Sunday 21 May 2017

പൊറുക്കില്ലായിരിക്കാം ഈശ്വരൻ എന്നോട് ......


അച്ഛനെ ശിക്ഷിക്കാൻ ഒരു മകനും അധികാരമില്ല. ചില സന്ദർഭങ്ങൾ അതിനു പല വ്യാഖ്യാനങ്ങളും നിരത്തും അതുപോലൊന്ന് മാത്രം.

"നീതിയല്ലാത്ത അനുഭവം "

ചുണ്ടിൽ എരിയുന്ന ഗോൾഡ്‌ ആഞ്ഞ് വലിച്ച് വെളുത്ത പുക പുറത്തേക്ക് വിടുന്നതിനിടയിലാണ് ഗീതു  ചുടു ചായയുമായ് അടുത്തെത്തിയത്.
 'രാവിലെ തന്നെ മനുഷ്യൻ ഇത് സ്വപ്നം കണ്ടു കൊണ്ടാണ്‌ ഉണരുന്നത്  എന്നാണ് തോന്നുന്നു..'ചുണ്ടിലിരുന്നു എരിയുന്ന സിഗരറ്റ് വലിച്ചെറിഞ്ഞ് അവൾ പിറുപിറുത്തു.
കൈച്ചൂണ്ടികൊണ്ട് മേലാൽ ആവർത്തിക്കരുതെന്ന് താക്കീത് ചെയ്യുമ്പോലുള്ള നോട്ടവും. അമ്മയും ഇതുപോലായിരുന്നു.

ചുടു ചായയുടെ  ആവി മുഖത്ത് തട്ടിയപ്പോൾ ആരും കാണാതെ രാത്രിയുടെ യാമങ്ങളിൽ കരയുന്ന എന്റെ അമ്മയുടെ ചുടു കണ്ണീരിനു ഇതിനേക്കാൾ ചൂടുണ്ടായിരുന്നെന്നു തോന്നിയത് .
'എന്തിനാ അമ്മ കരയുന്നെ' എന്ന് കണ്ണ് തപ്പി ഞങ്ങൾ ചോദിച്ചാൽ കൂരിരിളിൻ മുഖം കാണില്ലെന്ന മട്ടിൽ  'ഹേയ് ഞാൻ കരയ്യേ ' എന്ന് പറഞ്ഞ് ഞങ്ങളോട് മുഖം തിരിഞ്ഞു കിടക്കും. കരയുകയല്ലെന്നു ഞങ്ങളെ വിശ്വസിപ്പിക്കാനായി മാത്രമാണത് . 
എല്ലാ സ്വാതന്ത്രത്തിനും വിലങ്ങിട്ടുകൊണ്ട്, ശാസനകൾ കൊണ്ടും, ഭയപ്പെടുത്തിയും ഞങ്ങളെ കീഴ്പ്പെടുത്തുന്ന  അച്ഛൻ അമ്മയ്ക്കെന്നും കണ്ണുനീര് മാത്രമാണ് നൽകിയിട്ടുള്ളത് .
അമ്മയുടെ ചിന്തകൾ എന്നെ ക്ഷുഭിതനാക്കി.
സിഗരറ്റ് കത്തിക്കുവാനുള്ള  ആവേശം മനസ്സിന് . അമ്മയുടെ മരണവും, അനുജത്തി അമ്മാളുവിന്റെ വിവാഹവുമാണ് സിഗരറ്റിന്  അടിമയാക്കിയത്. 
എപ്പോഴെന്നറിയാതെ  അമ്മയ്ക്ക് തലവേദന വരും. കാലങ്ങളില്ല, സമയവും. വൈദ്യശാസ്ത്രം പറയുന്നു അമ്മയ്ക്ക് ടെസ്റ്റുകളിൽ കുഴപ്പമൊന്നും ഇല്ലെന്ന് . വേദനയുടെ ഗുളിക കഴിച്ച് അമ്മ മിണ്ടാതെ കിടക്കും. വൈദ്യശാസ്ത്രം അങ്ങനെ പറയുമ്പോഴും അമ്മയുടെ നെറ്റിയുടെ അരികെ വീർത്ത് വരുന്നതും തല നേരെ പിടിക്കാൻ വയ്യാതെ വിഷമിക്കുന്നതു കാണാം. എങ്കിലും എല്ലാ പണികളും അമ്മ തന്നെ ചെയ്യും. അലക്കൊക്കെ കഴിഞ്ഞാൽ കൈ നീര് വന്നു വീർക്കും . അഴുക്കോലിൽ  തുണി നിവർത്തിയിടാൻ  കഴിയാഞ്ഞ് അമ്മ ഒന്ന് തോരിടോ എന്ന് ചോദിക്കും. തലക്കുള്ളിൽ പഴുപ്പ് നിറഞ്ഞിരുന്നു. ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെടാഞ്ഞോ, അമ്മയുടെ സമയം അടുത്തതോ.. ഒരു വാക്ക് പോലും പറയാതെ വെറുതെ ഒന്ന് തലചുറ്റി വീണ അമ്മയെ ഐ.സി.യുവിൽ നിന്ന് ഒരിക്കലും ഞങ്ങളെ കാണാത്ത ലോകത്തേക്ക്...... അമ്മ പോയി. അച്ഛൻ തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്തില്ല. എന്നിട്ടും ശരീരം കാണാൻ ഞങ്ങൾ വിലക്കിയപ്പോഴും മുത്തച്ചനും നാട്ടുകാരും കണ്ടിട്ട് പോകട്ടെ എന്ന് ശാസിച്ചു.
ഞങ്ങൾ അമ്മയും മക്കളും ആയിരുന്നില്ല, കൂട്ടുകാരാണ്. പരസ്പരം ശാസിക്കും, ഉപദേശിക്കും, ശിക്ഷിക്കും. അച്ഛൻ വന്നു കയറിയാൽ ഈ വീട് മരണ വീടിനു സമാനം. ഒരു മുട്ടുസൂചി വീണാൽ പോലും കേൾക്കാം. അച്ഛനും, അമ്മയും പരസ്പരം മിണ്ടുന്നതോ, ഒരു മുറിയിൽ ഉറങ്ങുന്നതോ ഞങ്ങൾ കണ്ടിട്ടില്ല. എന്തായിരുന്നു അങ്ങനെ എന്ന് ചിന്തിക്കാനുള്ള പ്രായം ആകാഞ്ഞിട്ടാണോ അതോ ബുദ്ധിവികസിക്കാഞ്ഞിട്ടോ എന്നറിയില്ല, ചോദിച്ചിട്ടില്ല.

അച്ഛനെ വെറുക്കാതിരിക്കാനാകാം അമ്മ ഞങ്ങളോട് പറയും "അച്ഛന് എല്ലാവരോടും നല്ല സ്നേഹമാണ് , പക്ഷെ പ്രകടമാകുന്നില്ല എന്നെ ഉള്ളൂ".  എന്തിനു വേണ്ടിയാണ് അങ്ങനെ പറഞ്ഞു തന്നിരുന്നത് എന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല.

എന്റെ കുട്ടിക്കാലത്തെ ഒരു ദിവസം, ദിവസകൂലിക്കുള്ള   പണി കഴിഞ്ഞ് അമ്മ വീട്ടിൽ വന്ന് കയറിയതെ ഉള്ളൂ. അമ്മയുടെ  ഫോണ്‍ ശബ്ദിക്കുന്നത് വളരെ വിരളമായ് മാത്രമാണ്. തോളിൽ നിന്ന് ബാഗുപോലും എടുത്തു മാറ്റിയിട്ടില്ല. എടുത്തു നോക്കിയപ്പോൾ അച്ഛൻഅച്ഛന്റെ കോൾ അതിശയവും ഭയവുമാണ്  അമ്മക്കെന്നും . അച്ഛൻ  പണയം വെക്കാൻ ഉരുപ്പിടി ചോദിക്കാനല്ലാതെ വിളിയില്ല. അമ്മയ്ക്ക് ഏറ്റവും പേടിയുള്ള നിമിഷം അച്ഛന്റെ സാന്നിധ്യം തന്നെ. കൈകൾ  വിറക്കാൻ തുടങ്ങി ഒപ്പം ശബ്ദവും. സ്നേഹം കൊണ്ടല്ല, ഇന്നും കോപമാണ്  സ്ഥായീഭാവം. പ്രതി , മകന് വേണ്ടി പണമടക്കാൻ ഏൽപ്പിച്ച 100 രൂപ രശീതും.
പൂർവാധികം ഭംഗിയായി ബിബി എ രണ്ടാം വർഷം  പഠിക്കുന്ന മകന് എസ് .എസ് . ഇ അപ്ലൈ ചെയ്ത് 100 രൂപ അടയ്ക്കണം. ബാങ്ക് വലിയ പിടിപാടില്ലാത്തത് കൊണ്ട് രാവിലെ അമ്മ ചലാൻ ബാഗിന് മുകളിൽ വെച്ചു. എനിക്ക്  ഒരു പാട് വിലക്കുകൾ ഉണ്ട്. നാട്ടിലെ പിള്ളേരോട് സംസാരിക്കരുത്,കൂട്ടം കൂടരുത്, കളിക്കരുത്.  പതിവ് പോലെ അച്ഛൻ ഇല്ലാത്തത് കൊണ്ട് കളിക്കാൻ പോയിരുന്നു. വിളിച്ച് അവനു കൊടുക്കാൻ പറഞ്ഞപ്പോൾ ഞാൻ വീട്ടിൽ  ഇല്ല. 2-3 തവണ വിളി കഴിഞ്ഞു. അതിനിടയിൽഒരു 144 പാസ്സാക്കി .
നാളെ മുതൽ ഞാൻ പഠിക്കേണ്ടത് വല്യച്ഛന്റെ വീട്ടിൽ മണ്ണുത്തി അടുത്ത്. ഒന്നുകിൽ വീട്ടിൽ ഞാൻ , അല്ലെങ്കിൽ അച്ഛൻ  അതായിരുന്നു. നാളെ പോകാത്ത പക്ഷം, നാളെ മുതൽ കാശോ, മറ്റൊന്നും ഇല്ല. നീയും കുട്ടികളും അങ്ങനെ നടക്ക് . വെല്ലുവിളികളും ഭീഷണികളും ആദ്യമായല്ല. എന്തിനും ഏതിനും കുറ്റം മാത്രം പറയുന്ന അച്ഛൻ . ഭീഷണി.
'മക്കളെ മാറ്റി നിർത്തി ചിന്തിക്കുന്ന ഒരു പരിപാടിക്കും എന്റെമ്മ  കൂട്ടില്ല. എന്നും അമ്മയുടെ ജീവൻ ഞങ്ങളാണെന്ന് അമ്മ വിശ്വസിച്ചിരുന്നു. ഞങ്ങളുടെ വിശ്വാസവും അത് തന്നെയാണ് താനും. ജോലി കിട്ടി സ്വയം ഇഷ്ടത്തിനു പോകുന്നെങ്കിൽ പോകാം. അവൻ അതിനു മാത്രം എന്തെങ്കിലും തെറ്റ് ചെയ്തെങ്കിൽ  ശരിയാണ്. കോളേജിൽ തരക്കേടില്ലാത്ത മാർക്കുണ്ട് . നാട്ടിൽ ആരും തെറ്റ് പറയാത്ത വ്യക്തിത്വവും. മുത്തച്ചൻ  ഉൾപ്പെടെ ആരും ഈ തീരുമാനം അംഗീകരിച്ചില്ല. മരുമകൻ വരുമ്പോൾ മുത്തച്ഛൻ എഴുനേൽക്കണം അതാണ്  വീട്ടിലെ  മേല്കൊയ്മ്മ. മുത്തച്ചനും  അമ്മമ്മയും ഒന്നും ഇങ്ങേരോട് സംസാരിക്കാറില്ല. അച്ഛന് ആരെയും ഭയഭക്തി ബഹുമാനവും ഇല്ല. അങ്ങനെ ആ രാത്രി ആരും അന്ന് അത്താഴം കഴിച്ചില്ല എല്ലാവരും ഒരേ   കരച്ചിൽ . എനിക്ക് അമ്മയില്ലാതെ പറ്റില്ല. ഞാൻ പോകില്ല ഞാനും ഉറപ്പിച്ചു. അച്ഛനെ ധിക്കരിക്കാൻ അമ്മ സമ്മതിക്കുകയും ഇല്ല.
രാവിലെ എണീറ്റപ്പോൾ അമ്മ എന്നോട്   ഉൾവിളിയെന്നോണം കൽപ്പിച്ചു നീ ഇവിടേക്ക് തന്നെ പോരൂ. അച്ഛനെ കയറ്റിയിരുത്തി നിന്നെ അവിടെ വിടാൻ മാത്രം സ്നേഹം അച്ഛന് ഉണ്ടെന്നോ , നീ അതിനു മാത്രം തെറ്റ് ചെയ്തെന്നോ തോന്നിയിട്ടില്ല. അന്ന് അമ്മയുടെ വാക്കുകൾ  മറ്റ്  എന്നത്തേക്കാളും ഉറച്ചതായ് അനുഭവപ്പെട്ടു.നീ ഇങ്ങോട്ട് തന്നെ പോരൂ . അമ്മയ്ക്ക് പറ്റില്ലെടാ എന്ന്
പറയുമ്പോഴേക്കും കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു എല്ലാവരെയും വിളിച്ചു പറഞ്ഞിട്ടുണ്ട് അവന്റെ ശീലം നന്നല്ല അതോണ്ട് വല്യച്ഛന്റെ അടുക്കലേക്ക്  വിടുനെന്ന് എന്ന് അച്ഛൻ അമ്മയോട്  പറഞ്ഞിരുന്നു. രാവിലെ തന്നെ ജോലി സ്ഥലത്ത് ചെന്ന്  അമ്മ വല്ല്യച്ചനെ വിളിച്ചപ്പോൾ  അവർ ഈ ലോകമോന്നും അറിഞ്ഞതേയില്ല.
ക്ലാസ് കഴിഞ്ഞ് മോൻ വീണ്ടും വിളിച്ചു. അമ്മേ  ഞാൻ എന്താ ചെയ്യേണ്ടത് എന്ന്  ചോദിച്ചു
" കുട്ടി ഇപ്പൊ വീട്ടിലേക് പോയ്കൊള്ളൂ പിന്നീട് വരുന്നതല്ലേ നമുക്ക് അപ്പൊ എന്താച്ചാൽ ചെയ്യാം " എന്ന്. മാത്രമല്ല കുട്ട്യേ വല്ല്യച്ചൻ  ഈ വിവരമൊന്നും അറിഞ്ഞിട്ടു കൂടി ഇല്ല.

വീട്ടിൽ ചെന്ന് കയറിയപ്പോൾ അച്ഛൻ ചോദിച്ചു "നിന്നോട് എവിടേക്ക്  പോകാനാ" പറഞ്ഞതെന്ന്.  എനിക്ക് അങ്ങോട്ട്‌ പോകാൻ ഇഷ്ടമല്ല ഞാൻ പോകില്ല എന്ന് തന്നെ പറഞ്ഞു. അപ്പോൾ തന്നെ അച്ഛൻ ഡ്രസ്സ്‌ മാറി സർവ്വസാധനങ്ങളും  എടുത്ത് പോയതാണ് . എന്നും ഞങ്ങളുടെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം നൽകാറില്ല എങ്കിലും വാക്കുകളെ നിഷേധിക്കുന്നത് ആദ്യമായാണ്‌. അതിൽ അഭിമാനക്ഷതം തോന്നിയാകാം അച്ഛൻ വീടുവിട്ടിറങ്ങിയത്.

മാസം നല്ല വരുമാനമുണ്ടായിട്ടും അച്ഛൻ കടമല്ലാതെ വരുമാനമൊന്നും ഉണ്ടാക്കിയിട്ടില്ല.

പലരുടെയും സഹായങ്ങൾ കൊണ്ട് പഠിച്ചു. ഇന്ന് ഞാൻ നല്ലൊരു കമ്പനിയിൽ ജോലിക്ക് കയറി കടങ്ങൾ ഓരോന്നായ്  തീർത്തത്തിനു ശേഷം മാത്രമാണ് അമ്മയ്ക്ക് അസുഖം കലശലയത്. എപ്പോഴും  അമ്മ ഞങ്ങളെ ഓർമിപ്പിക്കും  10 രൂപ കിട്ടുമ്പോൾ 3 രൂപയെങ്കിലും എടുത്തു വെച്ച് ശീലിക്കണം. അപ്പോഴേ നാളെ വയ്യതാകുമ്പോൾ എന്തേലും ഉണ്ടാകൂ.
അനുജത്തിയോടും പറയും. അടുപ്പത്ത് അരിയിടാൻ എടുക്കുമ്പോൾ ഒരു പിടി മാറ്റി എന്നും ഒരു കലത്തിൽ ഇട്ടു വെക്കണം അപ്പോൾ പാത്രത്തിലെ അരി കഴിഞ്ഞു ഒരു നേരം വാങ്ങാൻ മറന്നാലും പിടിയരിയിൽ നിന്നും കഞ്ഞി വെക്കാം എന്ന് . അങ്ങനെയാകണം വീട്ടമ്മ എന്ന് . 

 ഞങ്ങൾക്കായ് ഒന്നും സ്നേഹം പോലും കരുതി വെക്കാതെ   അന്ന് വീട്ടിൽ  നിന്ന് ഇറങ്ങിയ അച്ഛൻ കാലങ്ങൾക്ക്  ശേഷം തിരിച്ചെത്തിയപ്പോൾ  സന്തോഷമല്ല പകയാണ്.അച്ഛനെ മുകളിൽ  കയറി കണ്ടിട്ട് ദിവസങ്ങളോളമായി സത്യത്തിൽ കാണണമെന്ന്  തോന്നാറില്ല.
ഗീതു........ഗീതു..........
ങേ.....
അച്ഛന് ചായ കൊടുത്തുവോ?
ഉവ്വല്ലോ ശ്രീയേട്ടാ... എന്തേ?
ഒന്നുമില്ല വെറുതെ ചോദിച്ചെന്നെ ഉള്ളൂ.
പതുക്കെ ഗോവണിപടികൾ കയറി മുറിക്കകത്ത് നോക്കി
എഴുന്നേറ്റില്ല.
പതിവ് പോലെ അവൾ ചായ മേശപുറത്ത് വെച്ചിട്ടുണ്ട്. നാല് ഭാഗവും ചില്ലുകൾ കൊണ്ട് മൂടിയ ശീതികരിച്ച മുറി. എല്ലാ സൗകര്യവും ഉണ്ട്. ഒരു മുറിക്കുള്ളിൽ ലോകം കാണുന്ന എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുത്തിട്ടുണ്ട് .
 മട്ടുപാവിലിരുന്നു പ്രകൃതിയുടെ കാറ്റ് കൊള്ളുന്നതിന്റെയോ നാട്ടിൻപുറത്ത് നാല് പേരോട് ഇട പഴകുന്നതിന്റെയോ വാർധക്യത്തിലെ സുഖം അതിനില്ല എന്നറിയാം. പക്ഷെ ഇതെന്റെ അച്ഛൻ അർഹിക്കുന്നതല്ലേ.
എണീറ്റു ചായ കുടിക്കാൻവന്നപ്പൊഴാണെന്നു തോന്നുന്നു എന്നെ കണ്ടത് .
നോട്ടത്തിലെ ആ ദയനീയത തീർത്തും സാധുവിന്റെതായിരുന്നു. എന്നെ ഒന്ന് തുറന്നു വിടൂ.... ഞാനൊന്നു പാറി പറക്കട്ടെ എന്ന് കണ്ണുകളിൽ നിഴലിച്ചിരുന്നു.
ഇങ്ങനെ ദയനീയമായി എത്ര തവണ ബാല്യത്തിലും,കൗമാരത്തിലും  ഞാൻ അച്ഛന്റെ മുന്നിൽ കെഞ്ചിയിട്ടുണ്ട്. കൂട്ടുകാർ വന്നു കളിക്കാൻ വിളിച്ച പകലുകൾ, സിനിമകൾ കാണാൻ വിളിച്ച രാത്രികൾ, ഞങ്ങൾ അമ്മയും സഹോദരിയുമൊത്ത് പരസ്പരം സംസാരിക്കാൻ ഇരുന്ന കുടുംബ ബന്ധത്തിന്റെ നല്ല നിമിഷങ്ങൾ . എന്തിനു കേരളോൽത്സവം നടക്കുന്ന  ദിവസം പരിപാടിക്ക് പോകരുത് എന്ന്  പറഞ്ഞ്  നാടിന്റെ  തന്നെ (ക്ലബ് ഗ്രൂപ്പ്‌ മത്സരങ്ങൾ ) അഭിമാനം കളഞ്ഞ ദിനം. ഞാൻ മറന്നാലും നാട്ടുകാർ  മറക്കില്ല.
അമ്മ കണ്ട കിനാക്കളും , അമ്മയുടെ നൊമ്പരങ്ങളും കണ്ടില്ലെന്നു നടിച്ചു ഒരു ലോഡ്ജ് മുറിയിൽ താമസിക്കുന്ന വാടകക്കാരനെ പോലെ മദ്യത്തിന്റെയും പണത്തിന്റെയും ഹുങ്ങ് കാണിച്ചിരുന്ന ഇന്നലെകൾ. ഞങ്ങളോടൊപ്പം ഉണ്ണാനും ഉറങ്ങാനും മടി കാണിച്ചപ്പോൾ ഉണ്ടായിട്ടുള്ള എന്റെ അമ്മയുടെ ഓരോ നിമിഷത്തിലെയും വിഷമതകൾ ഇന്നും മനസ്സിൽ തെളിയുന്നു . 

ഇന്ന് ഞാൻ ഒരു മകന്റെ അച്ഛനാണ്.  അമ്മയുടെ അല്ല ഒരു ഭാര്യയുടെ  വേദന പൂർണമായും ഉൾക്കൊള്ളാൻ എനിക്കാവുന്നു.
അമ്മയുടെ വാക്കുകൾ കാതുകളിൽ അലയടിക്കുന്നു " നമ്മൾ അനുഭവിച്ച വേദനകൾ  ഒരിക്കലും നീ നിന്റെ ജീവിതത്തിൽ ആവർത്തിക്കരുത്. ശിക്ഷിക്കാം, ശാസിക്കാം പക്ഷെ അതിലുപരി സ്നേഹിക്കണം". 
ഒരു താലി ചരടിൽ ബന്ധിച്ചിട്ട് അർഹമായ സ്നേഹം എന്റെമ്മക്കു കൊടുക്കാത്തവനായിരുന്നു, പണത്തിന്റെ കണക്കു പറഞ്ഞു ബാല്യത്തിന്റെ ലീലകളെ മുറിക്കുള്ളിൽ തളച്ച അച്ഛനായിരുന്നു നിങ്ങൾ. ആരാധനക്കും, തൊഴലിനും , കളികൾക്കും വിലക്കേർപ്പെടുത്തി എന്നിട്ട് ഒരു വാചകത്തിൽ നിങ്ങൾ ശാസിച്ചു "എന്തിന്റെ കുറവാ നിങ്ങൾക്ക്" എന്ന്. വില കൂടിയ വസ്ത്രവും, സസ്യജന്യാഹാരവും വയറു നിറയെ തന്നു. അവയും ശരീരത്തിനു ഇണങ്ങുന്നവയോ , ഞങ്ങൾക്കിഷ്ടപ്പെട്ടവയോ എന്ന് ചോദിക്കാറില്ല. പലപ്പോഴും കൂട്ടത്തിൽ അധിക്ഷേപിക്കും.അതെല്ലാം ഓർക്കുമ്പോൾ ഇന്നും ഉള്ളു പിടയുന്നു. പക്ഷെ ആ പ്രായത്തിൽ ഞങ്ങൾക്ക് വേണ്ടത് അർഹമായ പരിഗണനയും കൂടിയ സ്നേഹവുമായിരുന്നു.
ഇപ്പോൾ , അച്ഛന്റെ ബന്ധുക്കൾ  'ഞങ്ങൾ നോക്കിക്കൊള്ളാം'  എന്ന് പറഞ്ഞു. ഇല്ല .... ബന്ധുക്കളോട് ആണയിട്ടു പറഞ്ഞു. ഒരു കാലത്ത് ഞങ്ങൾ അനുഭവിച്ച ഈ കാരാഗ്രഹം നിങ്ങൾ കണ്ടിലെന്ന് നടിച്ചില്ലേ.
ഈ വീട് മൊത്തം   എന്റെമ്മയുടെ കണ്ണീരാണ് . അച്ഛൻ കൂട്ടികൊണ്ടുവരുന്ന പുരുഷപ്രജകൾക്ക്  അച്ഛന്റെ മുറിയിൽ എന്തായിരുന്നു കാര്യം എന്ന് ചോദിക്കുമ്പോൾ അമ്മ എന്നും മറുപടി പറയാതെ കരയും. മാധ്യമങ്ങൾ സത്യത്തെ വിളിച്ചോതുന്ന ഇന്ന് കുറച്ചൊക്കെ ഞാൻ സത്യം അറിയുന്നു.
സ്വന്തം സുഖങ്ങൾക്ക്  വേണ്ടി മാത്രം ജീവിച്ച മനുഷ്യൻ.
എന്റെ മകനെ ഇന്ന് ഞാൻ ധർമങ്ങൾക്കൊപ്പം  സ്നേഹിക്കാനും താലോലിക്കാനും അവന്റെ ഇഷ്ടങ്ങളെ വകതിരിവ് പറഞ്ഞു മനസിലാക്കാനും ഞാൻ ശ്രമിക്കുന്നുണ്ട്. എന്റെ ധർമ്മവും, കർമ്മവും  യഥാവിധി ചെയ്തിട്ടും  അവൻ എന്നെ ഇങ്ങനെ ചെയ്യുന്നെങ്കിൽ അതെന്റെ യോഗമായി കരുതി ആശ്വസിക്കും.
ആ ചില്ലിനിപ്പുറത്തേക്ക് ഒരു ലോകം ഇനി എന്റെച്ഛനിന്നില്ല ........അത് അച്ഛൻ ആഗ്രഹിക്കുന്നുവോ എന്ന്  എനിക്ക് നിശ്ചയവുമില്ല. 
സ്വാതന്ത്രം നിഷേധിച്ചത് തെറ്റാകാം. എന്റെ അമ്മയും മുകളിലിരുന്നെന്നെ "അരുതെടാ " എന്ന് ശാസിക്കുണ്ടാകാം. 
ഒരിക്കലെങ്കിലും സ്നേഹിക്കുന്നുവെന്ന് തിരിച്ചറിയും വിധം സ്നേഹം  പ്രകടമാക്കിയിരുന്നുവെങ്കിൽ .........ഒരൽപ്പമെങ്കിലും കരുണ എന്നിൽ നിന്നുണ്ടാകുമായിരുന്നില്ലേ ??????????
ഇതെന്റെ വിധിയല്ല ....കാലത്തിന്റെത്.



No comments:

Post a Comment

വീണ്ടുമൊരു തിരുവാതിര

വീണ്ടുമൊരു തിരുവാതിര Posted by  jyothi haridas  on December 23, 2015 at 3:30pm Send Message     View Blog വൈകീട്ടു വീട്ടില്...