൂ."
അവള്‍ അമ്മമ്മയ്ക്ക് വരാമെന്നു സമ്മതം കൊടുത്തു.
"4.50നു വന്നു വിളിക്കുംട്ടോ." അമ്മമ്മ മടങ്ങി.
അതിരാവിലത്തെ കുളിയും, വ്രതവുമൊക്കെ പോയി. ഇപ്പൊ ഒന്നും നടക്കുന്നില്ല.
പണ്ട്
അമ്മമ്മയോടൊപ്പം ഞാനും തിരുവാതിര കുളിക്കാന്‍ പോകുമായിരുന്നു. എന്നും
കുളത്തിലാണു കുളി. എങ്കിലും ഈറന്‍ മാറാന്‍ കൊണ്ടുപോകാന്‍ സമ്മതിക്കില്ല.
ഈറനോടെ തൊഴുതുവരണംന്നു നിര്‍ബന്ധമായിരുന്നു. എങ്കിലെ ചായ കിട്ടൂ. വൈകീട്ടു
നാമം ചൊല്ലിയാലേ അത്താഴവും ഉള്ളൂ. ഈറന്‍ മാറാന്‍ കൊണ്ടുപോകുന്നതാണ് ഈ
കുളിയിലെ ഇഷ്ടം.
പിന്നെ തിരുവാതിര ദിവസം ഇളനീര്‍ കുടിക്കാം.
കൂവപ്പൊടിയിട്ടുള്ള
ഈ വെള്ളം സേവിച്ചാണ് നൊയമ്പ് തുടങ്ങുന്നത്. പിന്നെ ചെറുപഴവും പുഴുക്കും
പപ്പടവും ഇഷ്ടവിഭവം. ഗോതമ്പുകൊണ്ടു കഞ്ഞി വെയ്ക്കും. ഊഞ്ഞാലാടും. അതും
കകുറേപ്പേരുണ്ടാകും. ഊഴം കാത്തു നില്‍ക്കണം. ആകെ കലപിലയാണ്. പക്ഷെ അതൊക്കെ
ഒരു രസമാണ്. കൂവ കുറുക്കും. അരിയാഹാരം കഴിക്കാനനുവദിക്കില്ല. അത്രേ ഉള്ളൂ.
എങ്കിലും വൈകീട്ടാകുമ്പോഴേക്കും ഒരു ക്ഷീണം വരും.
"ഒരു
കൊല്ലൊരു രസണ്ടായിട്ടാ അമ്മ്വോ. കൊയ്ത്തു കഴിഞ്ഞായിരുന്നു തിരുവാതിര.
മുറ്റത്തു നിറയെ നെല്ല് ഉണക്കാനിട്ടിരിക്കുന്നു. ഇന്നു നിന്‍റെ ഏട്ടന്‍
അരിയെടുത്തു തിന്നുന്നപോലെ എനിക്കും ഉണ്ടായിരുന്നു ദു:ശ്ശീലം. ആ
നേരായപ്പോള്‍ വല്ലാത്തൊരു അസ്കിത. അരീംചെമ്പ് തൊറക്കാന്‍ പറ്റ്വോ? ഇല്ല.
നെല്ല് കൊറിച്ച് അതില്‍ നിന്ന് ഒരു മണി അരിയെടുത്തു കടിച്ചു തിന്നു. അങ്ങനെ
അതൊരു രസം പിടിച്ച് ഓരോ മണിയായ് കൊറിക്കാന്‍ തുടങ്ങി. ഇതും കണ്ടു വന്ന്
അമ്മമ്മയുടെ ചീത്ത! തിരുവാതിര നൊയമ്പു പോയതു മാത്രമല്ല അണ്ണാന്‍ തൊലിച്ച
നെന്മണിവരെ എന്റെ തലയില്‍ വീണു. അടിയും കിട്ടി. ഇന്നും എനിക്ക് അണ്ണാന്റെ ചിലയ്ക്കല്‍ കേള്‍ക്കുമ്പോള്‍ അമ്മമ്മയില്‍ നിന്നു കിട്ടിയ അടിയുടെ വേദനയാണ്."
"അതുകൊണ്ടാല്ലേ അമ്മ അണ്ണാന്റെ ചിലയ്ക്കല്‍ കേള്‍ക്കുമ്പോഴേ കല്ലെടുത്ത് ഓടുന്നത് ഇപ്പൊ പുടി കിട്ടി. അയ്യേ.... " അമ്മു കളിയാക്കി.
"നീ
പോയി നാളേക്കുള്ള തുണിയൊക്കെ എടുത്തുവെയ്ക്ക്. അല്ലേല്‍ രാവിലെ അവര്
വന്നിട്ടു തപ്പാന്‍ നടക്ക്, അപ്പൊ ഞാന്‍ ശരിയാക്കിത്തരാം" എന്റെ ജാള്യം
മറക്കാനായി അവളെ ചീത്ത പറഞ്ഞോടിച്ചു .
No comments:
Post a Comment