Sunday 21 May 2017

കുട്ടിക്കളി

ഡി.വൈ.ഫ്. ഐ യുടെ വിപ്ലവ ഗാനങ്ങൾ ഒഴുകുന്ന തേക്കിൻക്കാടിലെ ചുവന്ന കൊടിക്ക് കീഴിൽ ഇന്ന് ഞാൻ എന്റെ ബാല്യകാല സുഹൃത്തിനെ കണ്ടു. വലിയ ജനാവലിയും ബഹളത്തിനുമിടയിലും ഞങ്ങൾ പഴയ സുഹൃത്ത് ബന്ധം ഒന്ന് പൊടി തട്ടിയെടുത്തു. വിപ്ലവഗാനങ്ങൾ സിരകളിൽ തീർക്കുന്ന ലഹരി അതൊരു ഊർജ്ജം തന്നെയെന്ന് തിരിച്ചറിയുന്നത് ഇത് ആദ്യമായല്ല. എങ്കിലും പഴയ സ്നേഹിതനു മുന്നിൽ ആ ഗാനങ്ങൾക്ക് എന്തൊക്കെയോ വികാരങ്ങൾ പകരാനായതു പോലെ. മീറ്റിംഗ് തുടങ്ങാൻ ഒന്നും ഞാൻ നിന്നില്ല. പതിവ് പോലെ ഹാജർ പുസ്തകത്തിൽ പേരെഴുതി പുറത്ത് കടന്നു. ഒപ്പം അവനും. പതിയെ കുറച്ചൊക്കെ സംസാരിച്ചു. വിശേഷങ്ങൾ പരസ്പരം കൈമാറി. എന്റെ വിവരങ്ങൾ തിരക്കാറുണ്ടെന്നും മോശം അവസ്ഥയിൽ വന്നു കാണണമെന്നും ദേഹോപദ്രവങ്ങൾ വരെ എന്നൊക്കെ കേട്ടപ്പോൾ മനസ്സ് വല്ലാതെ വേവലാതിപ്പെട്ടിരുന്നു എന്ന് പറഞ്ഞത് ഉള്ളിൽ തട്ടിയാണെന്ന് മുഖം പറയുന്നുണ്ടായിരുന്നു.
എല്ലാം ഒരു നിയോഗം അല്ലാതെന്തു പറയാൻ എന്ന് പറഞ്ഞു ഞാനും അതിനെ തള്ളികളഞ്ഞു.

വയസ്സ് 41 കഴിഞ്ഞു.എന്നിട്ടുമവൻ വിവാഹം കഴിച്ചിട്ടില്ല. കോപ്പറീറ്റീവ് ബാങ്കിൽ സ്ഥിരം ജോലിയാണ്. എന്തോ വാക്കുകളിൽ വിവാഹത്തോട് ഒരകൽച്ച. 80 നോട് അടുത്ത പ്രായമായ അമ്മയും അനിയനുമുണ്ട് വീട്ടിൽ . അനിയനും വിവാഹം കഴിച്ചിട്ടില്ല. മൂന്ന് സഹോദരിമാരും വിവാഹിതർ അപ്പച്ചൻ 20 വർഷമായി മരിച്ചിട്ട്. അപ്പന്റെ മരണശേഷമാണ് സഹോദരിമാരെ വിവാഹം ചെയ്ത് അയച്ചത്. കാര്യമായ സമ്പാദ്യമൊന്നും ഇല്ലായിരുന്നു. എങ്ങനെയോ അതൊക്കെ നടന്നെന്നു ദീർഘനിശ്വാസത്തോടെ അവൻ പറഞ്ഞു. ഒരേ വീട് പോലെ കഴിഞ്ഞവർ ആണ്. മതങ്ങളുടെ വേലിക്കെട്ടുകൾ സിരകളിൽ ആളിപടരാത്ത നല്ല നാട്ടിൻപുറത്തെ അയൽവാസികൾ. അസമയത്ത് ശബ്ദം കേട്ടാൽ , നായ കുരച്ചാൽ , ലൈറ്റ് ഇട്ടാൽ ഒക്കെ എന്താണെന്ന് വിളിച്ചു ചോദിക്കും. രക്തബന്ധത്തിന് പോലും അത്രത്തോളം ആത്മബലം പകരാനാകില്ല.
എന്തേ വിവാഹം കഴിക്കാത്തത് എന്ന ചോദ്യത്തിനു ഉത്തരം പെട്ടന്ന് കിട്ടിയില്ല. ഒരിക്കൽ കൂടി ആവർത്തിച്ചപ്പോൾ ഇങ്ങനെ പറഞ്ഞൊഴിഞ്ഞു. 'ഞാനൊരിക്കൽ ഒരു പെണ്ണിനെ പൂമാലയിട്ട് സ്വീകരിച്ചിരുന്നു അവൾ ഇപ്പോൾ ആരെന്നോ? എവിടെയെന്നോ ഞാൻ തിരക്കാറില്ല'. അത്രയായിരുന്നു മറുപടി. അതിനൊപ്പം ഒരു ചിരിയും. എന്റെ സംശയങ്ങൾക്ക് പിടി തരാതെ വരാലിനെ പോലെ അവൻ ആ ജനസമുദ്രത്തിൽ ഊളയിട്ടു. മൂന്നുദിവസത്തെ പരിപാടിയാണ് നാളെ കൂടുതൽ ചികയാം എന്നാശ്വസിച്ച് അവിടം വിട്ടു.
ബസിൽ കയറി സീറ്റിൽ താടിക്ക് കൈകൊടുത്തിരുന്ന് എന്താണവൻ അങ്ങനെ പറഞ്ഞത് എന്നു തന്നെയായിരുന്നു ചിന്ത.
കുട്ടിക്കാലത്ത് ട്രൌസർ മാത്രം ധരിച്ച് പപ്പടം ഉണക്കാനായി കാക്ക കൊള്ളാത്ത വെയിലത്തിരിക്കുന്ന അവനും സഹോദരങ്ങളും. പരത്തലും ഉണക്കലും എല്ലാം ജനലഴികളിലൂടെ നോക്കിയിരിക്കും. അന്നവന് പ്രായം 11- ഏഴാം ക്ലാസ്. മൂത്തസഹോദരി 9ൽ. ഇളയത് 5, 3,1 എന്നിങ്ങനെ 5 മക്കൾ മൂന്നു പെണ്ണും, 2 ആണും.ഹൈസ്കൂൾ വരെ അവരുടെ വീട്ടിലെ പെങ്കുട്ടികളും പാവാട മാത്രമേ ധരിക്കുക പതിവുള്ളൂ. ട്രൌസറിന്റെ മൂടൊക്കെ പൊളിഞ്ഞും, തുന്നികെട്ടിയുമൊക്കെ ഉണ്ടാകും. എന്ത് പഴയത് വന്നാലും അമ്മമ്മ അവർക്ക് കൊടുക്കും. ഭക്ഷനമായാലും, വസ്ത്രമായാലും. അപ്പച്ചൻ പപ്പടത്തിന്റെ പീട്ട് ഇടിയും പ്രമുഖ പണികളെല്ലാം രാവിലെ തീർത്തു വെയ്ക്കും. വീടിനോട് ചേർന്ന് കൊച്ചുകടയുണ്ട്. അവിടെയും ഇവിടെയുമൊക്കെയായി അപ്പൻ ഒരു യന്ത്രം പോലെ തിരിഞ്ഞു നടക്കുന്നുണ്ടാകും. അതിനിടയിൽ ഇവർ പണിയിൽ അലസത കാണിച്ചാൽ പപ്പടകോൽ കൊണ്ടൊരു ഏറുണ്ട് . ഉന്നം പിഴക്കില്ല. അധികമൊന്നും വീട്ടിൽ ചിരിച്ചു കണ്ടിട്ടില്ല. പക്ഷെ പുറത്തുള്ളവർക്ക് മാപ്ല സരസനും, രസികനും ആണ്. ഇടയിലെപ്പോഴോ ഉള്ളിലിരുന്നു കാർന്നു തിന്നിരുന്ന കാൻസർ അപ്പനെ വിഴുങ്ങി. രണ്ടു ആഴ്ചപോലും കിടന്നില്ല എന്നതാണ് മഹാഭാഗ്യം.

എന്നാൽ ഈ പണികൾക്കിടയിലും ഞങ്ങൾ സംഘത്തോടൊപ്പം കളിക്കാൻ സമയം ഇവർ 5 പേരും എത്തും. പ്രധാനമായും അവധിദിനങ്ങളിലും, അവധിക്കാലങ്ങളിലും വീടുകെട്ടി കളിയാണ് ഉള്ളത്. വെട്ടിയിട്ട ഓലമേഞ്ഞ് രണ്ടു വീടുണ്ടാക്കും. ഞാനും അനുജത്തിയും കസിൻ ബ്രദറും ഒരു വീട്ടിൽ . അവർ 5 പേരും മറ്റേ വീട്ടിലും. കണ്ടു പഠിച്ച, പതിഞ്ഞ പപ്പടപണിയും. ഞങ്ങൾ പഠിപ്പിക്കലും ഫയൽ പണിയുമാണ് മിക്കവാറും ചെയ്യുക. മുറിയും അടുക്കളയൊക്കെയായി നല്ല ഒരു വീട് തന്നെ ഒരുക്കുംട്ടോ. മണ്ണും വെളുത്ത അലറി ചേർത്ത് (വെളുത്ത കുങ്കുമപൂവും) പുട്ട് ഉണ്ടാക്കും. അങ്ങനെ കുറെ വേലകൾ ഉണ്ട്. കളികൾക്കിടയിൽ വിവാഹവും, പ്രണയവും, പ്രണയലേഖനവും ഒക്കെ ഉണ്ട് . നല്ല രസകരമായ കാലം.

ഞങ്ങളിൽ പ്രണയവും ബന്ധവും ഇല്ലെങ്കിലും കളിയുടെ രസത്തിനു ഇരുവീട്ടുകാരും തമ്മിൽ വിവാഹം ഉറപ്പിച്ചു. വരൻ അവനും, വധു ഞാനും. വയസ്സ് അവനു 11, എനിക്ക് 9. ഓർക്കുന്നു ഇന്നും രംഗങ്ങൾ മനസ്സിൽ ഇന്നലെ കഴിഞ്ഞതു പോലെ. ചെമ്പരത്തിപ്പൂ കൊണ്ട് കെട്ടിയ മാല പാര്സ്പരം ചാർത്തി . പുള്ളിചേമ്പിന്റെ ഇല കുടയാക്കി പിടിച്ച് അക്കാലത്തെ ഒരു വിവാഹവും, കൂട്ടികൊണ്ട് പോകലുമൊക്കെ മനസ്സിലൂടെ മിന്നിമാഞ്ഞു . നേരിയ കുറ്റബോധം മനസ്സിൽ നിഴലിച്ചു. കുട്ടിക്കളി കള്ളകളിയായോ ? കളിത്തട്ടിൽ ജീവിതം. പിന്നെ കുട്ടികളി വിട്ട് കുടുംബ പ്രാരാബ്ദങ്ങൾ ചുമലിലേറി  അവൻ നാട് വിട്ടു.

അവന്റെ സഹോദരിമാരുടെ വിവാഹത്തിന് മുൻപേ എന്റെ വിവാഹം നടന്നു. പിന്നെ അവനെ ഇന്നാണ് ഞാൻ കാണുന്നത്.
തിങ്ങിനിറഞ്ഞ ബസ്സിലെ തിരക്ക് ഞാൻ അറിഞ്ഞില്ല. എന്റെ യാത്ര വർഷങ്ങൾക്കപ്പുറത്ത് പറമ്പിലെ ഓലമേഞ്ഞ പുരയിൽ തന്നെയായിരുന്നു. നാളെ എന്തെങ്കിലും ചോദിക്കാൻ അവൻ ഇനിയും നിന്ന് തരുമോ .......? ഇതിൽ എനിക്കന്തെങ്കിലും പങ്കുണ്ടോ?
ചിന്തകളെ തിരികെ കൊണ്ടു വരുവാൻ വീട്ടിന്റെ പടി കടന്നിട്ടും എനിക്കായില്ല.
അമ്മിണിക്കുട്ടി വരാന്തയിൽ തന്നെ നിൽപ്പുണ്ട് മുടിയിലാണ് കൈ.
'എത്ര പറഞ്ഞാലും നശൂലം കേൾക്കില്ല ത്രിസന്ധ്യക്ക്യാ ഒരു മുടി കോതല് ' അമ്മയുടെ മനസ്സ് ശരിയല്ലെന്ന് ശബ്ദത്തിൽ നിന്ന് മനസ്സിലായി. കിടക്കും വരെ ഓരോ കാര്യം പറഞ്ഞ് ശകാരം കേൾക്കും. ഇനി തൊട്ടതും പിടിച്ചതും ഒക്കെ കുറ്റമാകും. എന്തായാലും കാര്യം അമ്മ പറയും അതുവരെ അമ്മിണിക്കുട്ടി ക്ഷമയോടെ അമ്മയുടെ വിളിക്കായ് കാത്തിരുന്നു......


No comments:

Post a Comment

വീണ്ടുമൊരു തിരുവാതിര

വീണ്ടുമൊരു തിരുവാതിര Posted by  jyothi haridas  on December 23, 2015 at 3:30pm Send Message     View Blog വൈകീട്ടു വീട്ടില്...