Sunday 21 May 2017

തുമ്പിപെണ്ണും, തുമ്പപെണ്ണും

ഇന്ന് അവധിയാണ്.

മുറ്റമാകെ പുല്ലു മുളച്ചിരിക്കുന്നു. രാവിലെ എന്നും നല്ല മഴ. കർക്കിടകത്തിൽ മഴയ്ക്ക് കുറവില്ല. പെയ്യുന്ന വെള്ളം എവിടെ പോകുന്നുവെന്ന്  മാത്രം അറിയുന്നില്ല. വൈകീട്ട്  വിളക്കു കൊളുത്തിയതിനു ശേഷം വീട്ടിൽ മടങ്ങി എത്തുന്നതുക്കൊണ്ട്  മുറ്റം  ചൂലു  കാണുന്നില്ല. മഴമൂലം നാളുകൾ  ഏറെയായി പറമ്പിലേയ്ക്കൊന്നും ഇറങ്ങാറില്ല.
ഹൊ, ഇന്നു  മഴയില്ല , ചെറിയ വെളിവ് കാണുന്നുണ്ട്. അതുത്തന്നെ ഭാഗ്യം.
മുറ്റത്തേക്കിറങ്ങിയതും മനസ്സു കുളിർത്തു . മുറ്റമാകെ മഞ്ഞപ്പട്ടു പുതപ്പിച്ച്‌ മുക്കുറ്റി എന്നെ നോക്കി ചിരിക്കുന്നു.പിൻമുറ്റത്തിന്റെ മുക്കാഭാഗവും അവർ  കൈയ്യടക്കി വച്ചിരിക്കുന്നു. പച്ചവിരിച്ച പട്ടുകിടക്കയിൽ മഞ്ഞപ്പൂ വാരിവിതറിയ പ്രതീതി. ആ പച്ചപ്പട്ട്  വിരിച്ച മെത്തയിൽ ഉറങ്ങാൻ ആരും ഒന്നു  കൊതിച്ചു പോകും.

അങ്ങനെ  സ്വപ്നം കണ്ടു നിൽക്കുമ്പോൾ അതാ തുമ്പക്കൊടം പരിഭവത്തോടെ എന്നെ നോക്കുന്നു.

'വെളുമ്പിക്കെന്താ ഗമ. പഴയപോലെ എല്ലായിടത്തൊന്നും വരുന്നില്ലല്ലോ.' തെല്ലൊരു പരിഭവം ഞാനും കാട്ടി.

"ഏട്ടമ്മേ ഞങ്ങളോട് പിണങ്ങല്ലേ. എട്ടമ്മ ഞങ്ങളുടെ കഥ ഇന്നാള് ഇക്കാക്ക്  എഴുതി കൊടുത്തവൻ സമ്മാനം വാങ്ങിച്ചില്ലേ. ഞങ്ങൾ അറിഞ്ഞൂട്ടോ." പൂത്തുമ്പി ഞങ്ങളോട് പറഞ്ഞു.
ആഹ..ആഹാ.. അത് അവളു  നിങ്ങളോടും പറഞ്ഞോ. പറക്കുന്നിടം മുഴുവൻ അവളതു പറയുന്നുണ്ടല്ലേ. അവളുടൊരു കാര്യം.

"എന്തേ  തുമ്പിപെണ്ണിനോട് കിന്നാരം പറയാൻ തുമ്പ പെണ്ണ്  ഇത്തവണ നേരത്തെ ഇങ്ങോട്ട് പോന്നോ?"
'എട്ടമ്മേ ഇന്നേക്ക് പതിനഞ്ചാം നാൾ ഓണമാണ്'. തുമ്പപെണ്ണ് ഓർമ്മിപ്പിച്ചു.

"ആർക്കും  ലീവില്ല ആരും വരില്ല. ഞാൻ ഒറ്റക്ക് എന്ത് ഓണമാ പെണ്ണേ"

'ഞങ്ങളു എത്തീട്ടു  കൂടി ഏട്ടമ്മക്കിതൊന്നും ഓർമ്മല്ല്യ. അപ്പൊ ഞങ്ങളും വൈകിയാലോ'. തുമ്പപെണ്ണ് വീണ്ടും.

"മുറ്റത്തെ കണിക്കൊന്നയും രണ്ടുക്കുല പൂത്തിരിക്കുന്നു, തുമ്പ പെണ്ണേ"

'ഈ വിഷുപ്പൂവിനെന്താ ഓണപ്പൂവിനിടയിൽ  കാര്യം' തുമ്പപ്പൂ മുഖമൊന്നു ചുളിച്ച് പിറുപിറുത്തു .

ശൂ ...ശൂ .....ശൂ ... തുമ്പിപെണ്ണ് ഏട്ടമ്മയെ വട്ടമിട്ടു പറന്നു.

"ഏട്ടമ്മ അറിഞ്ഞില്ലേ മനസ്സ് ബ്ലോഗിലേക്ക്  ഓണത്തെ കുറിച്ച് കഥേം, ലേഖനോം, കവിതോം ഒക്കെ നടത്തുന്നുണ്ട്. ഏട്ടമ്മയ്ക്കൊന്നു എഴുതി നോക്കി കൂടെ" തുമ്പിപെണ്ണ്  കുശലം തുടങ്ങി.

"ഈ തുമ്പിപെണ്ണിനെവിടുന്നാ ഈ വാർത്ത യൊക്കെ കിട്ടുന്നെ. വെറുതല്ല നിന്നെ ആകാശവാണീന്നു വിളിക്കുന്നെ".

"എട്ടമ്മേ, എട്ടമ്മേം അങ്ങനെ പറയരുത് ഏട്ടമ്മ  അങ്ങനെ പറഞ്ഞാൽ ഈ തുമ്പിപെണ്ണ്  കരയും" തുമ്പപെണ്ണ് പറഞ്ഞു.

ഏയ് അവളെ കുറ്റം പറഞ്ഞതല്ല. എട്ടമ്മ  നിങ്ങളെ കുറ്റം പറയ്യോ.

"ഇന്നലെ വന്നതാ ഏട്ടമ്മേ". തുമ്പിപെണ്ണു വേഗം കഴുത്തിൽ തൂക്കിയ മൈക്രോമാക്സ് 2g ഫോണ്‍ എടുത്ത് വാട്സ്അപ്പ്‌ മെസേജ് കാണിച്ചു പറഞ്ഞു.
ഇപ്പൊ എല്ലാം ഈ കുന്ത്രാണ്ടത്തിലാണല്ലൊല്ലേ.വേഗം ഫോണ്‍ വാങ്ങി നോക്കി.

"ഓണം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള രചനകള്‍ tomanassu@gmail.comഎന്ന ഇമെയില്‍ വിലാസത്തിലേക്കു അയക്കേണ്ട അവസാന തീയതി ആഗസ്റ്റ്‌ 20".
'ഇതു കണ്ടപ്പോഴാ ഞാനിങ്ങോട്ട്‌ ഓടിവന്നെ. അല്ലാതോന്നുമല്ല'. സങ്കടം ഉള്ളിലൊതുക്കി തുമ്പിപെണ്ണു പിണക്കത്തോടെ പറഞ്ഞു.

'ന്റെ പെണ്ണെ  ആ ബ്ലോഗ് ചില്ലറക്കാർക്കുള്ളതല്ല തുമ്പിപെണ്ണേ, അതിൽ  സുനിൽ മാഷ്‌ , ഉണ്ണി മാഷ്‌ , ജോയ് മാഷ്‌ , ജോസ് മാഷ്‌, മീന ടീച്ചർ, ബോബി മാഷ്‌,നാരായണൻ മാഷ്‌,വെട്ടത്താൻ സാർ .............  തുടങ്ങിയവരെ  പോലുള്ള നല്ല സാഹിത്യാഭിരുചിയുമുള്ള എഴുത്തുക്കാരാണ് . ഈ അത്തും, പൊത്തും  പറയുന്ന ഞാൻ എന്തു ചെയ്യാനാണ് തുമ്പി പെണ്ണേ. നിനക്ക് വേറെ പണിയൊന്നും ഇല്ലേ.'

"ഏട്ടമ്മ എഴുതോ എട്ടമ്മേ, പ്ലീസ് . അവളു  വീണ്ടും കിണുങ്ങാൻ തുടങ്ങി.ആദ്യമായൊരു മത്സരത്തിലു എഴുതാല്ലൊ. ഒരു സ്റ്റേജിൽ  കയറി മൈക്ക് കൊടുത്താൽ വിറച്ചു തുടങ്ങും. നാലാളെ കണ്ടാൽ  എല്ലാം മറന്ന്  കാറ്റ് പോയ ബലൂണ്‍ പോലാകും. ഇത് ഇവിടെ ഇരുന്നെഴുതാലോ." തുമ്പിപെണ്ണ് വിടുന്ന ലക്ഷണമില്ല. തുമ്പപെണ്ണ് അതിനെ പിന്താങ്ങി.

'എഴുത് , എഴുത്. ... ഞങ്ങളെ കുറിച്ചൊക്കെ എഴുത് ' പണ്ട് സ്കൂളു  വിട്ട് വന്ന് വെളിചേമ്പിന്റെ (പറമ്പിൽ വെറുതെ മുളക്കുന്ന ചേമ്പ് ) തളിരില   പൊട്ടിച്ച്  ,  ആ പണ്ടത്തെ വെള്ളഷിമ്മി മാത്രമിട്ട്, ഞങ്ങളെ  നോവിക്കാതെ നീ അന്ന് ഓരോ പൂവായ് അറുത്ത് ഇലയിൽ നുള്ളിയിടുമായിരുന്നില്ലേ. രാവിലേയ്ക്ക് ചേമ്പില  ഒന്ന് വാടിയിട്ടുണ്ടാകും അപ്പോഴേക്കും ഞങ്ങളിൽ ചിലർ ഒരു രാവുകൊണ്ട്  അതിനെ പ്രേമിച്ച് കെട്ടിപിടിച്ചങ്ങനെ കിടക്കും.  ഉറക്കപിച്ചിൽ  അന്ന്  ദേഷ്യപ്പെട്ട്  ഞങ്ങളെ പിച്ചിമാന്തി എടുക്കും. മഞ്ഞുവീണ് സൂര്യപ്രകാശം തഴുകാത്ത  മുക്കുറ്റിപ്പൂ  അറുക്കുമ്പോഴും നീ പിറുപിറുക്കും അത് കൈയിൽ ഒട്ടിപിടിക്കുമ്പോൾ ദേഷ്യം വന്ന് നീ കുലയോടെ പറിച്ചെടുക്കും അപ്പോൾ മുത്തശ്ശി ചീത്തപറയില്ലേ  "നീ ഇങ്ങനെ തലയോടെ അറുത്താൽ നാളെ മുതൽ എവിടുന്നാ പൂവുണ്ടാവുക എന്ന് . പണ്ടുള്ളതൊക്കെ വിവരിച്ചങ്ങു  എഴുത് എട്ടമ്മേ. ഇന്നുള്ളവർ അറിയട്ടെ എന്തായിരുന്നു ഓണമെന്ന്‌.  തുമ്പപ്പെണ്ണ്  വിടുന്നുന്നില്ല.
നീയിതൊക്കെ ഇപ്പോഴും ഓർക്കുന്നോ തുമ്പപെണ്ണേ
എല്ലാ കൊല്ലത്തിൽ പൂക്കുമ്പോഴും ഞാൻ ഇതൊക്കെ ഓർക്കും. പക്ഷെ ഇപ്പോൾ എന്റെ കഴുത്ത്  അറുത്ത് കളത്തിൽ ഇടാനല്ലാതെ എന്നെ ഒന്നൊന്നായ്  അറുക്കാൻ നേരം കാണാറില്ലല്ലോആർക്കും.
 തുമ്പ കാറ്റിൽ ആടിയുലഞ്ഞ് മുക്കുറ്റിയെ തോണ്ടി വിളിച്ചു.
"ഉറങ്ങി നിൽക്കാതെ  പറയ്യ്  മുക്കുറ്റി മൂക്കാ എട്ടമ്മയോട്."
ഒന്ന് മൂരി നിവർന്ന് മുക്കുറ്റിയും 'എഴുതുന്നെങ്കിൽ എഴുത് 'എന്ന മട്ടിൽ പറഞ്ഞു.
തുമ്പിപെണ്ണും, തുമ്പപെണ്ണും, മുക്കുറ്റീം പറഞ്ഞു കൊണ്ടേയിരിക്കുന്നു.
"എന്താ ചെയ്യാ, നോക്കാം "
"തുമ്പപ്പൂവേ പൂത്തിരളേ നാളെയ്ക്കൊരുവട്ടി പൂതരുമോ.............തുമ്പിപെണ്ണിനെ ആരോ വിളിക്കുന്നു.
ഏട്ടമ്മേ എഴുതണേ'എന്നോർമ്മിപ്പിച്ച്,  ഹലോ.. പറഞ്ഞു കൊണ്ട് അവൾ മേലേക്കുയർന്നു പൊങ്ങി.
അത് അവളുടെ തുമ്പൂട്ടനാ. അവൻ വാങ്ങി കൊടുത്തതാ ആ സ്മാർട്ട്‌ ഫോണ്‍. തുമ്പ പെണ്ണ് പറഞ്ഞു.
"ആ ഹാ അതിനിടയിൽ അതും ഉണ്ടോ. കള്ളി."
ടിർ ..ടിർ ..... ടിർ  അകത്തളത്തിൽ ഫോണ്‍ ചിലച്ചു ...

ഹലോ .....ഹലോ
അമ്മംമേ....ഇത്  ലച്ചുവാ...
എന്താ കാന്താരി പെണ്ണേ
'അമ്മംമേ.. ഞങ്ങളു ഓണത്തിന് അമ്മംമേടെ അടുത്ത് വരുന്നുണ്ട്. ഇന്നലെ അച്ഛനും, അച്ചോളും പറഞ്ഞു കേട്ടതാ. അവര്  അറിയാതെയാണ് ഞാൻ അമ്മമ്മേ വിളിച്ചത്. ആരോടും പറയേണ്ടട്ടോ ലച്ചു വിളിച്ചു പറഞ്ഞൂന്ന്.'
'ഇല്ല ...അമ്മമ്മേടെ കുട്ടി പറഞ്ഞൂന്ന് അമ്മമ്മ പറയില്ലാട്ടോ. അമ്മമ്മേടെ  കുട്ടീടെ പരീക്ഷ കഴിഞ്ഞോ ?'
'ഇല്ല അമ്മമ്മേ. ഓണം കഴിഞ്ഞിട്ടാ. അച്ഛൻ വരുന്നു. ഞാൻ ഫോണ്‍ വെയ്ക്കാട്ടാ അമ്മമ്മേ...ഉമ്മ..'
'അമ്മമ്മയുടെ ചക്കരക്കും ഉ..മ്മ്മ....'
എന്തെന്നില്ലാത്ത സന്തോഷം ഞാൻ പുറത്തേക്കോടി.
തുമ്പപെണ്ണെ തുമ്പപെണ്ണെ ഓണത്തിന്  മക്കൾ വരുന്നൂ...ല്ലോ.

കുറച്ചു നേരത്തെ മൌനത്തിനു ശേഷം.തുമ്പപെണ്ണു വീണ്ടും .."എല്ലാരും വരുകില്ലേ അപ്പൊ സന്തോഷായില്ലേ. എഴുതാല്ലൊ ഇപ്പൊ".ഒന്നും മിണ്ടണ്ട...ഏട്ടമ്മ എഴുതില്ലാലോ?.....
 
'പിണങ്ങേണ്ട . എനിക്ക് നിങ്ങളല്ലാതെ സംസാരിക്കാൻ ആരാ ഉള്ളത്. ആ ശരിയാ. എഴുതി നോക്കാം'. പക്ഷെ തുമ്പി പെണ്ണെ സുനിൽ  മാഷിനെ എനിക്ക് പേടിയാണ്.കേട്ടെഴുത്തിനു എല്ലാം പഠിച്ചെന്നാ പോകുന്നത് പക്ഷെ മാഷ്‌ വാക്ക് പറയുമ്പോൾ സ്ലേറ്റാണോ  പെൻസിലാണൊ, ന്റെ പേടിയാണോ ചതിക്കുന്നെ. പിരിച്ചെഴുതുമ്പൊഴും, ചേർത്തെഴുമ്പോഴും, കേട്ടെഴുതുമ്പോഴും കുറെ തെറ്റ് വരും. മാഷതൊക്കെ വീണ്ടും എഴുതി തരും. അത് കാണുമ്പോൾ എനിക്ക് സങ്കടം വരും തുമ്പിപെണ്ണേ.

അതൊന്നും സാരല്ല്യ  ഏട്ടമ്മേ, പരമാവധി തെറ്റില്ലാതെ എഴുതണം. നല്ല ക്ഷമയുള്ള മാഷാലെ എന്നാലും ആ മാഷ്‌.
ആ എന്നെ സ്ക്കൂളിൽ പഠിപ്പിക്കാൻ അന്ന് ഈ മാഷ്‌ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ എന്നും വിചാരിക്കും തുമ്പിപെണ്ണേ.
നല്ല കാറ്റും മഴയും വരുന്നുണ്ട് ഏട്ടമ്മ അകത്തേക്ക് പൊയ്ക്കോളൂ .
സന്ധ്യയ്ക്ക് കാലും മുഖവും കഴുകി ഉമ്മറത്തിരിക്കുമ്പോൾ പഴയ ഓണം ഓർമ്മയിൽ ഓടിയെത്തി.
അത്തം മുതൽ മുറ്റത്ത് ചാണം മെഴുകി പൂക്കളമിടാൻ തുടങ്ങും. ഓരോ ദിവസം ചെല്ലുംതോറും കളത്തിന്റെ വലുപ്പം കൂടും. പൂക്കളറുക്കാനുള്ള ഞങ്ങളുടെ മടിയും. മൂലക്കളം ഒരു കളം തന്നെ ആണേ. അന്ന് പൂവോന്നും വാങ്ങാൻ കിട്ടില്ല. വാങ്ങുകയും ഇല്ല. മിക്കവാറും കളം  മുക്കുറ്റിയും തുമ്പയും കൊണ്ട് നിറയ്ക്കണം. മറ്റ് എന്ത് ഇട്ടാലും അമ്മമ്മ ചീത്ത പറയും. കാശുത്തുമ്പയും ആകാം.ഉത്രാടം വരെയേ പൂക്കളം ഉള്ളൂ. പിന്നെ കളത്തിൽ തൃക്കാരപ്പൻ കയറും. അവനൊരു പഴയ കുടയും ചൂടി ഗമയിൽ ഒരിരുപ്പുണ്ട്. ഹൗ കാണേണ്ട കാഴ്ച തന്നെ.

അന്ന് അമ്മമ്മയും അമ്മയും ഒരാഴ്ച മുമ്പേ ഓണപ്പണിയിലാണ്. ഒർക്കുമ്പോൾ എന്ത് രസ്സാ ആ ഓർമ്മകൾ.
കുട്ടികളെ അടുക്കളയിലും പണിയിലുമൊന്നും അന്ന് അടുപ്പിക്കില്ല.പക്ഷെ ഞാനെന്റെ മക്കളെ കുട്ടിയിലെ അടുക്കളയിൽ ഒപ്പം നിർത്തുംട്ടൊ.
കായക്കുല കൊണ്ട് വന്ന്  ഉത്തരത്തിൽ കെട്ടി തൂങ്ങികിടക്കുന്ന കാണാൻ എന്ത് ഭംഗിയാന്നോ . സാമാന്യം വലിയ 4-5 കുലകൾ. പത്തായപ്പെട്ടിയിൽ കായക്കുലകൾ അടുക്കിവെച്ചിട്ടുണ്ട്.  അമ്മ ചകിരിയിൽ മുളകും  കനലും  ഇട്ട് പെട്ടിയിൽ വെച്ച്  പുറത്ത് പുക പോകാത്ത വിധം അടച്ചാണ് കായ പഴുപ്പിക്കുക.
ക്വാ ..ക്വ ..ക്വ ഞാൻ ഉമ്മറത്തിരുന്നു ചുമച്ചു.
എന്താ ജയേ...മുളക് ഇത്തിരി കൂടിയിരിക്കുന്നോ, നന്നായ് പഴുത്  അടച്ചൂടെ . കുട്ടി ചുമക്കുന്നത് കാണാനില്ലേ.

അടച്ചിട്ടുണ്ട് അമ്മേ . അവള്  കുറച്ചു നേരം പുറത്ത് പോയി കളിക്കട്ടെ.
കേട്ടതും ഞാനോടി.
അപ്പോൾ കളിക്കുന്നിടത്ത് കുട്ടിസഞ്ചി കൊടുക്കുന്നു പാണൻ ചേട്ടൻ. അതിലൊന്ന് ഞാനും വാങ്ങി. എനിക്ക് നല്ല ഇഷ്ടായി. എന്തും സൂക്ഷിക്കുന്ന പതിവുണ്ട് അന്നും. ഇന്നും അത്  പെട്ടിയിൽ കിടപ്പുണ്ട്  ഒരെണ്ണം.

നാളെ ഉത്രാടായി. ബാലൻ നായരുടെ കടയിൽ  നല്ല തിരക്കുണ്ട്. ഇനി നാലോണം കഴിഞ്ഞേ കട തുറക്കൂട്ടൊ . വല്ലതും മറന്നിട്ടുണ്ടോ ജയേ ?
'അങ്ങനെ ഒന്നും ഓർക്കുന്നില്ല  അമ്മേ .  നാളെ മാവേലിയിൽ പച്ചക്കറി വരുംന്നല്ലേ പറഞ്ഞത്. അപ്പൊ ഇനി അവിടുന്ന് വാങ്ങാം'.

ശേ...ശ്ശീ ....ശ്ശ്  വറുത്തുപ്പേരിയിൽ ഉപ്പുവെള്ളം തളിക്കുന്ന ശബ്ദം.

'ചീനച്ചട്ടിയിൽ ഉപ്പുവെള്ളം തളിക്കുന്നത് ഇറക്കി വെച്ച് മതിട്ടോ. എണ്ണയിൽ എങ്ങാനും തീ പിടിച്ചാൽ. തീ ലേശം കുറച്ചിട്ട് വാങ്ങിയാൽ മതി.'

'എന്തമ്മേ ഞാൻ ആദ്യായിട്ടൊന്നല്ലല്ലൊ കായ വറക്കുന്നെ.'

മാഷ്‌ പുറത്ത് പോയിട്ട് കാണാനില്ലല്ലോ എന്താത്ര വൈകുന്നതാവോ?

അതിനു അച്ഛന് പിടിക്കുന്ന കോടിമുണ്ടൊന്നും കിട്ടി കാണില്ല. കിട്ടുമ്പോ വിലയും തരാവില്ല. അപ്പൊ നടക്കുന്നുണ്ടാകും ഓരോ കടയിലും.

കുട്ടികൾക്ക് ഓരോ എണ തോർത്ത്, വലിയവർക്ക് കോടി ഒറ്റമുണ്ട്. അതാണ് മുത്തച്ഛന്റെ ഓണക്കോടി.

ഞങ്ങൾക്ക്  സന്തോഷം സഹിക്കാൻ കഴിയില്ല. അമ്മമ്മ ഓരോ ജോഡി ഉടുപ്പും തരും. ആ ഉടുപ്പ് തന്നെയാട്ടോ നലോണം വരേയും.

തൃക്കരപ്പനെ ഉണ്ടാക്കാൻ മണ്ണ് മുറ്റത്ത് കൊണ്ടുവന്നിട്ട്, പുളിഞ്ചിക്കുള്ള പുളി  അടുപ്പത്ത് വെച്ചുമാണ് അമ്മ മാവേലിയിൽ പോയത് .. കണക്കും കാര്യങ്ങളുമൊക്കെ കൃത്യമായിരിക്കണം. നീണ്ട ക്യൂവിൽ  മണിക്കൂറുകൾ നിൽക്കണം .തലച്ചുമടായി സാധനങ്ങൾ കൊണ്ടുവരികയും വേണം. വണ്ടി ഒന്നും കിട്ടില്ല. വയ്യാതാകും. ഞാൻ ഇതുവരെയും പത്രത്തിൽ ക്യൂ കണ്ടിട്ടുള്ളതല്ലാതെ അവിടെ പോയിട്ടില്ല ഇന്നും. അമ്മയെസമ്മതിക്കണം.
വന്നതും ഒരു ഗ്ലാസ് വെള്ളം മാത്രം  എടുത്തു കുടിച്ച് തൃക്കരപ്പനെ ഉണ്ടാക്കാൻ ഇരിക്കും. 5  അമ്മയും, 12  കുട്ടികളും. അതിനു ശേഷം വൈകീട്ട് അട നിവേദിക്കാനുള്ള അരി  ഇടിച്ച് പൊടിയാക്കും. ഒരുക്കാനും, പൂജിക്കാനുമുള്ള  ഇലയും, പൂവുമൊക്കെ ഒരുക്കൽ എന്റെ പണിയാണ്.
ഉപ്പുചേർക്കാതെ പൂവട ഉണ്ടാക്കും.
തൃക്കാരപ്പനെ പൂജിച്ചു വന്ന് മുത്തശ്ശൻ പത്തായത്തിൽ നിന്ന് പഴുത്ത പഴക്കുലകൾ പുറത്തെടുത്തു കെട്ടും. എന്തുഭംഗിയായിരുന്നു ആ കുലകൾക്ക്. അമ്മിണ്യെ  എന്തായാലും നാളെ ആ തെക്കെകൊലയിലെ എടുത്ത് പുഴുങ്ങിയാൽ മതി. പാകം വരുന്നേ ഉള്ളൂ മറ്റുള്ളവ.
തിരുവോണം തൊട്ട് പ്രാതൽ  മുതൽ അത്താഴം വരെയും പഴം പുഴുങ്ങിയതും, പപ്പടവും, ഉപ്പേരിയും ഉണ്ടാകും. അതുകൊണ്ട് മരുമക്കൾ നാലോണം കഴിയുമ്പോഴേക്കും പറയും അടുത്ത കൊല്ലം കുല വങ്ങേണ്ട അമ്മേ വയറ്റിൽ നിന്നു  തന്നെ മുളച്ചോളും അത്രത്തോളം മടുപ്പ് വരും. എങ്കിലും ആ പഴത്തിന്റെ സ്വാദ് നാവിന്തുമ്പിൽ ഇന്നുമുണ്ട്. അമ്മമ്മയ്ക്ക് പെണ്മക്കൾ ആയതിനാൽ മക്കളും, മരുമക്കളും, പേരക്കുട്ടികളും എല്ലാവരും വീട്ടിൽ  തന്നെ ആണ്.  കെട്ടികൊണ്ടു പോകുന്ന പതിവല്ലല്ലോ കെട്ടികിടക്കുന്ന പതിവല്ലേ നായർ തറവാട്ടിലേത് .അതുകൊണ്ട് വിരുന്ന് ആരും പതിവില്ല.
ഓണദിവസം മുത്തശ്ശൻ ഓണക്കോടി തരുന്നത് മൂത്തവർ ഗണത്തിലാണ്. അഞ്ചാമത് ഞാൻ. ആ കോടി കിട്ടിയാൽ അതിൽ നിന്ന് ഒരു നൂൽ  വലിച്ചെടുത്ത് തൃക്കാരപ്പനെ ചുറ്റിക്കും അങ്ങനെ ത്രുക്കാാരപ്പനും കോടി ചുറ്റിക്കും.
ഇന്നത്തേത് പോലെ എല്ലാ മതക്കാരും ഓണം  ആഘോഷിക്കുന്ന പതിവ് അന്നില്ല. അതോ എന്റെ നാട്ടിൽ  ഇല്ലാത്തതാണോ എന്നറിയില്ല.
മതാചാരങ്ങളുടെ വേലിമറക്കുള്ളിൽ ആഘോഷങ്ങളും ഒരു പരിധിവരെ ഒതുങ്ങിയിരുന്നു. ക്രിസ്താനിക്കു ക്രിസ്തുമസും, ഹിന്ദുവിന് ഓണവും, മുസ്ലിമിന്  റംസാനുമൊക്കെ തന്നെ ആയിരുന്നു വലിയ ആഘോഷങ്ങൾ . ആഘോഷങ്ങളെ പങ്കുവെക്കുന്ന സ്നേഹമായിരുന്നു അന്നുള്ളത് .  വിശിഷ്ട ആഹാരങ്ങൾ വേലികൾക്കപ്പുറത്തേക്ക്  എത്തിക്കുന്ന വളയിട്ട കൈകൾ. ഉപ്പേരിയും ചോറും ഉൾപ്പെടെ അന്നുണ്ടാക്കുന്ന എല്ലാം നൽകും . തിരിച്ച് അവരുടെ ആഘോഷങ്ങൾക്ക് ഇങ്ങോട്ടും ആ കൈകൾ നീളും. ഇന്ന് എല്ലാ ആഘോഷങ്ങളും എല്ലാവരും ആഘോഷിക്കും. അന്ന്   നാട്ടിൻപുറങ്ങളിൽ ഞാനങ്ങനെ കണ്ടിട്ടില്ല.
ഓണസദ്യ പ്രധാനം തന്നെ. നാരങ്ങക്കറിയും, പുളീഞ്ചി,അവീലും, പപ്പടവും, തോരനും, പച്ചടിയും, സാമ്പാറും എല്ലാം കൂടെ ഇല നിറച്ചും  കല്ല്യാണ സദ്യയുടെ പ്രതീതി. വടുകപ്പുളി നാരങ്ങക്കറി  ഓണത്തിന്റെ പ്രധാന അതിഥി. അതിന്റെ ലേശം കൈയ്പ്പും രുചിയാണ്. അന്നൊക്കെ ഇങ്ങനെ വിശേഷങ്ങൾക്കെ അവീലൊക്കെ ഉണ്ടാക്കൂ. അല്ലെങ്കിൽ ഏതെങ്കിലും സദ്യയ്ക്കാണ് ഒന്നിൽ  കൂടുതൽ കറിയും വലുതായ് കാച്ചിയ പപ്പടവും കാണുക. (സാധാരണ വീട്ടിൽ   കുറച്ചു പപ്പടം എടുത്ത് ചെറിയ ചെറിയ കഷ്ണങ്ങളായ് മാത്രമാണ് കാച്ചുക).

പീടിക ഉമ്മറത്ത് ശീട്ടുംപ്പെട്ടി നിരത്തിയിട്ടുണ്ട് രാവിലെ തന്നെ. കുപ്പിയും കാണും അമ്മ പറയുന്നുണ്ട്. ശല്ല്യം  കുടുംബത്തെ സമാധാനം കെടുത്താൻ നല്ലൊരു ദിവസമായിട്ട്.ശീട്ടുകളി ഓണക്കാലത്ത് നാട്ടിൻ പുറങ്ങളെ ഉണർത്തുന്ന  ഒന്ന് തന്നെ സംശയമില്ല.
അതിനിടയിൽ മണിച്ചേട്ടൻ മച്ചിങ്ങ പറുക്കാൻ വരും.
'ആരാടാ മണ്യെ ഇന്നാദ്യം ചെകിടിൽ തൂക്കുന്നെ'.
'ഇന്നും രവിയേട്ടൻ തന്നെ മാഷേ '.
'അവനിപ്പോഴും കള്ളക്കളി പഠിച്ചില്ല അല്ലെ.'
മണിയേട്ടൻ ചിരിക്കുക മാത്രം ചെയ്തു.

 കള്ള് ചെന്നാൽ അവിടെ കൈകൊട്ടിക്കളി, തുമ്പിതുള്ളൽ, എന്തൊക്കെ ആടാമോ അതൊക്കെ. ബഹളം കൂടുമ്പോൾ അച്ഛനും, മുത്തശ്ശനും ഞങ്ങളോട് അകായിലേക്ക് പോകാൻ പറയും.
ഞങ്ങൾ10 മണിയ്ക്ക്  ഊണ് കഴിഞ്ഞ്  തായം കളിയും,മറ്റ്  കളികളും തുടങ്ങും. അന്നാണ് അമ്മയും, ചെറിയമ്മമാരും , ഞങ്ങളും ഒപ്പം കളിക്കുന്നെ.
മനയ്ക്കലെ കൈകൊട്ടിക്കളിയും, കണ്ണാത്തെ ജയേട്ടന്റെ കുമ്മാട്ടിയും, കടിക്കുന്ന തുമ്പകൊണ്ട് വന്നു പേടിപ്പിക്കലും, ഓട്ടവും അതൊക്കെ  ഒരു രസവും, ബഹളവും  തന്നെ.

എന്തേ തുമ്പി തുള്ളാത്തെ ......എന്ന് ഈണത്തിൽ പാടി തുമ്പിതുള്ളലും ഒക്കെ ഉണ്ടാകും. ഈ ഓണമ്മൊന്നു കഴിയാതിരുന്നെങ്കിൽ എന്ന്  ചിന്തിക്കും.

ഇന്നും  മാറ്റമില്ലാതെ തുടരുന്നത്  ഉത്രാടം മുതൽ നാലോണം വരെ കളിക്കാർ മാറിയാലും കളം മാറാതെ പീടിക ഉമ്മറത്തെ ചീട്ടുകളിയും, ആരവവും  മാത്രം. തലേക്കെട്ട് കെട്ടി കുനിഞ്ഞിരുന്ന പഴന്തലമുറയ്ക്ക് പകരം പുത്തൻ തലമുറ അത്രേ ഉള്ളൂ മാറ്റം . പഴമയെ ഓർത്തെടുത്ത   മച്ചിങ്ങയ്ക്ക്  മാത്രം ഇന്നും മാറ്റമില്ല.
നാലോണത്തിന്റെ തൃശ്ശൂരിലെ പുലിക്കളി അന്ന് 10 പേർ  തികച്ച് ഉണ്ടാകില്ല. ഒരു ചെണ്ടയും കുറച്ചു പുലി വേഷം കെട്ടിയ കുട്ടികളും. ഇന്നത് മത്സരമായി, ആഘോഷമായി ടൂറിസം പോലും ഏറ്റെടുത്തു ഗംഭീരമാക്കി എന്നതിൽ സന്തോഷം.
 കഴിഞ്ഞ തവണ  മോൻ വിളിച്ചു പറഞ്ഞു അമ്മയ്ക്ക് വയ്യല്ലോ അപ്പോൾ തൃക്കാരപ്പനെ വാങ്ങി വെച്ചാൽ മതി. അമ്മയിനിയത് ഉണ്ടാക്കാനോന്നും നിൽക്കണ്ട . ഇത്തവണ  നാട്ടിൽ വരാത്തതുകൊണ്ട് ഞങ്ങളും വാങ്ങിയിട്ടുണ്ട്.
അയ്യോ മോനെ വേണ്ട. അമ്മയ്ക്ക് കഴിയും വരെ ഞാനത് കാരണവന്മാർ ചെയ്തത് പോലെ എത്തിക്കും എന്നൊരു  ചിന്ത ഉണ്ട്.
കഴിഞ്ഞ തവണയും എല്ലാം വിധിയാംവണ്ണം  സാധിച്ചു. ഇത്തവണ പറ്റോ എന്തോ?
മക്കളും വരുമല്ലോ. ഗംഭീരമാകണം ഓണം. വീട്ടിൽ  തന്നെ മത്സരമാക്കണം.  ടി.വി. കാണാനാണ് എന്റെ മക്കൾക്ക്  ജ്വരം. അത് ഇത്തവണ വേണ്ട പുറത്തിറക്കി കളിപ്പിയ്ക്കണം.അനിയത്തിയെയും മക്കളെയും കുടുംബത്തെയും ഒക്കെ വിളിക്കണം. പഴയപോലൊരു ഓണം ആഘോഷിക്കണം.

രാവിലെ തന്നെ പൂത്തുമ്പി ഓടിയെത്തി " എട്ടമ്മേ എഴുതിയോ?
ഒന്നും ഓർക്കുന്നില്ല. കുറച്ചെഴുതി അത് മതി. മത്സരത്തിനില്ല. വെറുതെ ഓർമ്മകൾ  പങ്കിടാം അത്രമാത്രം.
'എങ്കിൽ മനസ്സിൽ പോസ്റ്റ്‌ ചെയ്യൂ വേഗം ഏട്ടമ്മേ ' തുമ്പിപെണ്ണും, തുമ്പപെണ്ണും ഒരേ സ്വരത്തിൽ പറയാൻ തുടങ്ങി.
'ചെയ്യാം, മനസ്സ് അപ്രൂവ്വ് ചെയ്യാനുള്ള കഥയൊന്നും കാണുന്നില്ലാട്ടൊ'.
അങ്ങനെ മനസ്സിൽ "ഓണം" കഥ സ്വപ്നം കണ്ടതോ? എന്ന തലക്കെട്ടോടെ പോസ്റ്റ്‌ ചെയ്തു.  തുമ്പിപെണ്ണ് പറന്നു പോയി.
ഒരുമണിക്കൂർ കഴിഞ്ഞു കാണും
അതാ ഫോണ്‍ വീണ്ടും റിംഗ് ചെയ്യുന്നു. ഓടി ചെന്ന് എടുത്തു.
'അമ്മമ്മേ ......... അമ്മമ്മയുടെ ലച്ചുവാ'.
'ആ പെട്ടിയിലെ കുട്ടിസഞ്ചി അമ്മമ്മ എനിക്ക് തര്വോ?'
'നിനക്ക് ...........'
ഞാൻ അച്ഛന് കൊടുക്കാം
അമ്മേ മനസ്സിലെ കഥ വായിച്ചൂ, അമ്മ ഒരുങ്ങികൊള്ളൂ. നമുക്ക് ഇത്തവണ അസ്സലാക്കണം. കൈക്കൊട്ടിക്കളി, കസേരക്കളി എല്ലാം വേണം. ഞങ്ങളു  വന്നിട്ട് തൃക്കാരപ്പനെ ഉണ്ടാക്കിയാൽ മതി, ലച്ചൂന് അത് കാണണമെന്ന് വാശിപ്പിടിക്കുന്നു. അമ്മയുടെ മുറ്റത്തെ തുമ്പപെണ്ണിനെയും  ലച്ചു പോരുമ്പോൾ ഇങ്ങോട്ട്  കൊണ്ടുവരുമെന്ന് പറഞ്ഞിരുപ്പുണ്ടിവിടെ. അപ്പൊ എല്ലാം വന്നിട്ട് ....ഓക്കേ അമ്മെ.

ഞാൻ അന്ധാളിച്ചു പോയ്‌.
ഇത്രവേഗം മനസ്സ് അപ്രൂവൽ  ചെയ്ത് ഇവനിത് വായിച്ചോ?
പൂത്തുമ്പീ , പൂതുമ്പേ നന്ദി. നമുക്ക് വേണ്ടിയല്ലല്ലേ നാം എഴുതുന്നത് വായിക്കുന്നവർക്കും വളരുന്ന തലമുറക്കും വേണ്ടിയാല്ലേ. ഇനിയും അനുഭവങ്ങള എഴുതി നാടിന്  പങ്കുവെക്കണം അല്ലെ......
കണ്ണുകളിൽ നിന്ന് ഉറക്കം വിട്ടു മാറുന്നില്ല. പുലർവെട്ടം കണ്ണുകളെ കണ്ണഞ്ചിക്കും വിധം പ്രകാശം ചൊരിയുന്നു. ടൈംപീസ്‌ അലറാം അടിച്ചില്ല. മണി ഏഴ് കണ്ടതെല്ലാം സ്വപ്നമെന്ന് വിശ്വസിക്കാനായില്ല.
'നാരായണ..നാരായണ.. 'എന്ന് ജപിച്ച് എഴുന്നേറ്റു.
വെള്ളം ചൂടാക്കി പല്ലു തേക്കുമ്പോൾ ഫോണ്‍ ബെൽ .
എടുത്ത് 'ഹലോ... '
'അമ്മയെ കുറെ നേരമായല്ലോ വിളിക്കുന്നു. എന്താണ് ഉണരാൻ വൈകിയോ? അസുഖം എന്തെങ്കിലും ഉണ്ടോ അമ്മേ '
'ഇല്ല മക്കളെ. എന്താ വിശേഷിച്ച് രാവിലെ തന്നെ'
അമ്മേ ഞങ്ങൾ എല്ലാവരും ഇത്തവണ ഓണത്തിനു അമ്മയോടൊപ്പം ഉണ്ട്. പൂരാടം മുതൽ അമ്മയുടെ മകനും, എനിക്കും, മരുമക്കൾക്കും ലീവ് കിട്ടി. ഇന്ന് രാവിലെയാണ് മെയിൽ വന്നത് അമ്മേ'
ആണോ ....സന്തോഷായി ഈ അമ്മയ്ക്ക്.

പാതിയിൽ നിർത്തിയ പല്ല് തേയ്ക്കുന്നത്  തുടരുമ്പോൾ മുറ്റത്ത് പാതിവിരിഞ്ഞ മുക്കുറ്റി പൂക്കളും, പൂത്തുമ്പയും , തുമ്പിപെണ്ണും എല്ലാം സത്യമായ് എന്നെ നോക്കി കളിയാക്കി ചിരിക്കുന്നു. ഞാനും എന്റെ വിഡ്ഢി ത്തരമോർത്ത് നാണിച്ചു തലതാഴ്ത്തി. പക്ഷെ മനസ്സിൽ മത്സരത്തിന് പോസ്റ്റ്‌ ചെയ്യേണ്ട കഥ മാത്രം എഴുതാതെ സ്വപ്നമായ് മാത്രം അവശേഷിച്ചില്ലേ ............
ഒന്നും ഓർമ്മയില്ല ........സന്തോഷം കൊണ്ട് ആകെ ഒരു  ശൂന്യത.

[ ഇതൊരു കഥ മാത്രമാണ് . മനസ്സിലെ എന്റെ കൂട്ടുകാർക്ക്  ആർക്കും പരിഭവമോ പിണക്കമോ തോന്നരുത് ]


മനസ്സിനും മനസ്സിലെ എന്റെ എല്ലാ നല്ല സഹയാത്രികർക്കും   എന്റെ  കുടുംബാംഗങ്ങളുടെ ഓണാശംസകൾ.



No comments:

Post a Comment

വീണ്ടുമൊരു തിരുവാതിര

വീണ്ടുമൊരു തിരുവാതിര Posted by  jyothi haridas  on December 23, 2015 at 3:30pm Send Message     View Blog വൈകീട്ടു വീട്ടില്...