Sunday 21 May 2017

  വരണ്ട ഭൂമിയെ കുളിർപ്പിക്കാനെത്തിയ ഈ ചാറ്റൽ എപ്പോൾ തീരുമെന്നറിയില്ല . നന്ദു കുട്ടിക്കാലത്തെ മഴക്കു സൃതികൾ ഓർത്ത് കിടന്നു. കുളിര് കോരുന്ന ഈ രാവിനു പുതുമണ്ണിന്റെ ഗന്ധം. അമ്പലത്തിൽ നിന്നും വന്നു വൈകി കിടന്നത് കൊണ്ടാകാം നേരം പുലർന്നിട്ടും കൺപോളകൾക്ക്‌  വിട്ടുപിരിയാൻ വൈമനസ്യം.
'ഏട്ടനെന്താ എണീക്കാത്തെ .... മണിക്കുട്ടിക്ക് മഴവെള്ളത്തിൽ കളിക്കാൻ കൊതിയാകുന്നു. മഴത്തുള്ളികൾ നിലത്തു വീണു ചിതറും പോലെ മണിക്കുട്ടി കുഞ്ഞിപ്പല്ലു വെളുക്കെക്കാട്ടി ചിരിച്ചു.
മഴയുടെ കൂരിരുളിൽ എങ്ങോ മറഞ്ഞ സൂര്യൻ മിന്നായം പോലെ മുഖം കാണിക്കാൻ തുടങ്ങിയിരുന്നു.
"ഏട്ടനിപ്പോ വരാംട്ടോ' അൽപ്പം  കൂടുതൽ ഉറങ്ങിയതിന്റെ ജാള്യത മറക്കാൻ   അമ്മയ്ക്ക് മുഖം കൊടുക്കാതെ പല്ല് തേച്ചു ചായ കുടിച്ചു. വീണ്ടും മഴ എവിടെ നിന്നോ പറന്നെത്തി. തിമർത്തു   പെയ്യുന്ന മഴ ജനലരികിൽ കൂടി കൌതുകം തുളുമ്പുന്ന മിഴിയോടെ മണിക്കുട്ടി നോക്കി നിന്നു .
ചായ കുടിച്ചു കഴിഞ്ഞപ്പോൾ മണിക്കുട്ടി മറ്റൊരാവശ്യവുമായി നന്ദുവിന്റെ അടുത്തെത്തി.
'ഇന്ന് നമുക്ക് തൊടീ പോണം, വെള്ളത്തൊപ്പിക്കാരനെ കാണണം'. അവളുദ്യേശിച്ചത് എന്താണു എന്നാർക്കും  മനസ്സിലായില്ല. മഴ ഇറ്റിറ്റു വീഴാൻ ആയാപ്പോൾ അവളുടെ വാശി കൂടി.

'ഇപ്പൊ പോണം' വാശി കൂടി കൂടി വന്നു.
'നന്ദൂട്ടാ മണിക്കുട്ടിനെ നോക്കണേ' തൊടീലെ ചാലിലെക്കിറങ്ങാൻ  ആയ്ക്കണ്ട' പിന്നാമ്പുറത്തിരുന്ന അമ്മ വിളിച്ചു പറഞ്ഞു.
മഴയൊന്നു കുറഞ്ഞപ്പോൾ നന്ദു മണിക്കുട്ടിയേയും കൂട്ടി മുറ്റത്തേയ്ക്കിറങ്ങി. അത്രയും നേരം മഴ കുറയാൻ കാത്തുനിന്നതിന്റെ ദേഷ്യം മണിക്കുട്ടിയുടെ മുഖത്തു  വരച്ചു വെച്ചിരുന്നു.
ഏട്ടന്റെ കൈ അവൾക്കൊരു  ധൈര്യമാണ്.   കുഞ്ഞിക്കൈ ഒന്ന് ഏട്ടന്റെ കൈക്കുള്ളിലും ഒന്ന് മാറോടും അടക്കി പിടിച്ചു.
"എന്താ മണിക്കുട്ടി കൈയില്, ...നോക്കട്ടെ'?
'ഇതേട്ടൻ  കാണണ്ട ഇതെന്റെ വെള്ളത്തൊപ്പിക്കാരനു കൊടുക്കാനുള്ളതാ....
'അതെന്നെ കാണിച്ചില്ലെല്ലേൽ  ഇനി ഒരിക്കലും ഈ തൊടിയിൽ  നിന്നെ ഞാൻ കൊണ്ടുവരില്ല . നാഗദൈവങ്ങളാണേ സാക്ഷി' നന്ദുവും വിട്ടുകൊടുത്തില്ല.
അതോർത്തപ്പോൾ അവൾ ആ നെഞ്ചോടുചേര്ത്ത്  പിടിച്ച കൈ ചുരുട്ടി തന്നെ എട്ടന് നേരെ നീട്ടി. നഖങ്ങൾ പോലും പുറത്തു  കാണാത്തവിധം കൈ മുറുക്കി പിടിച്ചിരിക്കുന്നു. തന്റെ തീരുമാനം ഒന്ന് കൂടി പറഞ്ഞപ്പോൾ അവൾ ആ കൈകൾ  മെല്ലെ തുറന്നു. തൂവെള്ള കൈപ്പത്തിയിൽ മഞ്ചാടിക്കുരു ചിരിച്ചുകൊണ്ടിരിക്കുന്നു.
' ഇതെന്തിനാ മണിക്കുട്ടീ..'
' മഞ്ചാടിക്കുരു നമുക്കിഷ്ടപെട്ട ആളുടെ അടുത്ത് വെച്ചാൽ അയാളൊരിക്കളും നമ്മളെ വിട്ടു പോവൂല്ലാന്നു മുത്തശ്ശി പറഞ്ഞൂലോ. മഴയത്ത് മാത്രമല്ല എനിക്ക് എന്നും അവനെ കാണണം. അതിനാ ഞാൻ ഇതെടുത്തെ.'
ഒരു നാലു വയസ്സുകാരിയുടെ നിഷ്കളങ്കത ശരിക്കും നന്ദു അനുഭവിച്ചറിഞ്ഞു.
വെള്ളത്തൊപ്പിക്കാരനെ ഇപ്പോഴവന് പിടികിട്ടി. പാറക്കെട്ടിനരികിൽ  പൊന്തി വന്ന വെളുത്തകൂൺ. ആരും അത്രയൊന്നും ശ്രദ്ധിക്കാത്ത അതിനോടുള്ള മണിക്കുട്ടിയുടെ ഇഷ്ടം നന്ദുവിനെ അതിശയിപ്പിച്ചു. നോക്കി നോക്കി നിന്ന് അവന്റെ മനസ്സിലും തൊപ്പിക്കാാരിക്കൊരു സ്ഥാനവും സ്നേഹവും  തോന്നി തുടങ്ങി.
മഴ നിന്നെങ്കിലും കാറ്റ് മെല്ലെ വീശുന്നുണ്ടായിരുന്നു. മഴയുടെ ലക്ഷണമുണ്ട് . ആദ്യം കാറ്റ് മെല്ലെ വീശുന്നുണ്ടായിരുന്നുള്ളൂ. ഇപ്പൊ ശക്തി കൂടി. ഇലകൾ പൊഴിയാൻ തുടങ്ങി. ശക്തികൂടി ചില്ലകളും, ഇളകിമറിയാൻ തുടങ്ങി.
മണികുട്ടിക്കു തെല്ലും ഭയം തോന്നിയില്ല. അവളുടെ ശക്തനായ രക്ഷകൻ ഏട്ടനാണ് . ഏട്ടൻ അടുത്തുണ്ടല്ലോ . നന്ദുവിന് ഭയമായി. ഭയം കൊണ്ട് വിറക്കാൻ തുടങ്ങി. അത്രയും ക്ഷമപാലിച്ചു കൂടെ നിന്ന മഴയും പെയ്യാൻ തുടങ്ങി. മണികുട്ടിയുടെ പുള്ളിയുടുപ്പും , മുടിയും കാറ്റിൽ  ഉലഞ്ഞു പറക്കാനും, നനയാനും തുടങ്ങി. ഊക്കൊടെയുള്ള ഇടിയുടെ ശബ്ദം മണികുട്ടിയെ ഭയപ്പെടുത്തി. അവൾ ഉറക്കെ നിലവിളിക്കാൻ  തുടങ്ങി.
നന്ദു അവളെയൊന്നു ചേർത്തു  പിടിക്കാൻ ആയും മുൻപേ കുമ്പിൾ മരം ഊക്കോടെ ആ പിഞ്ചു ശരീരത്തെ മണ്ണോടു ചേർത്തു . ബലിഷ്ഠവും വീതിയേറിയതുമായ ആ മരത്തിന്റെ അടിയിൽ ഒരു തേങ്ങലായ് അവൾ അവസാനിച്ചു.
അപ്പോഴും നെഞ്ചോട്‌ ചേർത്തു  പിടിച്ച ആ മഞ്ചാടിക്കുരുകൾ ഒന്നുമറിയാതെ ചിരിച്ചുകൊണ്ടിരുന്നു.
നന്ദു ചലനമറ്റ് നിർജീവമായിരുന്നു . ഞാനെങ്ങനെ തിരിച്ചു വീട്ടില് കയറും. കൈയിൽ മഞ്ചാടിക്കുരു പിടിച്ചിട്ടും അവളങ്ങനെ തനിക്കു നഷ്ടമായി എന്ന് പോലും ചിന്തിക്കുമ്പോഴേക്കും അതാ അവളുടെ തൊപ്പിക്കാരനും അവളോടൊപ്പം യാത്രയായിരിക്കുന്നു...........
................

No comments:

Post a Comment

വീണ്ടുമൊരു തിരുവാതിര

വീണ്ടുമൊരു തിരുവാതിര Posted by  jyothi haridas  on December 23, 2015 at 3:30pm Send Message     View Blog വൈകീട്ടു വീട്ടില്...