Sunday 21 May 2017

"ഒന്നു പറഞ്ഞോട്ടെ"


അമ്മിണിക്കുട്ടി പരീക്ഷ കഴിഞ്ഞതിന്റെ ആലസ്യത്തിൽ മണി എട്ടരയായിട്ടും എഴുന്നേറ്റിട്ടില്ല. ഒന്നുരണ്ടു തവണ കുലുക്കി വിളിച്ചു നോക്കി. പോത്തുപോലൊരുറക്കം . പരീക്ഷയ്ക്ക് വൈകിയിരുന്നോ, നേരത്തെയിരുന്നോ പഠിച്ചിട്ടൊന്നുമല്ല ഒഴിവുദിവസങ്ങളിലെല്ലാം ഇത് തന്നെയാണ് അവളുടെ പതിവ്.
പിറുപിറുത്തുകൊണ്ട് കല്ല്യാണി ദോശചട്ടി അടുപ്പിൽ വെച്ചു . ചട്ടി ചൂടായപ്പോഴേക്കും നെയ്യിൽ ചുടുന്ന ദോശയുടെ മണം അരിച്ചരിച്ചു അമ്മിണിക്കുട്ടിയുടെ മൂക്കിലും എത്തി.
ഉലുവയും ഉഴുന്നും, പച്ചരിയുമൊക്കെ കൂട്ടിയരച്ചു പുളിച്ച മാവ് കല്ലിൽ ഒഴിച്ച് നെയ്യ് തൂവിയപ്പോൾ അവൾക്കവിടെ കിടക്കാൻ കഴിയാതായി.
അവൾ അടുക്കളയിലെത്തി. അമ്മയുടെ തോളിൽ ഞണ്ടികൊണ്ട് 'അമ്മയോട് ഇതാരാ ഇത്രനേരത്തെ ഉണ്ടാക്കാൻ പറഞ്ഞത്. ഇന്നലെ പരീക്ഷകഴിഞ്ഞതല്ലേ എനിക്ക് ഉറങ്ങേണ്ടേ' അവൾ കിണുങ്ങി പറയാൻ തുടങ്ങി.
'അയ്യോടാ...അവളോടൊരു പൊന്നാരം. എന്നാ ഇനി ഉച്ചക്ക് ബ്രേക്ക് ഫാസ്റ്റും , വൈകീട്ട് ലഞ്ചുമൊക്കെ ആക്കാം. എന്താ പോരെ.'
അമ്മയ്ക്ക് എന്തോ ദേഷ്യം ഉള്ളിൽ ഉണ്ടെന്നു തോന്നിയ അവൾ അധികം അവിടെ നിന്നില്ല. വേഗം പല്ല് തേച്ചു കഴിക്കാനിരുന്നു. ദോശയും ഉള്ളിച്ചമ്മന്തിയും ചുടുച്ചായയും കുടിച്ചു ഉമ്മറത്തിരുന്നു.
'ഇനിയവിടെ ഇരുന്നോ കുളിക്കുകയൊന്നും വേണ്ട സന്ധ്യക്ക്‌ അമ്പലത്തിൽ പോകുമ്പോഴാവും കുളി. സ്കൂളില്ലായെങ്കിൽ പിന്നെ കുളിയും തേവാരവും ഒന്നും പിന്നെ വേണ്ടല്ലോ'
'ഈ അമ്മ' എന്ന് പറഞ്ഞ് അമ്മിണിക്കുട്ടി വീണ്ടും ഒന്നൂടെ അമർന്നിരുന്നു. എന്തായാലും ഇനി അമ്പലത്തിൽ പോകുമ്പോൾ കുളിക്കാം. മുടിയൊക്കെ ഒതുക്കിക്കെട്ടി കൈയ്യിൽ പത്രമെടുത്തു.
'അമ്മേ ...അമ്മെ...അമ്മേ '
'എന്താ ഭൂമി പിളർന്നോ' കല്യാണിയുടെ ശബ്ദം കുറച്ചുച്ചത്തിലായി.
'ന്നാച്ചാ വേണ്ട' അവളുടെ മുഖം കൂർത്തു .
'എനിക്ക് അപ്പുറത്ത് പണിയുണ്ട്,എന്താച്ചാ പറയ്യ് '
ഈ വാർത്ത നോക്കിനോക്കൂ അമ്മേ
' എടക്കളത്തൂരിൽ കഴിഞ്ഞ പത്തുദിവസങ്ങളായി നടന്നു വരുന്ന നാടകോത്സവത്തിന് തിരശ്ശീല വീണു. നല്ല നാടകം കാഞ്ഞിരപ്പിള്ളി അമല തിയ്യറ്റെഴ്സിന്റെ 'നീതിസാഗരം'. രചന: ഫ്രാൻസിസ് ടി മാവേലിക്കര, സംവിധാനം പ്രദീപ്‌ റോയ്. വായിച്ചു നിർത്തി.
'നന്നായി. എല്ലാവരും പറഞ്ഞിരുന്നു കുടുംബകഥയാണ് അതിനു കിട്ടും എന്ന്' എനിക്കത് കാണാൻ പറ്റിയില്ലല്ലോ. അതെവിടെ ഉണ്ടെന്ന് കേട്ടാലും ഒന്ന് പോയി കാണണംട്ടോ അമ്മണിക്കുട്ട്യെ നമുക്ക് '
നഷ്ടബോധം ഇരച്ച മനസ്സുമായി അമ്മ പിന്നെയും പണിയിൽ ഏർപ്പെട്ടു .
അവൾ തിരുമ്പുന്ന കല്ലിനടുത്തിരുന്ന് പിന്നെയും കിന്നാരം തുടങ്ങി. അവധി ദിവസം എന്നും അവൾ ഇങ്ങനെയാണ് പിന്നിൽ നിന്ന് മാറില്ല.
അമ്മേ.... 'അവിടുത്തെ നാടകം എന്തൊക്കെ ആയിരുന്നമ്മേ'
'ന്റെ അമ്മിണി കുട്ട്യേ നീയൊന്നു മിണ്ടാതിരിക്കോ'?
തെല്ലു മൗനത്തിനു ശേഷം
'ന്റെ കല്ല്യാണിയമ്മക്കിന്ന് എന്താ പറ്റ്യേ. തലവേദനയാ' അവൾ പിന്നെയും മയക്കാൻ ശ്രമിച്ചു. ശ്രമം പിന്നെയും വിഫലം.
അമ്മ അലക്കി വെച്ചതൊക്കെ അഴയിലിട്ടു.
പരീക്ഷയൊക്കെ കഴിഞ്ഞൂട്ടൊ അമ്മേ. അമ്മ കണ്ട നാടകങ്ങളെ കുറിച്ച് എനിക്ക് പറഞ്ഞു തരാംന്നു പറഞ്ഞിരുന്നു.
'ഏതൊക്കെയാണ് ഉണ്ടായത് .വിധിപറയും മുൻപേ, കോങ്കണ്ണൻ, പ്രജാപതി, സുഗന്ധവ്യാപാരി, ദേവസങ്കീർത്തനം, മാമാങ്കം, നീതിസാഗരം, കടൽ ശാന്തമാണ്, മേരാനാം ജോക്കർ , നാരങ്ങമിഠായി. ഇതിൽ എന്റെ കല്യാണ്യമ്മ കണ്ടത് ഏതൊക്കെയാ'
എനിക്കറിയാം കോങ്കണ്ണനും, സുഗന്ധവ്യാപാരിയും,മാമാങ്കവും, കടൽ ശാന്തമാണ്, മേരാനാം ജോക്കർ , നാരങ്ങമിഠായിയും അത് പറഞ്ഞു തരണം തന്നെ പറ്റൂ.
കല്ല്യാണ്യെമ്മ ഒന്നും മറുപടി പറഞ്ഞില്ല.
'എന്താന്റെ കല്ല്യാണ്യെമ്മേ പറ്റ്യേ'. വീണ്ടും, വീണ്ടും ....
'ഏട്ടൻ ഇന്നലെ നിന്നെ വിളിച്ചിരുന്നോ'? കല്ല്യാണി ചോദിച്ചു.
'അയ്യോ അമ്മേ ഏട്ടൻ വിളിച്ചിരുന്നു. ഞാൻ പറയ്യാൻ മറന്നു അമ്മയുടെ ഫോണ്‍ പരിധിക്ക് പുറത്ത് എന്ന് പറഞ്ഞു തറവാട്ടിലേക്ക് വിളിച്ചു. ഞാൻ പരീക്ഷ കഴിഞ്ഞതിന്റെ ത്രില്ലിൽ ഞാനത് അമ്മ വന്നപ്പോൾ മറന്നു.'
ആവർത്തിച്ചുള്ള മറവി പറച്ചലിൽ കല്യാണികുട്ടിക്ക് അമ്മൂണ്യുട്ടി മറന്നതാണെന്ന് വ്യക്തമായി. മുഖത്ത് അൽപ്പം പുഞ്ചിരി വിടർന്നു . അമ്മിണികുട്ടിക്ക് സന്തോഷമായി.
' ഇനിയമ്മ കഥ പറയൂല്ലോ.
'എന്ത് കഥാ പെണ്ണേ. പ്രത്യേകിച്ച് ഒരു കഥയൊന്നും എനിക്ക് തോന്നിയില്ല ഇപ്പോഴത്തെ സിനിമയ്ക്കും, നാടകത്തിനും' വീണ്ടും കല്ല്യാണി ഒഴിഞ്ഞു മാറി.
'അങ്ങനെ അമ്മയെ വിടൊന്നും ഇല്ല. 'കോങ്കണ്ണൻ' ഒന്ന് പറയുന്നുണ്ടോ'?
'എനിക്ക് കഥ പറയാനൊന്നും അറിയില്ലെന്ന് നിനക്ക് അറിയില്ലേ? പഴയ അമ്പലപ്പറമ്പ് നാടകം തന്നെ തൃശ്ശൂർ സദ്ഗമയുടെത് ഇപ്പോഴും. കഥയും പ്രത്യേകിച്ച് ഒന്നും ഇല്ല. പഴയ കർട്ടനും, ബോർഡും ഒക്കെ തന്നെ. ഒരു പുതുമ കഥക്കെങ്കിലും വേണ്ടേ അതും ഇല്ല. 'പരദൂഷണം പെണ്ണിന്റെ കുത്തകയല്ല അയലത്തെ ഗൾഫുകാരന്റെ പെണ്ണിന്റെ അവിഹിതബന്ധമുണ്ടോന്നു നോക്കികൊണ്ടിരിക്കുന്ന ഒരു 40 -45 വയസ്സുള്ള 2 പുരുഷന്മാർ. അവരുടെ പൊട്ടത്തരം കൊണ്ടുണ്ടാകുന്ന ഗുലുമാലും. മനസ്സിലായല്ലോ ഈ നാടകം എന്തുമാത്രം നിലവാരം പുലർത്തുമെന്നുള്ളത്. തരക്കേടില്ല എന്നല്ലേ പറയാനൊക്കൂ. പക്ഷെ ' സുഗന്ധവ്യാപാരി' ഇരുന്നു കണ്ടാൽ ശരിക്കും കണ്ടതുപോലെ തന്നെ തോന്നുംട്ടോ. ഗംഭീരം. '. കല്ല്യാണിയമ്മയ്ക്ക് ആ പുതുമയുടെ ആവേശം സഹിക്കുന്നില്ല. കല്യാണിയമ്മയുടെ മുഖത്തെ പ്രസരിപ്പൊന്നു നേരിട്ടു കാണണം.
എന്നാ അമ്മ അത് പറയൂ.
അമ്മിണിക്കുട്ടി ഇപ്പൊ ഉറങ്ങിക്കൊള്ളൂ അത് അമ്മ അടുത്ത ദിവസം പറഞ്ഞു തരാംട്ടോ.
(തുടരും)



ഒന്ന് പറഞ്ഞോട്ടെ (പറഞ്ഞവസാനിപ്പിക്കുന്നു.)


സ്കൂൾ വിട്ടു വന്ന അമ്മിണിക്കുട്ടി കല്ല്യാണിയമ്മ വരുമ്പോഴേക്കും പണികൾ തീർത്ത് ദീപാരാധന തൊഴുതുവന്നിരിപ്പായി.
മൂന്നാം ദിവസം ഹേമന്ദ് കുമാറിന്റെ രചനയ്ക്ക് വള്ളുവനാട് നാദം തീയ്യറ്റെഴ്സ് അഭിനയമികവ് സൃഷ്ടിച്ച 'പ്രജാപതി ' പുരാണകഥ ആയതിനാൽ പുത്തൻതലമുറ ഇടവേളയിൽ വന്നുകിടന്നുറങ്ങി എന്ന് കേട്ടു . എന്നാൽ പഴമക്കാർ കഥയും, വേഷവിധാനങ്ങളും മനസ്സാൽ ഹൃദിസ്ഥമായ ഇന്നലെകളെ നെഞ്ചിലേറ്റി. കല്യാണിക്കുട്ടിയമ്മയുടെ സ്ഥാനത്ത് അന്ന് ആരാണാവോ ഇരുന്നത്. അതുകൊണ്ട് കല്യാണിക്കുട്ടിയമ്മയ്ക്ക് ആ നാടകത്തെ കുറിച്ചഭിപ്രായമൊന്നും ഉണ്ടാവില്ലാല്ലേ ചോദിക്കേണ്ട.
ചായകുടിക്കുന്നതിനിടയിൽ അമ്മിണിക്കുട്ടി കല്യാണിയമ്മയോട് ബാക്കി കഥ ആവശ്യപ്പെട്ടു.
എങ്ങനെ പറയണമെന്ന് കല്യാണിയമ്മ ഓർത്തോണ്ടിരിക്കുകയായിരുന്നു. 'ഞാനെന്റെ കുട്ടിയ്ക്ക് ഉറങ്ങാൻ കിടക്കുമ്പോൾ പറഞ്ഞു തരാം. നീ പോയിരുന്ന് നാലക്ഷരം പഠിക്കാൻ നോക്ക്ക്കുട്ടി'.
'റബ്ബ് ചതിച്ചതാ ഓണത്തിനു മുൻപ് പരീക്ഷ കഴിഞ്ഞെങ്കിൽ എനിക്കും പോവ്വായിരുന്നു നാടകത്തിനു' അവൾ പിറുപിറുത്ത് പുസ്തകം നിവർത്തി .
അടുക്കളയിൽ കയറിയ കല്യാണിക്കുട്ടിയമ്മയുടെ മനസ്സിലും നാടകം തന്നെയായിരുന്നു ചിന്ത.
നാലാം ദിനത്തിൽ ഹേമന്ദിന്റെ രചനയ്ക്ക് ഇ .എ രാജേന്ദ്രൻ സംവിധാനത്തിൽ കൊല്ലം കാളിദാസ അവതരിപ്പിച്ച 'സുഗന്ധവ്യാപാരി'. അന്ന് ദേശാഭിമാനി വേദിയിൽ പരിചയപ്പെടുത്തിയത് നാടകരചയിതാവ് ഹേമന്ദ് കുമാറിനെയും , സിനിമ നടനും, നാടക സംവിധാനം നിർവ്വഹിക്കുകയും ചെയ്ത രാജേന്ദ്രൻ, നടൻ മുകേഷിന്റെ സഹോദരിയും, റേഡിയോ നാടക നിലയത്തിൽ നിന്നും ഒഴുകിയെത്തുന്ന നാദത്തിനുടമ സന്ധ്യ രാജേന്ദ്രൻ. മദ്യത്തിന്റെ നീരാളിപിടുത്തത്തിൽ രാജേന്ദ്രന്റെ വാക്കുകൾ കുഴഞ്ഞില്ലെങ്കിലും കാലുകൾ അടിപതറിയിരുന്നു വേദിയിൽ. ശബ്ദതടസ്സങ്ങൾ നേരിടുന്ന സന്ധ്യച്ചേച്ചി മൈക്ക് തരരുത് എന്ന് കേണെങ്കിലും സംഘാടകർ കൂട്ടാക്കിയില്ല. ചുരുങ്ങിയ വാക്കുകൾ കൊണ്ട് ഹേമന്ദും സന്ധ്യചേച്ചിയും നാടകത്തിനു നല്ലൊരു കാഴ്ചപാട് ഉണ്ടാക്കി തന്നു.
വിറയാർന്ന തണുപ്പു സമ്മാനിച്ച് കോരിച്ചൊരിയുന്ന മഴമൂലം 7 നു തുടങ്ങേണ്ട നാടകം 9 മണികഴിഞ്ഞിട്ടും തിരശ്ശീല ഉയരുന്നില്ല. 9.30 മഴയുടെ ശക്തി കുറഞ്ഞു. ആദ്യബെൽ മുഴങ്ങി. ഇത്രയും വൈകിയ വേളയിലും അക്ഷമരാകാത്ത സദസ്സിനോട് നന്ദി പറയുവാൻ "കൊല്ലം കാളിദാസ'യ്ക്ക് വാക്കുകൾ ഇല്ലായിരുന്നു.

കാത്തിരിപ്പിനൊടുവിൽ വർണ്ണ ശബളമായ രംഗമികവോടെ നാടകവേദി കാഴ്ച്ചക്കാർക്ക് നൽകി സംവിധായകന്റെയും, സഹസംവിധായികയുടെയും സ്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിന്റെ മികവു ദമ്പതിമാർ വേദിയിൽ പ്രദർശിപ്പിച്ചു എന്നത്തിൽ ഒട്ടും തർക്കമില്ല . കഥയെ സംഗീത-നൃത്ത-ലാസ്യ-വാക് മാധുരിയോടെ ചടുലമായ നൃത്തച്ചുവടുകളും , അഭിനയമികവും ഗംഭീരം. ശരിക്കും സംഗീത നാടക അക്കാദമിയുടെ മൂലയിലുരുന്നു നാടകം കാണുന്ന പ്രതീതി ആയിരുന്നു . സമ്പന്ന രാജകുടുംബത്തിലെ രാജകുമാരി 6 വിവാഹം കഴിച്ചിട്ടും ആദ്യരാത്രിയിൽ വരൻ മരിക്കുന്നു. അതിനു മണിയറയിൽ വധു തന്നെ വധുവറിയാതെ ഒരു അമാനുഷിക ശക്തി (രാജകുമാരിയെ പ്രണയിക്കുന്ന പ്രണയഗന്ധർവ്വൻ ) പ്രേരണയാകുന്നതും 7 മത് വിവാഹം ചെയ്യാൻ പണ്ടിവിടം വിട്ടു പോകുകയും അഷ്ടിക്കു വകയില്ലാതാകുകയും ചെയ്ത ഒരു കുടുംബത്തിലെ കാരണവർ സുഗന്ധവസ്തുക്കളുടെ കൂട്ടറിയാൻ മടിയനായ പുത്രനെ ദുർഗന്ധം വമിക്കുന്ന ശ്മശാന പാലകനായ കപാലിക്കൊപ്പം പറഞ്ഞയക്കുന്നതും യാത്രാമധ്യേ ഉണ്ടായ ദുരിതങ്ങൾ മകന്റെ മടി മാറ്റുന്നതും സമ്പന്ന കൊട്ടാരത്തിലെത്തിയ കപാലി തന്റെ മന്ത്രതന്ത്രങ്ങൾ കൊണ്ട് രാജകുമാരിയിലെ ആ പ്രേരകശക്തിയിൽ നിന്ന് തീർത്തും മോചിതയാക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ മനസ്സിനെ കീഴടക്കി. ആയിരം ടെയ്ക്കും , കട്ടും പറയാതെ ക്യാമറ ചലനങ്ങളുടെ ദൃശ്യമികവില്ലാതെ കഴിവുറ്റ പരിശീലകന്റെ തീഷ്ണമായ ശിക്ഷണത്തിൽ പരിശീലിച്ച് തനതു കഴിവുകൾ പ്രകടമാക്കുമ്പോൾ അതിൽ പ്രവർത്തിച്ചവർക്ക് ഉണ്ടാകുന്ന ആത്മസംതൃപ്തി ഇടവേളയില്ലാതെ സദസ്സിലുള്ളവരെ ത്രപ്തിപ്പെടുത്തിയെന്നു പറയാതെ വയ്യ.ശരിക്കും സംഗീത നാടക അക്കാദമിയുടെ മൂലയിലുരുന്നു നാടകം കാണുക എന്നത് കേവലം ദൃശ്യം കൊണ്ട് മാത്രമല്ല വിശേഷിപ്പിച്ചത് നാടകം കണ്ട് സാധാരണക്കാരായ എന്നെ പോലുള്ളവർക്ക് അത്തരം വേദികളിലെ നാടകങ്ങൾ മണിക്കൂറുകളും, മാസങ്ങളും കഴിഞ്ഞാവും കഥ മനസ്സിലാകുക എന്നത് കൊണ്ടുകൂടിയാണ് . ശബ്ദവും, വെളിച്ചവും മികച്ചത് തന്നെ.കാലത്തിനൊപ്പം രംഗസജ്ജീകരണവും , കഴിവും പ്രകടമാക്കിയ കൊല്ലം കാളിദാസയ്ക്ക് എങ്ങനെ നന്ദി പറയേണ്ടത് എന്ന് അറിയില്ല. തുടർന്നും ഈ മികവുപുലർത്താൻ അവർക്ക് സാധിക്കട്ടെ.

പിറ്റേ ദിവസം അതായത് അഞ്ചാം ദിനം ദേവസങ്കീർത്തനം കാണാനായില്ല. അഷ്ടമിരോഹിണിയുടെ ഘോഷയാത്ര ഉണ്ടായിരുന്നു. അവരോടൊപ്പം കൂടി ഒരു ഭക്തയായി. പക്ഷെ പ്രതീക്ഷിച്ച ശോഭയൊന്നും ശോഭായാത്രയിൽ കണ്ടില്ല. ഒരു പക്ഷെ നാടിന്റെ കടുത്ത നാടക പ്രേമം തന്നെയാകണം അംഗബലം കുറച്ചത്. ഒരൊഴുദിനം നാടകകൂടാരത്തിൽ കൂടാം എന്ന് നിരീച്ചാൽ തെറ്റ് പറയാൻ ഒക്കുമോ.ഇല്ല. കുടുംബിനികളുടെ അല്ല കുടുംബമനസ്സു നന്നായ് തൊട്ടറിയുന്ന ഫ്രാൻസിസ് ടി മാവേലിക്കരയുടെ രചനയിൽ വത്സൻ നിസരി സംവിധാനം ചെയ്ത് ആറ്റിങ്ങൽ ശ്രീധന്യ അവതരിപ്പിച്ച ദേവസങ്കീർത്തനം സദസ്സിൽ കണ്ണീർ മഴ പൊഴിച്ചു എന്ന് തന്നെയാണ് അറിയാൻ കഴിഞ്ഞത്. അപ്പോൾ മലസ്സിലായില്ലേ കഥയ്ക്കും നാടകപ്രേമികളിൽ സ്ഥാനമുണ്ടെന്ന്.
ആറാം ദിനം ഞായർ സദസ്സ് നിബിഡം. കോഴിക്കോട് സങ്കീർത്തനയ്ക്കു വേണ്ടി ജയൻ തിരുമന രചിച്ച് രാജീവ് മമ്മിള്ളി സംവിധാനം ചെയ്ത മാമാങ്കം. ഒരു തെരുവ് നാടകത്തിന്റെ ശൈലിയായിരുന്നു. ആദർശത്തിന്റെയും അറിവിന്റെയും പകയുടെയും യുദ്ധത്തിന്റെയുമൊക്കെ കഥ പറഞ്ഞ ചാവേറുകൾ ഒന്ന് സദസ്സിനു വ്യക്തമാക്കി തന്നു. നാം നമ്മുടെ ബുദ്ധിയും ശക്തിയും ഉൾകൊണ്ട് എത്രകണ്ട് പ്രവർത്തിച്ചാലും അധികാരികളും അധികാരവും എന്നും നമ്മെ ചതിക്കും എന്ന് തന്മയത്വമാർന്ന അഭിനയത്തിലൂടെ കാഴ്ചവെച്ചു.
ഇനി ഏഴാം ദിനം ഫ്രാൻസിസ് ടി മാവേലിക്കരയെ മുൻപ് ഞാൻ വിശേഷിപ്പിച്ചല്ലോ ഇവിടെ കഞ്ഞിരപ്പിള്ളി അമലയ്ക്ക് വേണ്ടിയാണ് നീതിയില്ലാത്ത അല്ല നീതി കിട്ടാത്ത ഈ ലോകത്ത് നീതിയുടെ സമുദ്രമൊരുക്കി ജനശ്രദ്ധ പിടിച്ചു പറ്റിയത്. പ്രദീപ്‌ റോയുടെ സംവിധാനമികവും ചേർത്ത് വെച്ച് '"നീതിസാഗരം" ഏ റ്റവും നല്ല നാടകമായി ജനം വിധി പറഞ്ഞു.
ആവേശവും ആഗ്രഹങ്ങളും അധികരിച്ച നാടകപ്രേമികൾ എട്ടാം ദിവസവും സദസ്സ് നിറഞ്ഞു തന്നെ കാണപ്പെട്ടു. ഫ്രാൻസിസ് ടി മാവേലിക്കര തന്നെയാണ് അമ്പലപ്പുഴ സാരഥിയ്ക്ക് വേണ്ടിയും കഥ എഴുതിയത് ശ്രീശാന്തിന്റെ ക്രിക്കറ്റ് ലോകത്തെ വിവാദകോഴ കഥാതന്തു വാക്കിയെങ്കിലും വത്സൻ നിസരിയുടെ സംവിധാനത്തിൽ അമ്പലപ്പുഴ സാരഥികൾക്ക്‌ വേണ്ടവിധം പ്രേക്ഷകരിലേക്ക് എത്തിക്കാൻ ആയില്ല എന്നാണു ഞാനടക്കം ഇരിക്കുന്ന സദസ്സിനു പറയാനായത്. കഴിവുള്ള അഭിനേതാക്കൾ നിറഞ്ഞ സാരഥി ഇനിയും ഉയർന്നു വന്നെ മതിയാകൂ. ഈ കഥ വേദിയിൽ കയറി നിന്ന് വായിച്ചാൽ ഇതിൽ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാമായിരുന്നു എന്ന് സാരം. സാരഥിയ്ക്ക് എല്ലാ ആശസകളും.
ഇന്ന് ഒൻപതാം ദിനം മുരളീകൃഷ്ണയുടെ രചനയ്ക്ക് കണ്ണൂർ വാസൂട്ടിയുടെ സംവിധാനത്തിൽ തിരുവനന്തപുരം സംസ്കൃതിയുടെ അഭിനേതാക്കൾ തകർത്ത് അഭിനയിച്ച 'മേരാനാം ജോക്കർ ' ഇവിടെയും കൊല്ലം കാളിദാസയെ പോലെ ചിലത് എടുത്തു പറയേണ്ടതുണ്ട്. ഒന്ന് അഭിനയമികവ് തന്നെ. മരിക്കുന്ന നാടകവും, ജ്വലിക്കുന്ന സിനിമാലോകവും, സമൂഹത്തിലെ തെറ്റുകൾ ചൂണ്ടി കാണിക്കുമ്പോൾ ആ അഭിനേതാവിനു അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങൾ കഥതന്തുവാക്കി ഇന്നത്തെ സമൂഹത്തിലൂടെ സഞ്ചരിച്ച് കഥയിലെ സന്ദേശം മുഴുവനായും പ്രേക്ഷകരിലെത്തിക്കാൻ വാസൂട്ടി അടക്കമുള്ള അഭിനേതാക്കൾക്കായി എന്ന് നിസ്സംശയം പറയാം. ആധുനിക യുഗത്തിലെ പ്രോജെക്ടർ സംവിധാനം വേദിയിൽ വരുത്തിയ ദൃശ്യമികവും എടുത്തു പറയേണ്ടതാണ്. എല്ലാരിലും നിരാശയുടെ നേരിയ നിഴൽ പരപ്പ് തിങ്ങാൻ തുടങ്ങിയിരിക്കുന്നു. ജാതിമത സമ്പന്നസംസ്കാര ഭേദമന്യേ ഒരേ നിരയിൽ ഇരുന്നു പ്രോത്സാഹിപ്പിച്ചും, കുശലം പറഞ്ഞുമൊക്കെ കഴിഞ്ഞ രാത്രികളുടെ ആദ്യയാമങ്ങൾ. നാളെ കഴിഞ്ഞാൽ സ്വന്തം കൂരയിൽ പേരകുട്ടിയും ,അമ്മായിയമ്മയും , മാതാപിതാക്കളുമൊക്കെ ഇഷ്ടമുള്ള ചാലനുകൾക്കായി റിമോട്ടിന് അടികൂടുന്ന സന്ധ്യകളിലേക്ക് മടങ്ങുകയാണ്.
ഇനി നാളെ കഴിഞ്ഞാൽ എന്ത് ചെയ്യും എന്ന് ആബാലവൃദ്ധവും മുഖത്തോടു മുഖം ചോദിക്കുന്ന രംഗത്തിനും ആകാശവും നക്ഷത്രങ്ങളും സാക്ഷിയായി.
അവസാനദിനം ദേശാഭിമാനി സംഘടന നാടകത്തെ മാത്രമല്ല സ്നേഹിക്കുന്നത് കല,കായികം, വിദ്യാഭ്യാസം, വായന, രക്തദാന ക്യാമ്പുകൾ, പഠന സഹായം, കരിയർ ഗൈഡൻസ് ക്ലാസുകൾ തുടങ്ങി ആബാലവൃദ്ധം ജനങ്ങളിലും, ചുരിക്കിപ്പറഞ്ഞാൽ എല്ലാ രംഗങ്ങളിലും 365 കാൽ ദിനവും 24 മണിക്കൂറും പ്രവർത്തിക്കുന്ന മതേതര സംഘടന തന്നെയാണ് ഈ സംഘടന.
പത്താം ദിനത്തിൽ എടക്കളത്തൂർ പ്രദേശത്തെ ഉന്നതനിലയിൽ പാസായ അതായത് ഫുൾ എ -പ്ലസ്സിൽ പാസായ കുട്ടികളെ അനുമോദിക്കുന്ന വേദി കൂടിയാണ്. ഇത്തവണ ഏകദേശം പതിഞ്ചോളം പേർ ഇതിന് അർഹരായി എന്നത് നാടിന് അഭിമാനം തന്നെ. അത് അടുത്ത തലമുറക്കുള്ള ആവേശം കൂടിയാണ് ഇത്രയും വലിയ സദസ്സിൽ സമ്മാനം ഏറ്റുവാങ്ങുക എന്നത്.
അവസാന ദിനമായ തിരുവന്തപുരം മലയാള നാടകവേദിയുടെ നാരങ്ങമിഠായിയും നിലവാരം പുലർത്തിയില്ല . മുഹാദ് വെമ്പായം രചിച്ച് രാജേഷ് ഇരുളം സംവിധാനം ചെയ്ത നാടകം സമൂഹത്തിലെ കൊലപാതകങ്ങൾ ആത്മഹത്യയായ് എഴുതി തള്ളുന്ന പ്രവണതയ്ക്കെതിരെ ആയിരുന്നു.അഭിനയം കൊണ്ട് ഒരു കേന്ദ്രകഥാപാത്രം മാത്രമാണ് ശ്രദ്ധിക്കപ്പെട്ടത് . 2 മണിക്കൂറിനു ഒരു ദിവസത്തെ നീളമുണ്ടെന്ന് തോന്നുംവിധം അലോരസമായിരുന്നു അഭിനയം.

നല്ല കഥ തെരഞ്ഞെടുത്ത് രംഗമികവോടെ അരങ്ങത്ത് എത്തിച്ചാൽ ഇന്നും ജനം രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുന്ന ഒരു കല തന്നെ ഇന്നും നാടകം.അര മണിക്കൂർ കൊണ്ട് നാടകം രചിച്ച് 1 മണിക്കൂർ പരിശീലിച്ച് 2 മണിക്കൂർ വേദി കിടിലൻ എന്നുറക്കെ പറഞ്ഞ കലാകാരന്മാരുടെ നാടാണ് അന്നും എന്നും ഈയിടം. ഇത് ഞങ്ങൾ കാത്തുസൂക്ഷിക്കും.
പല ദിനങ്ങളിലും പ്രസംഗിച്ചവർ പറഞ്ഞു ഇന്ന് നാടകം എന്താനെന്നു അറിയാത്ത കാണാത്ത പലരുണ്ട് എന്ന് എന്നാൽ ഞങ്ങളുടെ നാട്ടിലേക്ക് മേടത്തിലെ 8 ദിവസം മാറ്റിവയ്ക്കൂ അന്യം നിന്നെന്നു നിങ്ങൾ ഓരോത്തുരും പറയുന്ന കലകളായ കൂത്ത്, പാഠകം, ഓട്ടൻ ത്തുള്ളൽ , നാടകം, ഗാനമേള തുടങ്ങി മൂക്കഞ്ചാത്തൻ, കരിങ്കാലി, പൂതൻ , തെയ്യം എല്ലാം തന്നെ നിങ്ങളുടെ കുട്ടികളെ അല്ല പുതിയ തലമുറയ്ക്ക് കണ്ടു മനം കുളിർക്കാം. വരില്ലേ എല്ലാവരും.
'എന്നാൽ ഇങ്ങനെയൊക്കെ കഥ പറഞ്ഞാൽ അവൾക്ക് മനസ്സിലാവ്വോ, എങ്ങനെയാണ് അവൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടത് '.
ഗ്യാസിൽ പപ്പടം കാച്ചാൻ വെച്ച ചീനച്ചട്ടിയിൽ തീ ആളിയ ചൂട് മേലു തട്ടിയപ്പോഴാണ് കഴിഞ്ഞ 10 ദിവസത്തെ നാടകവേദിയൊരുക്കിയ എസ് .ആർ . സി. യു. പി.സ്കൂളിൽ നിന്നും കല്ല്യാണിക്കുട്ടിയമ്മയുടെ മനസ്സ് തിരികെയെത്തിയത്. അപ്പോഴേക്കും അടുക്കളയിലെ ചുവന്ന വെളിച്ചം അയൽപ്പക്കക്കാരെയും മുറ്റത്തെത്തിച്ചു. വെളിച്ചെണ്ണ കത്തുന്ന തീ കണ്ടു കല്യാണിക്കുട്ടിയമ്മയും അങ്ങനെ അന്ധിച്ചു നിന്നു.

( നാടകവുമായി ബന്ധപ്പെട്ടവരും, ഭാരവാഹികളും ഉൾപ്പെടെ പലരും മനസ്സിന്റെ അംഗങ്ങളാകാം.വിരോധമോ ഖേദമോ തോന്നരുത്. എത്രമാത്രം എന്റെ ഉദ്യമം ലക്ഷ്യത്തിലെത്തി എന്നെനിക്കറിയില്ല. ഇതിലെ എല്ലാ ആശയങ്ങളും, വിശകലങ്ങളും, അഭിപ്രായങ്ങളും എന്റേത് മാത്രമാണ് എന്റേതു മാത്രം. തെറ്റുകളും, പറഞ്ഞു പ്രതിഫലിപ്പിക്കാനുള്ള കഴിവുകുറവും ഉണ്ടാകാം.എന്ത് തോന്നിയാലും തുറന്നു പറയുമെന്ന ഉത്തമവിശ്വാസത്തോടെ )
നന്ദി- അമ്മിണിക്കുട്ടിയ്ക്കും, കല്ല്യാണിയമ്മയ്ക്കും
ചിത്രങ്ങൾ കടപ്പാട്- കിരണ്‍ ഹരിദാസ്,എടക്കളത്തൂർ വടക്കുമുറി


മനസ്സിലെ കൂട്ടുകാരെ ........വരൂ നിങ്ങളും, .... ഞങ്ങളുടെ നാടകശാലയിലേക്ക്

നമുക്കറിയാം കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം തൃശ്ശൂർ ആണെന്ന്. പഴയ ആചാരങ്ങളെയും, കലകളെയും  കൈവിടാതെ, ഒപ്പം പുതുമയെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ജനത തന്നെയാണ് അന്നും ഇന്നും ആ തലക്കെട്ടിന്  അർഹനാക്കുന്നത്  എന്ന്  അഭിമാനത്തോടെ തന്നെ പറയണം. മുഖവുരയില്ലാതെ തന്നെ പറയട്ടെ, തൃശ്ശൂർ  ജില്ലയിൽ പുഴക്കൽ ബ്ലോക്ക്‌ തോളൂർ പഞ്ചായത്ത്  എടക്കളത്തൂർ വില്ലേജ്  എടക്കളത്തൂർ ദേശത്തെ കലാസ്നേഹികൾ ഇന്നും കലയെ സ്നേഹിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും. ഉത്സവപറമ്പുകളിൽ നിന്ന് അന്യം നിന്ന ഒരു കലയാണ് നാടകം. സീരിയലുകളും, സിനിമയും, ഇന്റർനെറ്റുമൊക്കെ കീഴടക്കിയ ഈ ലോകത്ത്    നാടകകലയുടെ പ്രസക്തിയും, ആസ്വാദകരും ഒട്ടും കുറഞ്ഞിട്ടില്ല എന്നത്  കഴിഞ്ഞ 27 വർഷവും ദേശാഭിമാനി കലാസാംസ്കാരിക വേദി എന്ന യുവജന സംഘടന സംഘടിപ്പിക്കുന്ന നാടകോത്സവം തെളിയിക്കുന്നു. പത്ത് ദിവസത്തെ ഉത്സവം കൊണ്ട്  ലോകത്തെ ബോധ്യപ്പെടുത്തുന്ന ആബാലവൃദ്ധം തിങ്ങിനിറഞ്ഞ  നാടകവേദിയായി ഹരം പകരുന്നു.    എടക്കളത്തൂർ  നാട് നാടകത്തെ അല്ല കലയെ ഏത്  യുഗത്തിലും നെഞ്ചിലെറ്റും  എന്നതിന്റെ ഉദാഹരണം തന്നെ അത്. ഇത് കേവലം ഒരു നാടിന്റെ മാത്രം വിജയമല്ല. കഴിഞ്ഞ 27 വർഷമായി  ഉത്സവത്തിന്റെ മാറ്റ് കുറഞ്ഞിട്ടില്ല കൂടിയിട്ടെ ഉള്ളൂ എന്നത് തന്നെയാകാം ഇരുപത്തെട്ടാമത് നാടകോത്സവത്തിന് നാളെ കൊടികയറുന്നു. ഇനിയുള്ള പത്ത് ദിനവും വൈകീട്ട് 7 മുതൽ ഏറിയാൽ 11 മണിവരെ തദ്ദേശവാസികളും, പരിസരവാസികളും പ്രായഭേദമന്യേ ഒരു കൂരയ്ക്ക് കീഴിൽ ഒത്തുകൂടും . ഓരോ ദിവസത്തെയും നാടകം തുടങ്ങും മുൻപ്  10 നിമിഷം മാത്രം സംസാരിക്കാൻ അനുവാദം കൊടുത്ത് ഏതെങ്കിലും  പ്രമുഖ  വ്യക്തിയെ വേദിക്ക്  ഈ സംഘടന പരിചയപ്പെടുത്തും.  വ്യത്യസ്തരായ പ്രമുഖർ  വേദിയിൽ പറയുന്ന ഒരേവാചകം " ഈ നാടകവേദിയിൽ വരുമ്പോൾ നാടകം കാണാൻ കേവലം പത്ത് പേരെ മാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളൂ ഇത്രയും  വലിയൊരു വേദിക്ക് മുന്നിൽ  നിൽക്കുമ്പോൾ ഈ നാട് എന്ത് മാത്രം നാടകത്തെ സ്നേഹിക്കുന്നെന്ന് പറയാനാകുന്നില്ല"  . അത് കേൾക്കുമ്പോൾ നന്ദി പറയുന്നത് ഞങ്ങൾ എഴുന്നേറ്റു നിന്നല്ല ഞങ്ങളിലെ ഓരോ ഓരോ രോമകൂപവും എഴുന്നേറ്റു നിന്നാണ്.  ഇതിൽപ്പരം കൃതാർഥത എന്തുണ്ട്? . ഇത്തരം മറ്റൊരു വേദിയിൽ ഞാൻ സന്നിഹിതനായപ്പോൾ അവിടെ പ്രസംഗിച്ച ഒരു പ്രാസംഗികൻ പറയുകയുണ്ടായി ഈയിടെ മറ്റൊരു നാടകവേദിയിൽ ഞാൻ ഉദ്ഘാടകനായി പോയിരുന്നു അവിടുത്തെ നാടകപ്രേമം കണ്ടു ഞാൻ അന്ധാളിച്ചു പോയി. നിറഞ്ഞ സദസ്സിൽ വീണ്ടും ഒഴുകിയെത്തുന്ന ജനസമുദ്രം. വേദിയിലെ നാടകങ്ങൾ അവിടുത്തെ ജനത്തെ എന്ത് മാത്രം ആസ്വദി പ്പിക്കുന്നു എന്നതിന്റെ തെളിവാണ് അതെന്ന് . വേദിയിൽ നിന്ന് ഇറങ്ങും മുൻപ്  അദ്ദേഹം ഈ നാടിന്റെ പേര് വെളുപ്പെടുത്തുകയും ചെയ്തു.  നാട്ടുകാരെ കുറിച്ച് തികച്ചും  അഭിമാനം തോന്നി. ഒരു കൗതുകത്തിനായി ഏർപ്പെടുത്തിയ അന്നന്ന്  നാടകം കാണാനെത്തുന്ന കാണികളിൽ നിന്നും തെരഞ്ഞെടുത്ത കൂപ്പണിനു  ഒരു സമ്മാനവും നൽകും. കൂടാതെ നാടക രചന മുതൽ കർട്ടൻ വരെ ഓരോന്നിനും ഈ 10 നാടകങ്ങൾക്കും മത്സരവും, സമ്മാനവും ഉണ്ട്. വിധി നിർണ്ണയം  പ്രത്യേകം ജഡ്ജസ്സിനോ, സംഘാടകർക്കോ അവകാശപ്പെട്ടതല്ല കേവലം പത്ത് ദിവസവും നാടകവേദിയിലിരുന്ന്  നാടകം ആസ്വദിച്ച കാണികളുടെ മാത്രം അവകാശമാണ്. പ്രത്യേകം സജ്ജീകരിച്ച വേദിയിൽ ഇരുന്ന് നാളെ മുതൽ അതായത്  സപ്തംബർ ഒന്ന് മുതൽ പത്തു വരെ  ദേശാഭിമാനി സംഘടിപ്പിക്കുന്ന ഇരുപത്തെട്ടാമത്  നാടകോത്സവത്തിലേക്ക് ഒരു വിധി കർത്താവ്  ആകുവാൻ നിങ്ങളെ ഏവരെയും ഹാർദ്ദമായി എന്റെ കൊച്ചുഗ്രാമത്തിലേക്ക് ക്ഷണിച്ചുകൊള്ളുന്നു. 

No comments:

Post a Comment

വീണ്ടുമൊരു തിരുവാതിര

വീണ്ടുമൊരു തിരുവാതിര Posted by  jyothi haridas  on December 23, 2015 at 3:30pm Send Message     View Blog വൈകീട്ടു വീട്ടില്...