Sunday 21 May 2017

2016 ജനുവരി 10 'ഒരു തിരനോട്ടം'

2016 ജനുവരി 10 'ഒരു തിരനോട്ടം'

സാധാരണയായി കണ്ടതും കേട്ടതും പോയതും ഒക്കെയായ കഥകളും കാര്യങ്ങളുമൊക്കെ പറഞ്ഞുകൊടുക്കുന്നത് എന്റെ അമ്മിണ്ണിക്കുട്ടിക്കാണ് . ഇക്കഥക്കൊപ്പം ഉണ്ടായിരുന്നത്കൊണ്ട് കേൾക്കാനൊരു മടി . എനിക്കാണെങ്കിൽ പറഞ്ഞേ തീരൂ. അവസാനം ഗതികെട്ട് ആലോചിരിക്കുമ്പോൾ സ്വകാര്യചാനലിലെ 'തിരനോട്ടം' പരിപാടി ഓർത്തു. എന്താപ്പോ ഇതൊന്നു അവരോടു പറഞ്ഞാൽ . വേഗം ബുക്ക്‌ എടുത്ത് നമ്പർ തപ്പി. എങ്കിൽ അത് ലോകരോടായി തന്നെ പറയാം എന്ന് കരുതി. അവർ കേട്ടതു പാതി കേൾക്കാത്തതു പാതി കുറ്റിയും കൊടയുമൊക്കെയായി ഓടിയെത്തി.
എല്ലാ സെറ്റപ്പും നിരത്തി വിളിച്ചു. അയ്യോ ഇതൊക്കെ എന്ത് കുന്ത്രാണ്ടാ. എനിക്ക് ഇതിനു മുന്നിലൊന്നും ഒന്നും പറയാനറിയില്ല. ഹേ..ഹേയ് അതൊക്കെ മാറ്റൂ.. അതൊന്നും പറ്റില്ലെന്ന് പറഞ്ഞ് അവർ ഔദ്യോഗിക ഉപചാരങ്ങളിലേക്ക് കടന്നു.
എല്ലാവർക്കും തിരനോട്ടം പരിപാടിയിലേക്ക് സ്വാഗതം.
ഇന്നീ പരിപാടിയിൽ കായലിലെ ബ്ലോഗ്‌ പരിപാടിയെക്കുറിച്ചാണു ഞങ്ങൾ പങ്കുവയ്ക്കുന്നത്. പരിപാടി ഇഷ്ടപെട്ടാൽ ബ്ലോഗിലെ ഓരോരുത്തരെയും പ്രേക്ഷകരായ നിങ്ങള്‍ക്ക് ഇവിടെ ഞങ്ങള്‍ പരിചയപ്പെടുത്തുന്നതാണ്. ഓരോരുത്തുരടെയും വ്യത്യസ്തമായ ഇന്നലെകളിലെ അനുഭവങ്ങളെയും കഷ്ടപ്പാടുകളും സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവെക്കുന്ന ഈ പരിപാടിയിൽ മേഡം എന്താണ് നമ്മോട് പറയുന്നത് ആ ദിവസത്തെ കുറിച്ച് നമുക്കു കാതോർക്കാം
കൂട്ടുകാരെ,
മലയാളക്കരയിലെ മലയാളം മറക്കുന്ന അല്ല മലയാളം കേൾക്കാൻ  പോലും കഴിയാത്ത നമ്മുടെ നാട്ടിൽ ഹിന്ദിയും ബംഗാളിയും മറാത്തിയും കേട്ടുണരുന്ന നമ്മുടെ കുഞ്ഞുമക്കളുള്ള  നാടായി നമ്മുടെ കൊച്ചുകേരളമെന്ന മലയാളനാട് അല്ലെ. എന്നാൽ   ഇക്കാലത്ത് മലയാളത്തെ സ്നേഹിക്കുന്ന മലയാള അക്ഷരങ്ങളെ സ്നേഹിക്കുന്ന സുമനസ്സുകൾക്ക് അതിലുപരി ഒരൽപം എഴുതാൻ അഭിരുചിയുള്ളവർക്ക് എങ്ങനെയെല്ലാം വായനക്കാർക്ക് നല്ലൊരു വായാനാസുഖം പകരാമെന്ന് പരസ്പരം പഠിപ്പിക്കുകയും ,പഠിക്കുകയും ചെയ്യുന്ന മറുനാടൻ മലയാളികൾ ഉൾപ്പെടുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പ് ആയ 'മനസ്സ്' ഈ കഴിഞ്ഞ ജനു 10 നു കൊച്ചി കായലിൽ ഒരു ഒത്തുചേരൽ ഉണ്ടായി. എന്റെ ആദ്യ ബ്ലോഗും, ഇതിലെ പുതുവംഗവുമായ എനിക്ക് ആ ദിവസം തികച്ചും വേറിട്ടതു തന്നെ ആയിരുന്നു. സംഗമം എന്ന് കേട്ടത് മുതലുള്ള എന്റെ ദിനങ്ങളാണ് പങ്കുവെക്കുന്നത്.
അറബിക്കടലിലെ തിരമാലകളോടു സല്ലപിക്കുന്ന, കൊച്ചിക്കായലിലെ കുഞ്ഞോളങ്ങളെ തഴുകിയെത്തുന്ന മറൈൻ ഡ്രൈവ് കായല്‍പ്പരപ്പില്‍ , അനന്തമായ ആകാശത്താഴ്‌വരയ്ക്കു കീഴെ കമഴ്ത്തിവച്ച വില്ലുപോലെ നിലകൊള്ളുന്ന മഴവിൽ പാലത്തോടു് ചേർന്നു കിടക്കുന്ന 'ഗ്രേറ്റര്‍ കൊച്ചിന്‍ ' ബോട്ടിൽ മലയാളത്തിന്റെ ഏറ്റവും മികച്ച ഓണ്‍ലൈൻ കൂട്ടയ്മയായ 'മനസ്സ്' സംഗമവേദിയായി പ്രഖ്യാപനം നടത്തിയപ്പോൾ മുതൽ ആർത്തിരമ്പുന്ന കടലായിരുന്നു മനസ്സിലെ അംഗമായ എന്റെ മനസ്സ്.
'സുനാമി' തീർക്കാവുന്ന ആഴത്തോളംവരെ ഉയർന്നു പൊങ്ങുന്ന തിരമാലകൾ അലയടിക്കുന്ന മനസ്സുമായി ദിനരാത്രങ്ങൾ കൊഴിഞ്ഞുപോയ്‌. മുഖപുസ്തകത്തിൽ കൊടുക്കുന്ന പ്രസ്താവനകളും തലക്കെട്ടുകളുമൊക്കെ മനസിൽ ത്തട്ടിയ എന്റെ സുഹൃത്തുക്കൾ ഞങ്ങളെ കാണുമ്പോൾ ആ വരികൾ 'നന്നായിരുന്നുട്ടൊ ' എന്നു പറയുമ്പോൾത്തന്നെ മുനയും കൊള്ളിവാക്കുകളുംവച്ചു പരിഹസിക്കുന്ന എന്റെ പ്രിയതമനോട് ഇതു ഞാനെങ്ങനെ പറയും. പോവേണ്ട എന്നുവച്ചാൽ പ്പിന്നെ ടെന്‍ഷന്‍ വേണ്ടല്ലോ? അങ്ങനെ കരുതിയങ്ങുറങ്ങും. പുലർന്ന്‍ ഓഫീസ്സിലെത്തും വരെയും വളരെ ഹാപ്പി.
രാവിലെ ഓഫീസില്‍ വന്നു മനസ്സിന്റെ താളുതുറക്കുമ്പോൾ വീണ്ടും പൂതി, പോകണം എന്ന്. 'ഇന്ന് എന്തായാലും ഞാൻ ചോദിക്കും' എന്ന് മനസ്സിലുറപ്പിക്കും . വൈകിട്ടു വീട്ടില്‍ച്ചെല്ലുമ്പോള്‍ കാര്‍ഷിക സര്‍വ്വകലാശാല സെക്യുരിറ്റി ജീവനക്കാരെ ജോലിയില്‍ വീഴ്ചവരുത്തുന്നതിനു ശാസിക്കുന്ന കൊച്ചുമുതലാളിയുടെ ദേഷ്യംകൊണ്ടു ചുവന്നുതുടുത്ത മുഖം കാണുമ്പോള്‍ 'ചോദിക്കുകയും പോകുകയും ഒന്നും വേണ്ട' എന്നുതോന്നി വീണ്ടും വായടക്കും .

പിറ്റേന്നു നേരംവെളുക്കും, ഓഫീസിൽ വരും, മനസ്സിലെ താരങ്ങളുടെ കഴിഞ്ഞു പോയ സംഗമങ്ങളുടെ വിശേഷങ്ങള്‍ വായിക്കുമ്പോള്‍ വീണ്ടും പൂതിപെരുക്കും. എനിക്കാണെങ്കിൽ ഇതൊക്കെ ആദ്യമായിട്ടു കിട്ടുന്ന അവസരമാണ്. ദിവസങ്ങളാണെങ്കില്‍ കൊഴിഞ്ഞു പോയ്കൊണ്ടെയിരുന്നു. മനസ്സിലെ കൌണ്ട് ഡൌണ്‍ തുടങ്ങിക്കഴിഞ്ഞു. കിടന്നൊന്നു കണ്ണടച്ചാല്‍ ഈ ചിന്തമൂലം ഉറക്കമില്ലാതായി.
അങ്ങനെ ഒടുവില്‍ 'വിവരസാങ്കേതിക വിദ്യ പുരോഗമിച്ചത് മറന്നോ നിനക്കെന്താ വിളിച്ചാൽ ' ഉപബോധമനസ്സിന്റെ ജല്പ്പനം. വേഗം തന്നെ ഫോൺ എടുത്തു നമ്പറിൽ കാൾ അമർത്തി ഒരടി (റിംഗ്) അടിച്ചപ്പോൾ വീണ്ടും പേടി. ഓഫ്‌ ചെയ്തു. പിന്നെയും 'വിളി പെണ്ണേ... വിളി പെണ്ണേ' എന്ന് ആരോ ഉള്ളിലിരുന്നു കൂകുന്നു. വീണ്ടും വിളിച്ചു. ഇനി ജനു . പത്തിലേക്ക് മണിക്കൂറുകൾ മാത്രം ബാക്കി.
'എവിടെയാണ് തിരക്കിലാണോ' എന്നൊക്കെ ആമുഖം ' ചന്ദ്രേട്ടൻ എവിടെയാ' സിൽമ ഇറങ്ങും മുൻപേ ഉള്ള എന്റെ ശൈലിയാണ് . വലിയൊരു ആമുഖത്തോടെ തന്നെ കാര്യം അവതരിപ്പിച്ചു. ഇത്രയും ദിവസത്തെ വ്യാകുലതകളും, രാത്രികളിൽ കളഞ്ഞ ഉറക്കവും എന്തിനാണ് എന്ന് തോന്നുംവിധം സൗമ്യതയോടെ 'നോക്കട്ടെ' എന്ന് ഉത്തരം നൽകി .ഊതി വീർപ്പിച്ച ബലൂണിൽ നിന്ന് വായു സ്വതന്ത്രമായത് പോലെയുള്ള ആശ്വാസം. ഇനി വരുന്നിടത്ത് വരട്ടെ എന്ന് കരുതി അന്ന് നന്നായ് ഉറങ്ങി.
'ശനിയാഴ്ച വൈകീട്ട് വിളിച്ച് ഞാൻ വരുന്നില്ല എങ്ങനെ പോകും' എന്നൊരു ചോദ്യം.ഹമ്മേ പണി പാളി....എങ്കിലും അനിയനെ കൂട്ടി പൊയ്ക്കോ എന്ന് പറഞ്ഞു അതൊരാശ്വാസം. അപ്പൊഴതാ അവനു ഒഴിച്ചു കൂടാൻ വയ്യാത്ത ഒരു കല്യാണം.
മനസ്സിന്റെ ഒത്തൊരുമയിൽ എന്നെ എത്തിക്കണമെന്നത് ഈശ്വരനിശ്ചയിച്ചതിനാലാകാം വീണ്ടും എന്റെ ഫോൺ ശബ്ദിച്ചു.ഹരിയേട്ടൻ. ഡ്യൂട്ടി കഴിഞ്ഞു നേരത്തെ വന്ന് കൂടെ പോരാമെന്നു തന്നെഉറപ്പിച്ചു.
രാവിലെ പതിവിലും നേരത്തെ വന്നു റെഡിയായി. കാറിൽ കയറിയപ്പോൾ പകുതി സമാധാനമായി.
പോയാലും, പോയില്ലെങ്കിലും ഇതൊന്നു കൈയ്യിൽ ഇരിക്കട്ടെ എന്ന് കരുതി അവസാന വർക്കിംഗ് ഡേ തന്നെ റൂട്ട് മാപ്പ് ഒന്ന് പ്രിന്റൗട്ട് എടുത്തു കൈയിൽ കരുതിയിരുന്നു. കുടുംബ സുഹൃത്തും മൂപ്പർക്ക് ഏറെ വിശ്വസ്തനുമായ ഡ്രൈവർ അഖിനെ ഏൽപ്പിച്ചു . വണ്ടി പടി കടക്കുമ്പോൾ വലിയ കൈകൂലിക്കാരിയായ എടക്കളത്തൂർ ഭഗവതിയോട് നന്ദി പറയുന്നതോടൊപ്പം എല്ലാം അമ്മയുടെ കൈയിൽ കൊടുത്ത് എൽപ്പിച്ചിട്ടുണ്ടെന്നു പറഞ്ഞ് പതിവ് പോലെ റ്റാ ..റ്റാ നൽകി .
പകുതി ദൂരം ചെന്നപ്പോ 'ഞങ്ങൾ വരുന്നുണ്ട്' എന്ന് മീനു ടീച്ചർക്ക് എസ്. എം. എസ് ചെയ്തു . തിരിച്ചു 'ഞാനും മോളും ഉണ്ടെന്നു' ടീച്ചറും.
അങ്ങനെ മൂവേഴ് വലത്ത് മെട്രോയുടെ നീളമൊക്കെ അളന്നു സൌത്ത് 'റെയിൽവെ സ്റ്റേഷൻ' എന്നൊരു വാക്ക് കണ്ടു സമാധാനമായി. പക്ഷെ അവിടുന്നങ്ങോട്ടല്ലേ തമാശ. എവിടെ നോക്കിയാലും എം.ജി റോഡ്‌ ഏരോയും, സൌത്ത് റെയിൽവേ സ്റ്റേഷൻ ഏരോയും. 'പെട്ടില്ല്യെഭഗവാനെ'.
വഴിയിൽ കണ്ട കിളിയോടും, മൃഗങ്ങളോടു പോലും വഴി ചോദിച്ച് കറങ്ങി കറങ്ങി ഒടുവിൽ അവസാനം ഫോണെടുത്ത് കെ.കെ ജേഷ്ഠനെ വിളിച്ചു. അങ്ങോട്ടും ഇങ്ങോട്ടുമോക്കെയുള്ള വിളികൾക്കൊടുവിൽ മഴവിൽ പ്പാലത്തിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ എത്തിപ്പെട്ടു.
എന്നിട്ടും നമ്മുടെ ഗ്രേറ്റർ കൊച്ചിൻ എവിടെ എന്ന് ഒന്ന് കണ്ടുകിട്ടാൻ കുറെ തെക്കോട്ടും വടക്കോട്ടും നടന്നു. അവസാനം സമയം കഴിഞ്ഞു ബോട്ടെടുത്ത്‌ പോകോ എന്നായി ശങ്ക.
നിരാശക്കൊടുവിൽ ഞങ്ങൾക്കെതിരെ ഞങ്ങളെ തിരഞ്ഞെന്നു തോന്നുന്നു നടന്നു വരുന്ന ഒരു കൊമ്പന്മീശക്കാരനെ ശ്രദ്ധയിൽപ്പെട്ടു.കൂടെ പൊക്കവും സാമാന്യം തടിയുമുള്ള ഒരാളും. മനസ്സ് കുടുംബാംഗങ്ങൾ സ്വന്തം ഫോട്ടോ ഇടുന്നതിന്റെ പ്രോയോജനവും ഉപകാരപ്രദമായി എന്ന് എടുത്തു പറയാതെ വയ്യ. അവരെ കണ്ണിൽ പ്പെട്ടതും
ആശ്വാസത്തോടെ അമ്മിണിക്കുട്ടിയുടെ കൈപിടിച്ച് ഞാൻ പറഞ്ഞു
'ദാ അമ്മ്വോ ... കെ.കെ സർ'.
ഹരിദാസൻ നായരും കെ.കെ ജേഷ്ഠനും തമ്മിൽ കൈകൊടുത്ത് പരസ്പരം പരിചയപ്പെട്ട നിമിഷത്തിൽ വളരെക്കാലത്തെ വിയോഗത്തിനു ശേഷം കണ്ടുമുട്ടിയ ചിരകാല പരിചിതമായ സുഹൃത്തുകളെ പോലുള്ള സന്തോഷം മുഖത്ത് കണ്ടു. അവിശ്വസനീയമായ കാഴ്ച കണ്ടു അന്ധാളിച്ചു നിൽക്കുന്ന എന്നെ വാക മരത്തിന്റെ ഇടതൂർന്ന ഇലകൾക്കിടയിൽ കൂടി പാളി നോക്കി കിഴക്കൻ സൂര്യൻ പല്ലിളിക്കുന്നുണ്ടായിരുന്നു. ഞാനവനോട് കൊഞ്ഞനം കുത്തി കാണിച്ചു. രാവിലെ കേവലം ഒരു മണിക്കൂർ രാഹുൽ ബസ്സിന്റെ മുൻഭാഗത്തെ ചില്ലിനോട് ചേർന്നിരുന്നു സംസാരിക്കുന്ന പതിവുണ്ട്. കഥകളും കാര്യങ്ങളും വിരിയുന്ന ഇടമാണ് അത്. അക്ഷരങ്ങളെ വാക്കുകളും വരികളുമാക്കി എന്റെ തുക്കട ഫോണിന്റെ ഡ്രാഫ്റ്റിൽ സൂക്ഷിക്കുമ്പോൾ കൂടുതൽ പ്രാകാശം ചൊരിഞ്ഞ് എന്റെ കണ്ണുകളെ കാണാതാക്കി കൊണ്ടവൻ എന്നുമെന്നെ കളിയാക്കി പല്ലിളിക്കൽ ഉള്ളതാണ്.
നടന്നു ബോട്ടിനടുത്ത് എത്തുമ്പോഴേക്കും മീനുടീച്ചറിന്റെ കിളികൊഞ്ചൽ നാദത്തിൽ 'ജ്യോതീ ....എന്നാ വിളിയുടെ പരിചിത ഭാവം കായൽക്കരയിൽ അലയടിക്കുന്നുണ്ടായിരുന്നു. ആശ്വാസമായി. ബോട്ടിനകത്തുകടന്നപ്പോൾ ആരെയും അപരിചതരായി തോന്നിയില്ല. എന്നാലും ഔപചാരികതയില്ലാത്ത എല്ലാവർക്കും പുഞ്ചിരി സമ്മാനിച്ചു .
പ്രഭാതഭക്ഷണമായ ഇഡലി, നൂലപ്പം, വെള്ളേപ്പം കറികൾക്കൊപ്പം മീനു ടീച്ചറിന്റെ നർമ്മരസങ്ങളും രുചി കൂട്ടിയെന്നു പറയാതെ വയ്യ. പ്രാതൽ കഴിക്കുന്ന ശീലം പതിവുള്ളതല്ല.എങ്കിലും എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി കറികളോന്നും കൂട്ടാതെ ഒരു വെള്ളേപ്പം അകത്താക്കി. 'ഇഡ്ഡലി' വളരെ സോഫ്റ്റ്‌ ആയിരുന്നെന്നും ജീവിതത്തിൽ ഇക്കാലമത്രയും ഇത്രയും രുചിയുള്ള ഇഡ്ഡലി കഴിച്ചിട്ടില്ല എന്നും ഹരിയേട്ടൻ പുകഴ്ത്തുന്നുണ്ടായിരുന്നു. മനസ്സ് കൂട്ടായ്മയുടെ ആദ്യപുകഴ്ത്തൽ അവിടെ നിന്നേ മൂപ്പർ തുടങ്ങി വെച്ചു.
ആർഭാടങ്ങളുടെയും, ആലങ്കാരിക പുതുമകളും ഇല്ലാത്ത തികച്ചും സാധാരണമായ ബോട്ട്. ആധികാരികതയില്ലാതെ തുറന്നു പറയട്ടെ 'തോരണങ്ങളും, വൻസെറ്റപ്പുമൊക്കെയായി പുറകിലെ കസേരയിൽ ഒരഭയാർഥിയെ പോലെയിരിക്കുന്ന ഞാൻ' അതായിരുന്നു സങ്കൽപ്പം .പക്ഷെ ഇവിടെ കണക്കുകൂട്ടലുകൾ ഒക്കെ തെറ്റി. ഇവിടെ ഓരോരുത്തരും വ്യത്യസ്തമായിരുന്നില്ല. ജലകണങ്ങളാൽ മാരിവില്ല് തീർക്കുന്ന മഴവിൽ കൂട്ടായ്മ എന്ന് വിശേഷിപ്പിക്കാൻ മനസ്സ് കൊതിപ്പിച്ചു.
എനിക്ക് ഇഷ്ടപ്പെട്ട ഒരു സാഹചര്യമായിരുന്നു അവിടെ ഉണ്ടായിരുന്നത്. എന്റെ കണ്ണും, മനസ്സും ആഗ്രഹിച്ച ആരെയൊക്കെയോ കാണാനാകാഞ്ഞത് ലേശം നിരാശ പരത്തി.

ബോട്ടിന്റെ മുകളിലെ നിലയിൽ കയറി മൂത്തകാരണവരുടെ അടുത്ത് ചെല്ലുമ്പോഴുണ്ടാകുന്ന വിറയലോ =ടെ തന്നെ നാരായണൻ സാറിന്റെ അടുത്ത് ചെന്ന് കൈ കൊടുത്തു. പക്ഷെ, സാർ എന്റെ ഉള്ളിലെ കാരണവഭയമൊക്കെ ഭേദിപ്പിച്ചു കൊണ്ട് ന്യൂ ജനറേഷൻ അമ്മാവനായി സൗമനസ്യ മായൊരു പുഞ്ചിരി സമ്മാനിച്ചു. എനിക്കത് സന്തോഷവും കരുത്തും പകർന്നു .
ഇതിനിടെ കെ. കെ സാറും, പ്രേമൻ സാറും, മീനുടീച്ചരറുമൊക്കെ 'ആരെങ്കിലും മാർഗ്ഗമധ്യേയുണ്ടോ, കായലിൽ ഉണ്ടോ? കരയ്ക്കുണ്ടോ? അരികിലുണ്ടോ, അകലെയുണ്ടോ'? എന്നൊക്കെ വിളിച്ചു ചോദിക്കുന്ന തിരക്കിലായി.ആരും ഇല്ലെന്നു ഉറപ്പുവരുത്തി 'ഗ്രേറ്റർ കൊച്ചിൻ' ബോട്ട് കായൽ തീരത്ത് നിന്നും മെല്ലെ ഇളകാൻ തുടങ്ങി.
ഡാവഞ്ചി സർ, നാരായണൻ സർ,ഹരി സാർ, നമ്പ്യാര് മാഷും കുടുംബവും, ബിന്ദു ടീച്ചറും മകനും , മീനു ടീച്ചറും മകളും , സരോജ ചേച്ചി, പിള്ള ചേട്ടൻ, സജ്ദ് ഇക്കയും മകനും, കെ.കെ ജേഷ്ഠനും കുടുംബവും, രാജി ചേച്ചി , ഗായകനും എനിക്കധികം പരിചിതനുമല്ലാത്ത മനോജും ഭാര്യയും, പിന്നെ ഞാനും കുടുംബവും, സലിം ഇക്കയുമോക്കെയുള്ള ഈ സംഗമവേദി മെല്ലെ ജലപ്പരപ്പിലൂടെ നീങ്ങി തുടങ്ങി.
പ്രായത്തിൽ ഏറിയ നാരായണൻ സാർ തന്നെ അധ്യക്ഷസ്ഥാനം വഹിക്കട്ടെ എന്ന് എല്ലാരും കൂടെ ഉറക്കെ തീരുമാനിച്ചപ്പോൾ നാരായണൻ സാർ സ്ഥാനത്തിനു സമ്മതിക്കുമ്പോഴും ഇങ്ങനെ കൂട്ടിച്ചേർത്തു . 'കാര്യമൊക്കെ ശരി തന്നെ ഇതിൽ ഞാൻ വയസ്സനെന്നു കരുതിയാണ് നിങ്ങൾ ഇതിനു മുതിർന്നത് എന്നറിയാം. പക്ഷെ കുറച്ച് അസുഖങ്ങളും കാര്യങ്ങളുമൊക്കെ ഉണ്ടെങ്കിലും ഞാൻ നിങ്ങളെക്കാൾ ചെറുപ്പമാണ് ' എന്ന് ഞങ്ങളെ ഓർമ്മിപ്പിക്കാനും ചിരിക്കാനും ചിരിപ്പിക്കാനും ഒന്നും മറന്നില്ല.
കുറെ നേരമായി പച്ച നിക്കറിട്ട മേശമേൽ വൈലറ്റ് ഉടുപ്പിട്ട് ഒന്ന് 'എന്നെ ഒന്ന് തുറക്കോ, ഞാനൊന്നു നിങ്ങളെ എല്ലാവരെയും കാണട്ടെ ' എന്ന് യാചിക്കുന്നു.. ആ മേശക്കു സമീപം ഡാവഞ്ചി സാറും, നാരായണൻ സാറും ഉപവിഷ്ടനായി. പതിവ് പ്രകാരം പ്രാർത്ഥനയും, ആദര സൂചകമായ മൗന പ്രാർത്ഥനയും നടന്നു. തുടർന്നു കലാലോകത്ത് മാസ്മരിക കരവിരുത് സൃഷ്ടിക്കുന്ന സുരേഷ് എന്ന മനസ്സിന്റെ ഡാവഞ്ചി സാറിന് , മനസ്സിന്റെ മനസ്സ് ഒന്നായ് കൊണ്ട് നാരായണൻ സാറും കെ.കെയും വയലറ്റ് ഉടുപ്പഴിച്ച് ആ മിന്നുന്ന ഉപഹാരം കൈമാറി. പിന്നീട് പലരും അടിക്കുറിപ്പ് മത്സരങ്ങളിലേതും സമ്മാനങ്ങൾ ഏറ്റുവാങ്ങി. അതിൽ ഒന്നായി ഞാനും ഉണ്ടായിരുന്നു. പക്ഷെ അവിടെ നമ്മുടെ പ്രമുഖ വാഗ്മി നമ്പ്യാര് മാഷ് 'മനസ്സിലെ മൗനം ' എന്ന് വിശേഷിപ്പിച്ചപ്പോഴും , ജ്യോ എന്ന വിളി കേട്ടപ്പോഴും 'കക്കാടിന്റെ പുരാവൃത്തം' കൈയ്യിൽ കിട്ടിയതിനേക്കാൾ സന്തോഷം തോന്നി.
പിന്നീട് ഡാവഞ്ചി സാർ സന്തോഷഭരിതമായ നിമിഷങ്ങൾക്ക് കേവലം ചുരുങ്ങിയ നിമിഷങ്ങൾക്കുള്ളിൽ ധാരാളം വാക്കുകൾ പറയുകയും, പാടുകയും ചെയ്ത് ഞങ്ങളെ കുളിരണിയിപ്പിച്ചു. കൊടുങ്ങല്ലൂരിലെ താലപൊലിക്കുള്ള ചലിക്കുന്ന പ്രതിമയുടെ നിമ്മാർണ ഘട്ടങ്ങൾ നടക്കുകയാണെന്നും, അതിവേഗം നമുക്ക് അവിടെ എത്തേണ്ടതുണ്ട് അതിനാൽ അടുത്ത സ്റ്റോപ്പിൽ ഇറങ്ങണം എന്ന് അപേക്ഷിച്ചു. അപേക്ഷകൾ ഉപേക്ഷ കൂടാതെ സ്വീകരിക്കുന്ന ഈ കൂട്ടായ്മ ആദരപ്പൂർവ്വം അടുത്ത കരയ്ക്കണച്ച് സന്തോഷത്തോടെ യാത്രയാക്കി.
മനസ്സിലെ കുടുംബാഗംങ്ങൾ സ്വയം പരിചയപ്പെടുത്തുമ്പോൾ ഉള്ളിൽ ഞാൻ എന്ത് പറയും എന്നൊരു ഇടി നടന്നിരുന്നു. ശബ്ദം പതറിയും വാക്കുകൾ കൂട്ടിമുട്ടിച്ചുമൊക്കെ ഞാനും പറഞ്ഞൊപ്പിച്ചു. ഉത്കണ്ഠ കൊണ്ടാകാം അതുവരെ ആരും പറയുന്നത് അങ്ങോട്ട്‌ മനസ്സിലാകാത്ത പോലെ തോന്നിയിരുന്നു. പിന്നീടുള്ള മനസിനെ കുറിച്ചുള്ള വ്യക്തിപരമായ വിവരണങ്ങൾ എല്ലാം ശ്രദ്ധാപൂർവ്വം കേട്ടിരുന്നു.
ഏവർക്കും ഹരമേകി കിലുക്കാം പെട്ടി മീനുടീച്ചറും , എല്ലാം ദ്രശ്യങ്ങളും തന്റെ ഐ ഫോണിനുള്ളിൽ പകർത്തുമെന്നു വേണിമോളും തെളിയിച്ചു.
സഭാകമ്പം തെല്ലും കുഴക്കാതെ നമ്പ്യാര് മാഷിന്റെ കുരുന്നുകളുടെ പാട്ടും, കഥയും , നകുലനും, ഗംഗയുമൊക്കെയായുള്ള ഭാവപകർച്ച ഗംഭീരം. പ്രിയ പത്നിയുടെ ഗുരുവായൂർ കണ്ണനെ അനുസ്മരിപ്പിച്ച ജോയ്മാഷിന്റെ വരികളും ഒന്നിനൊന്നു മെച്ചം. നമ്പ്യാര് മാഷ്‌ എന്തൊക്കെയോ തകർക്കുമെന്ന് വീമ്പു പറഞ്ഞിരുന്നുവെങ്കിലും തൊട്ടടുത്ത ദിവസം നടന്ന 'അഭിരാമം' കൂട്ടയ്മ്മയുടെ ഹാങ്ങ്‌ഓവർ വിട്ടു മാറാത്തത് കൊണ്ടോ, ആ വലിയ ജനക്കൂട്ടം ഇവിടെ ഇല്ലാഞ്ഞോ ഒന്ന് പിൻവലിഞ്ഞതായി തോന്നി. ഒരു സംശയമുണ്ട്ട്ടോ എന്നോട് ആങ്കർ ചെയ്തു കൊളമാക്കും എന്നായിരുന്നു വെല്ലുവിളി നടത്തിയിരുന്നു. മീനു ടീച്ചർ അക്കാര്യം ഏറ്റെടുത്തത്തിന്റെ വല്ലതും ആകുമോ?
സരോജ ചേച്ചിയുടെയും പിള്ളേച്ചന്റെയും അവസരോചിത വാക്ചാതുരിയും, ഗാനങ്ങളും മിഴിവേകി.
ബിന്ദു ടീച്ചർ തന്റെ അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ അത് പ്രായഭേദമന്യേ ഉൾക്കൊള്ളെണ്ട ഒന്നാണെന്ന ബോധം ഉണ്ടാക്കി. ഓരോ വാക്കുകളും അർത്ഥവത്തായിരുന്നു. മകനും ആവേശത്തോടെ പരിപാടിയുടെ ഭാഗമാകുന്നുണ്ടായിരുന്നു.
സജദ്ക്കയുടെ കഥയും , മൈക്കിനോടുള്ള പ്രിയവും എടുത്തു പറയേണ്ടതുണ്ട്. മകൻ നിശബ്ദനായ് ഒതുങ്ങി കൂടി.
വിനോദ് സാർ പ്രൊഫൈൽ ചിത്രങ്ങളെക്കാൾ അന്തരം ഉണ്ടായതുകൊണ്ട് പെട്ടെന്ന് പിടികിട്ടിയില്ല. പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റി.
ഹരിസാർ കഥകളും , അഭിപ്രായങ്ങളും കൊണ്ട് മനസ്സിലെ വാചാലാകുന്ന വ്യക്തിത്വത്തിൽ നിന്നും തികച്ചും മൌനം അവലംബിച്ച് ഫോട്ടോ ഗ്രാഫർ ആയി മാറി.
പിന്നെ ഗാംഭീര്യം തെല്ലും കൈവിടാത്ത കൊമ്പന്മീശക്കാരൻ കെ.കെ സാർ മനസ്സിലെ വന്നതും വരാത്തതുമായ അംഗങ്ങളെ വിലയിരുത്തുകയും, അഭിപ്രായങ്ങൾ പറയുകയും ചെയ്തു. കനത്ത മീശയും, താടിയുള്ളവരെ കുട്ടിക്കാലം മുതലേ ഒരാരാധനയും ബഹുമാനവുമൊക്കെയാണു ആ പ്രിയം കെ.കെ ജേഷ്ഠനോട് ഉണ്ട് .കനത്ത വാക്കുകളും മുതൽക്കൂട്ട് തന്നെയെന്നു പറയാതെ വയ്യ. നടത്തിപ്പിന്റെ ക്ഷീണവും വ്യാകുലതയും പ്രസരിപ്പിനു തെല്ലൊരു കോട്ടം വരുത്തിയിട്ടുണ്ട് എങ്കിലും ഉത്സാഹത്തോടെ പ്രോത്സാഹിപ്പിച്ചും മത്സരപരിപാടികളിൽ പ്രചോദനം നൽകികൊണ്ട് ഒപ്പത്തിനൊപ്പം ഉണ്ടായിരുന്നു. വഴിയരികിലെ വീട്ടിൽ കൂട്ടം കൂടിയ കുട്ടികളുടെ കൂകിലിനു മറുപടിയായ് കൂകാത്ത ബോട്ടിലെ കുട്ടികളെ കളിയാക്കിയപ്പോൾ അച്ഛന്റെ നാടകത്തിൽ കത്തി കൊടുക്കാതിരുന്നുറങ്ങിയ കെ.കെ സാറിനെ ഓർമ്മിപ്പിച്ച് ഞാനും മകളും ഊറി ചിരിച്ചു. രാജിചേച്ചിയുടെ കാവ്യാഭിരുചിക്കൊപ്പമുള്ള പാചകനൈപുണ്യം മീനുടീച്ചർ വെളുപ്പെടുത്തി. കവിതയും നന്നായി. കെ. കെ യുടെ പ്രിയപത്നി എന്ന മേൽവിലാസത്തിൽ കഴിഞ്ഞ മീറ്റുകളിൽ പങ്കെടുത്തിരുന്നുവെങ്കിലും മനസ്സിലെ കവയത്രി എന്ന നിലയിലാണ് ഞാൻ ഈ മീറ്റിൽ പങ്കെടുക്കുന്നത് എന്ന് അഭിമാനത്തോടെ പറഞ്ഞു കൈയ്യടി വാങ്ങാനും മറന്നില്ല. മകളുടെ മൗനം വല്ലാത്തൊരു ചർച്ചാ വിഷയം തന്നെ ആയിരുന്നു. ഞങ്ങളുടെ മടക്കയാത്രയിലും അതൊരു ചർച്ചാ വിഷയമായി.
മനസ്സിന്റെ വാനമ്പാടി മനോജിന്റെ ഗാനങ്ങളും പ്രിയതമയെ പരിചയപ്പെടാൻ കഴിഞ്ഞതും സന്തോഷമുളവാക്കുന്നു.
ഗാനങ്ങളും, ഗാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉണ്ടായ മത്സരാവേശവും പ്രേം സാറിനെ വേറിട്ടു നിർത്തുന്നു .
പ്രധാനാതിഥി എന്ന് വിശേപ്പിക്കാവുന്ന സലാം സാർ ഹൃദയസ്പർശിയായ സംസാരം കൊണ്ട് നമ്മെ പിടിച്ചിരുത്തി. കവിത രചന പോലെ തന്നെ ആലാപനവും വഴങ്ങുമെന്ന് തെളിയിച്ചു. കണ്ണടച്ചിരുന്നു കവിത കേൾക്കുന്നതാണ് തനിക്ക് പ്രിയം. പക്ഷെ ഒന്ന് കണ്ണടപ്പോൾ അച്ഛനും മക്കളും കൂടെ അരുതെന്ന് വിലക്കിയത് ആസ്വാദനം തെല്ലൊന്നു കുറച്ചു. അതിൽ ഒരു വിഷമം തോന്നുന്നു. കണ്ണടച്ചിരുന്നു കവിത കേൾക്കുമ്പോൾ ഓരോ വരികളും നമ്മിലേക്ക് ഇറങ്ങി വരുമെന്ന് എന്റെ കണ്ടു പിടുത്തം മാത്രം. അങ്ങനെ ആസ്വദിക്കാൻ കഴിയുന്ന ആലാപനമാണ് സലാം സാറിന്റെത് .
ഓരോ വാക്കിലും, നാക്കിലും ജോയ് മാഷും, ഉണ്ണിമാഷും നിരന്തരം വന്നു പോകുന്നതുകൊണ്ട് അഭാവം അറിഞ്ഞില്ല എന്നും വേണമെങ്കിൽ നിറസാന്നിധ്യമായിരുന്നു എന്നൊക്കെ പറയാം . ഒരു നാവിൽ നിന്നും പോലും ഈ 2 പേരും വീഴാതിരുന്നിട്ടില്ല എന്നത് ഓർക്കുന്നു .
ഞങ്ങളുടെ കുടുംബം ജീവിതത്തിൽ വളരെയധികം ആസ്വദിച്ച നിമിഷങ്ങളാണ് ഈ സംഗമ ദിവസം. ഇതിനു മുൻപും യാത്രകളും , കൂടിച്ചേരലുകളും ഉണ്ടായിട്ടുണ്ട് . കുടുംബങ്ങൾ ഒത്തു കൂടുമ്പോൾ പോലും ഹരിയേട്ടനെ ഇത്രയും ഉഷാറായി ഞങ്ങൾ മൂന്നുപേരും കണ്ടിട്ടില്ല. എന്തിനെയെങ്കിലും കുറിച്ച് അഭിപ്രായം പറയുന്നതും കേട്ടിട്ടില്ല. പക്ഷെ തിരികെയുള്ള യാത്രയിൽ നാളിതുവരെ കാണാത്ത ഉത്സാഹവും, സംസാരവുമൊക്കെ കണ്ടു. മക്കളും അങ്ങനെ തന്നെ. അച്ചു കുറച്ചൊക്കെ കവിത ചൊല്ലുമെങ്കിലും പ്ലസ്‌ 2 വിനു ശേഷം മടിയാണ് . ഇവിടെ അങ്ങനെ ഒരു വേദി തരപ്പെടുമെന്നു ഒട്ടും കരുതിയില്ല. വളരെ നന്ദി. ഇപ്പോൾ വായനയ്ക്കോ , എഴുത്തുകൾക്കോ ഹരിയേട്ടൻ വിലക്ക് പറയാറില്ല എന്നത് മനസ്സ് സംഗമത്തിന്റെ ഫലമായുണ്ടായ പ്രോത്സാഹനമാണെന്നതിൽ ഒട്ടും സംശയമില്ല. നന്ദിയുണ്ട് എല്ലാവരോടും.
വെയിലടിച്ചും കാറ്റടിച്ചും ഓളം തെല്ലുന്ന കായൽപ്പരപ്പിലെ ജലത്തിന് 100 ഡിഗ്രീ ചൂടുണ്ടെന്നു കാറ്റ് ഞങ്ങളെ തഴുകി കൊണ്ട് പറഞ്ഞു. ബോട്ടിന്റെ ഓരങ്ങളിൽ വെയിലിന്റെ ചൂട് കൂടാൻ തുടങ്ങി. വെയിൽ എനിക്ക് പ്രിയമാണ്. രണ്ടു നേരവും യാത്രയിൽ വെയിൽ കൊള്ളാൻ അല്ല ആ കിരണങ്ങളോട് സല്ലപിക്കാൻ വേണ്ടി വെയിലടിക്കുന്ന ഭാഗം തെരഞ്ഞിരിക്കുന്ന എന്നെ തേടി ബോട്ടിന്റെ വശങ്ങളിലേക്ക് അവിടെയും ചാഞ്ഞവൻ വന്നു. പലരും മാറിയിരിക്കാൻ ആവശ്യപ്പെടുമ്പോഴും മാറാൻ മടി എങ്കിലും വാക്കുകളെ ധിക്കരിക്കാരിക്കാൻ ഒന്ന് ചാഞ്ഞും ചെരിഞ്ഞുമൊക്കെ ഇരുന്നു.
മീനു ടീച്ചർ ,ഓഫീസിലെ ഉച്ചയൂണിനു ശേഷം ഉച്ചയുറക്കം പതിവുള്ളതിനാകാം ഊണ് കഴിഞ്ഞപ്പോൾ മുതൽ ആള് ഒരു മയക്കത്തിൽ ആയിരുന്നു. ബോട്ടിൽ ഉണ്ടായതായെ തോന്നിയില്ല.
കുഞ്ഞുങ്ങളും, മുതിർന്നവരും എല്ലാം ഒരുപോലെ ആഘോഷിച്ച മത്സങ്ങളും , നാടൻപാട്ടും , നാടൻ ശീലുകലളുമൊക്കെയായി ബോട്ട് കരക്കെത്തിയത് അറിഞ്ഞില്ല.
മനസ്സ് അംഗങ്ങളുടെ മനസ്സും, ഒത്തൊരുമയും കണ്ടാകണം ബോട്ടിന് അടുക്കാൻ വല്ലാത്ത ഒരു പ്രയാസം ആയിരുന്നു. കുറെ നേരം കുറ്റിയിൽ കയർ എറിഞ്ഞിട്ടും അവൻ അടുക്കുന്ന ലക്ഷ്ണമേ ഇല്ല. അവസാനം ഞങ്ങൾ കൂടുതൽ മനസ്സുകളുമായി ആടാനും പാടാനും ഇനിയും വരാം സാരല്ല്യ പോട്ടെ എന്നൊക്കെ പറഞ്ഞാണെന്ന് തോന്നുന്നു ബോട്ടിൽ നിന്ന് എല്ലാവരും ഒരു വിധം ഇറക്കി.എങ്കിലും ഇടഞ്ഞ ആനയെ പോലെ അവൻ വീണ്ടും അതിന്റെ പാപ്പാന്മാരെ കറക്കുന്നുണ്ടായിരുന്നു.
പക്ഷെ ബോട്ടിൽ നിന്ന് ഇറങ്ങും മുൻപ് ഒരു ചെറിയൊരു സങ്കടം മനസ്സിൽ കുത്തി വരഞ്ഞു. അത് പിന്നെ പറയാം.
എല്ലാവരും കൂടെ ഒരു ഫോട്ടോ ഒക്കെ എടുത്ത് പിരിയുമ്പോൾ ശരിക്കും ഒരു കൂട്ടുകുടുംബത്തിൽ നിന്ന് വേറിട്ട്‌ പോകുന്ന വേദന തോന്നി.
സംഗമത്തിന്റെ അന്തസത്ത ഉൾക്കൊള്ളിച്ച് എത്താൻ പ്രേരിപ്പിച്ച ഉണ്ണിമാഷിനും ജോയ് മാഷിനുമൊക്കെ എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയുന്നില്ല. നാരായണൻ സാർ, കെ. കെ. സാർ, പ്രേം സാർ, ഹരി മാഷ്‌, സാജിദ്ക്ക, സരോചേച്ചി , നമ്പ്യാര് മാഷ്, രാജി ചേച്ചി, വിനോദ് സാർ, സാലിം സാർ, മീനു ടീച്ചർ, ബോബി സാർ, സുനിൽ സാർ എല്ലാവരോടും നന്ദി പറയുന്നു. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും എന്നും ആശ്വസിക്കുന്നു. വായിക്കാനും എഴുതുവാനും താൽപ്പര്യമുള്ളവരും, എഴുത്തിൽ തഴക്കം വന്നവർ അവരുടെ രചനകളും, പ്രോത്സാഹനവും, തിരുത്തുകളും മറ്റുവർക്ക് കൂടി പകർന്നു തരുവാനും തൽപ്പരരായ മനസ്സുകൾ http://manassu.com/ ആയി ബന്ധപ്പെടണമെന്നും അഭിപ്രായപ്പെടുകൊണ്ട് കുറച്ചു സമയം ഇതിനായി നീക്കി വെച്ച ചാനലിനും പ്രേക്ഷകർക്കും നന്ദി.
വേറിട്ട അക്ഷരങ്ങളെ ഒന്നായ് ചേർത്ത് കഥയും, കവിതയും അവലോകനുമായി മനുഷ്യമനസ്സുകളെ ചിന്തിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുക്കയും ചെയ്യുന്ന ' മനസ്സ് എന്ന അക്ഷരകൂട്ടയ്മയിലെ മനസ്സുകളുടെ ഒരു ദിനം നിങ്ങൾ കണ്ടല്ലോ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും അവരോടു ചേരാൻ അഭിരുചിയുള്ളവരും തിരനോട്ടം പരിപാടിയുടെ ഓഫിലേക്ക് വാട്ട്സ് ചെയ്യേണ്ടതാണ്. ബൈ
(N:B) ഇലകൾ കൊഴിഞ്ഞ മരത്തെ പോലെയാണ് എന്റെ എഴുത്ത്. തിരക്കിനിടയിൽ പലതും കൈവിട്ടു പോയിട്ടുണ്ട്. ഓര്മ്മകളും,വാക്കുകളും, വരികളും എല്ലാം. ഇനിയും ദിവസങ്ങൾ കഴിഞ്ഞാൽ ഒന്നും ഓര്മ്മ വരില്ല. അതുകൊണ്ട് എഴുതി തീർത്തു ക്ഷമിക്കുക. )

No comments:

Post a Comment

വീണ്ടുമൊരു തിരുവാതിര

വീണ്ടുമൊരു തിരുവാതിര Posted by  jyothi haridas  on December 23, 2015 at 3:30pm Send Message     View Blog വൈകീട്ടു വീട്ടില്...