Thursday 23 May 2013

അവധിക്കാലം

ഇതാ ഒരു അധ്യയന വർഷം കൂടി ഈ മീനച്ചൂടിൽ കത്തിയമരുന്നു. തന്റെ കുട്ടികളെ അയക്കുവാൻ മികച്ച കോച്ചിംഗ് സെന്റർ തേടി പരക്കം പായുന്ന രക്ഷിതാക്കൾ നഗരങ്ങളിലും, ഗ്രാമങ്ങളിലും സർവ്വസാധാരണമായ് കഴിഞ്ഞു. അവസാന പരീക്ഷ കഴിഞ്ഞ് ഇറങ്ങുന്ന ബാലമാനസിൽ നാളെ മുതൽ മറ്റൊരു പുസ്തകതാളോ , ഉപകരണമോ നല്കി മറ്റൊരു ശിക്ഷാപദ്ധതി മെനയുന്ന രക്ഷിതാക്കൾ. ഇത്തരം പരിശീലനങ്ങൾ ഗുണകരമെങ്കിലും അവധിക്കാലം ആസ്വദിക്കാൻ കഴിയാത്ത ആ കുട്ടികളിൽ പകയുടെയും, വിദ്വേഷത്തിന്റെയും കനൽ എരിയുന്നത് സ്വാഭാവികം ആണ് . അത് അവരുടെ മാനസിക വളര്ച്ചയെ തളർത്തും.

നാം ഉൾപ്പടെ കൊഴിഞ്ഞു പോയ ഇന്നലെകളിലെ തലമുറയുടെ അവധിക്കാലം വ്യത്യസ്തമായിരുന്നു എന്ന് നമുക്ക് അറിയാം. പരീക്ഷാചൂടിൽ നിന്നും മീനചൂടിലേക്ക് കൂട്ടുകാരോടൊത്ത് കുളക്കരയിൽ പിടിച്ചിട്ട മത്സ്യം കുളത്തിലേക്ക് ചാടുന്ന വ്യഗ്രതയോടെ ഒരു കുതിച്ചു ചാട്ടമുണ്ട് . നഗരത്തിലെ പാറി പറന്നു പാടുന്ന കൊതുകിൽ നിന്നും, കാതുകളെ പ്രകമ്പനം കൊള്ളിക്കുന്ന വാഹനമിരമ്പലിനും മാലിന്യകൂമ്പാരങ്ങൾക്കുമിടയിൽ നിന്നും ശുദ്ധവായു തേടി ഗ്രാമാന്തരീക്ഷത്തിലുള്ള അമ്മാവന്റെയും, മുത്തശ്ശിയുടെയും വീട്ടിലേക്കുള്ള വിരുന്ന് . പിന്നീടുള്ള സന്ധ്യകൾ മുത്തശ്ശിക്കഥകളുടെതാണ് , നാട്ടിൻപുറങ്ങളും , ഗ്രാമവീഥികളും, ഇടവഴികളും, അവധിക്കാലം ഉത്സവപ്രതീതിയാണു. പലവിധം കളികൾ. ക്രിക്കറ്റ് , കുട്ടിയും കോലും, കല്ലുകളി , പമ്പരം കൊത്ത്, നാടൻ രീതിയിൽ ഈര്ക്കിലും വർണ്ണ കടലാസും കൊണ്ട് തീർത്ത പട്ടം പറത്തൽ, പ്ലാവിലയും,ഓലയും, ഒക്കെ തീര്ത്തുണ്ടാക്കുന്ന സുന്ദരമായ കളിപ്പാട്ടങ്ങൾ കൊണ്ട് അച്ഛനും, അമ്മയും കുട്ടിയുമൊക്കെ ആയി ചെറിയൊരു ഓല വീട് വെച്ച് കളിക്കുന്ന കുരുന്നുകൾ . അത് കണ്ടു നില്ക്കുന്ന പ്രായമായവർക്കറിയാം അവർ എന്തെല്ലാമാണ് ഗൃഹാന്തരീക്ഷത്തിൽ നിന്ന് ബാലമാനസിൽ പതിഞ്ഞിട്ടുള്ളവ എന്നു. മാവിഞ്ചുവട് നിറയെ മാങ്ങകൾ ഉതിർന്നു കിടക്കുമ്പോഴും മാവിലേക്ക്‌ കല്ലെറിയുന്ന കുസൃതി കുരുന്നുകൾ . ഞാവൽ പഴം മണ്ണ് അടര്ത്തി രുചിയോടെ നുണയുന്ന ഒരു പറ്റം കുട്ടികളെയും കാണാം. ഇങ്ങനെ വ്യത്യസ്തമായ അഭിരുചികൾക്ക് അനുസ്രുതമായി കൂട്ടം കൂടിയുള്ള കളികൾ . സൂര്യരശ്മികളെ പടിഞ്ഞാറൻ കടൽ അപ്പാടെ വിഴുങ്ങിയാലും ഇരുളിന്റെ മറയിൽ ഒരു സെക്കന്റ്‌ കൂടെ മോഹിക്കുന്ന കുട്ടികൾ

ഇന്ന് മതിലുകൾക്കപ്പുറം മറ്റൊരു ലോകമാണു. കളികൾ അവർക്കറിയില്ല .ബന്ധങ്ങളുടെ മൂല്യം അവരിൽ നിന്നും അന്യമായിരിക്കുന്നു, ടെലിവിഷന്റെയും , കമ്പ്യുട്ടരിന്റെയും ആരാധകരായി തീർന്ന നമുക്ക് കൂടപിറപ്പ് കളോടോ അമ്മയോട് വരെ സംസാരിക്കാൻ സമയമുണ്ടോ . അവരിൽ ആരോഗ്യമുള്ള മനസുണ്ടോ, ശരീരമുണ്ടോ ഇവ രണ്ടും കൂടെ കുടുംബബന്ധ ങ്ങളോടോപ്പം ശിഥിലമായ് . കുട്ടികൾ ഒത്തൊരുമിച്ച് കളിക്കുമ്പോൾ അവർ തമ്മിലുള്ള ഒത്തൊരുമയും, പിണക്കവും, ഇണക്കവും, മനുഷ്യബന്ധങ്ങളുടെ ഊടും പാവും നെയ്യുന്നു. നന്മതിന്മകളെ തിരിച്ചറിഞ്ഞു കർത്തവ്യങ്ങൾ നിർവഹിക്കുവാൻ പ്രേരിതനാക്കുന്നു . കളിസ്ഥലങ്ങളിൽ വെച്ച് കുട്ടികളിൽ ഉണരുന്ന വാസനകൾ അവരുടെ ഭാവത്മകകഴിവുകൾക്കൊപ്പം ബുധിവികാസത്തിനും കാരണമാകുന്നു. ഒരു ഉത്തമ പൌരന്റെ വ്യക്തിത്വത്തിനാവശ്യമായ സംഘബോധവും, നീതിബോധവും തുടങ്ങി സാമൂഹിക പെരുമാറ്റരീതികളുടെ മാനവീകമൂല്യങ്ങൾ ഉൾകൊള്ളുന്ന ഒട്ടേറെ ഗുണങ്ങൾ സാംശീകരിക്കുവാൻ ഇത്തരം കളിസ്ഥലങ്ങൾ പ്രാധാന്യമർഹിക്കുന്നുണ്ട് . എന്നാൽ ഈ കൂട്ടായ്മകളിൽ നിന്നും ലഭ്യമാകുന്ന അറിവുകൾ വിശകലനം ചെയ്യുവാൻ മാതാപിതാക്കളുടെ ശ്രദ്ധ ഉണ്ടായിരിക്കുകയും വേണം.

തീർച്ചയായും പഠനഭാരം ഇറക്കിവെക്കാനുള്ള അവസരമാണ് അവധിക്കാലം . കളിക്കാനും കൂട്ടുകാരോടൊത്ത് ഉല്ലസിക്കാനും അവരെ അനുവധിക്കണം. അവരുടെ ന്യായമായ അവകാശങ്ങളെ നാല് ച്ചുവരുകൾക്കുള്ളിൽ അടച്ചിടുമ്പോൾ അവിടെ മുരടിക്കുന്നത് ബാല്യം മത്രമല്ല എന്ന് ലോകം അറിയുക. അവന്റെ വസ്ത്രങ്ങളിൽ അഴുക്കും പൊടിയും പുരളട്ടെ, അവന്റെ ശരീരം കളിച്ച് വിയർക്കട്ടെ, കൈകാൽ മുട്ടുകൾ ഭൂമിദേവിയെ സ്പർശിച്ച് ഉരഞ്ഞു പൊട്ടുമ്പോൾ അവൻ പ്രകൃതിയെ സ്നേഹിക്കാൻ തുടങ്ങും, അത്തരം മുറിവുകൾ അവന്റെ മനസിനെ സ്പർശിക്കും . വേദന എന്തെന്നറിയാതെ ഇന്ന് വളരുന്ന തലമുറ പസ്പരം സ്നേഹിക്കാൻ മറക്കുന്നു. മറ്റുള്ളവരെ കൊല്ലുന്നതും, കൊലവിളി നടത്തുന്നതും വിനോദമാക്കുന്നു , ബാലപീഡനമുൾപ്പടെയുള്ള ബലാത്സംഗ കേസുകളും , പ്രകൃതിവിരുദ്ധ നിഷ്ഠൂര കൃത്യങ്ങളും നടമാടുന്ന ഇന്നത്തെ അവസ്ഥക്കു മുഖ്യം പസ്പരം ആരും കാണുന്നില്ല അറിയുന്നില്ല എന്നതാണ് . നാലുചുവരുകൾ ക്കിടയിൽ നിന്നും തുറന്നുവിടൂ, കമ്പ്യുട്ടറിന്റെ ചാറ്റ് റൂമിൽ ഇരുന്നു അവൻ നേടുന്ന അറിവല്ല യർതാർഥ്യം എന്ന് തിരിചരിയൂ........... അവർ ശുദ്ധവായു ശ്വസിക്കട്ടെ , അടുത്ത അധ്യയന വർഷത്തിലേക്കുള്ള ഊർജ്ജം അവൻ സ്വയം സമ്പാദിക്കട്ടെ.

നമ്മുടെ രാജ്യത്തിനാവശ്യം കാരുണ്യവും, പ്രതികരണ ശേഷിയും, ചുറുചുറുക്കുമുള്ള പൗരന്മാരെയാണു. ബുദ്ധികൊണ്ട് മാത്രം യാന്ത്രികമായി പ്രവർത്തിക്കുന്ന യന്ത്രങ്ങളെയല്ല . നമ്മുടെ കുട്ടികളെ പ്രകൃതിയിലേക്കിറക്കൂ താനേ പ്രകൃതി നമ്മെയും സ്നെഹിക്കും. ആരോഗ്യവന്മാരെ വാര്ത്തെടുത്ത് ഇന്നത്തെ വ്യായാമവിശ്രമ കേന്ദ്രങ്ങളാകുന്ന ജിമ്നസ്റ്റിക് ബിസിനസ് തന്ത്രങ്ങളോട് വിട പറയൂ . ബാലമനസ്സുകളെ കരുത്തുറ്റതാക്കൂ ....... അവൻ നമ്മെ പോലെ കളിച്ചു തന്നെ വളരട്ടെ...............

2 comments:

  1. ചിന്തനീയം തന്നെ പ്രിയ അക്ഷരാ.....ആശംസകള്‍..!!

    ReplyDelete
  2. അക്ഷരാ, ബാക്ക് ഗ്രൌണ്ടിലെ കറുപ്പ് ഒഴിവായാല്‍, അക്ഷരങ്ങള്‍ക്ക് ഇത്തിരികൂടി വലിപ്പം ഉണ്ടായാല്‍ നന്നായിരുന്നു.

    ReplyDelete

വീണ്ടുമൊരു തിരുവാതിര

വീണ്ടുമൊരു തിരുവാതിര Posted by  jyothi haridas  on December 23, 2015 at 3:30pm Send Message     View Blog വൈകീട്ടു വീട്ടില്...