Sunday 21 May 2017

പിരിമുറുക്കങ്ങൾ

1. മിഴികൾ തുറന്നാലും അടച്ചാലും കണ്മുന്നിലെത്തുന്നു ഒരു കറുത്ത രൂപം. താക്കീതും,ഭീഷണിയും, സമാധാനിപ്പിക്കലും, കുറ്റപ്പെടുത്തലുകളുമായ് അങ്ങ് നടന്നകലും. അവനെ(അവളെ )പേരിട്ടു വിളിക്കണമെന്ന് എനിക്കറിവില്ല . എങ്കിലും ഞാനാ കറുത്ത രൂപത്തെ ഒരുപാടിഷ്ടപെടുന്നു. ചിതറിപ്പോയ മനസ്സിനെ ബലവത്താക്കുന്ന അരൂപി എനിക്ക് സ്വന്തമാണ്. ഒന്നിനെ മറ്റൊന്നായ് അല്ലെങ്കിൽ തനിക്ക് തന്നെ വിശ്വസിപ്പിക്കാൻ കഴിവുള്ള അവനെ(അവളെ )ചിന്ത എന്ന് പേരിടട്ടെ . അവൻ(അവൾ) എനിക്ക് വരുത്തുന്ന വിനകളും ചെറുതൊന്നുമല്ല അതിലൊന്നാണ് 'മറവി'. എങ്കിലും ആന്തരികസംഘർഷത്തിന്റെ മറുമരുന്ന് എന്ന എന്റെ വിശകലനത്തിൽ അവനെ/ അവളെ എനിക്ക് സ്നേഹിച്ചേ മതിയാകൂ. സുഖത്തിലും ദുഖത്തിലും കൂട്ടായവരെ അല്ലെ നാം സ്നേഹിക്കേണ്ടത്. അനുഭവങ്ങളെല്ലാം ആനന്ദകരമാണെങ്കിൽ ജീവിതത്തിൽ ഈ കറുത്ത സ്നേഹിതൻ എന്നോടൊപ്പം ഉണ്ടാകില്ലായിരിക്കാം.
2. കണ്ണുകളിൽ പ്രകാശധാര....കാതുകളിൽ ഇടിമുഴക്കം... മനസ്സിൽ മാത്രം കാലക്കേടിന്റെ അന്ധകാരം....ഇരുളിലേക്കൊളിച്ചെത്തുന്ന വെളിച്ചത്തിന്റെ നുറുങ്ങു വെട്ടങ്ങളേയും എനിക്കിപ്പോൾ പേടിയാണ്. ഇനിയൊരിക്കലും ഒഴിവാകാനാവാത്ത വിധം ഇരുളിന്റെ ശ്യാമവർണ്ണം എന്റെ ഹൃദയത്തെ കീഴടക്കിക്കഴിഞ്ഞോ? ഒടുവിൽ തന്നെ ബന്ധിച്ചിരിക്കുന്ന നൊമ്പരങ്ങളിലും സന്തോഷം കാണാൻ ഞാനിപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുന്നു..എന്റെ മുന്നിൽ അടയുന്ന വാതിലുകളെ പൂർവാധികം ശക്തിയോടെ തള്ളിത്തുറക്കുവാൻ മനസ്സിനെ ബലപെടുത്തി. കണ്ണടച്ച് ഇരുട്ടാണ്‌ ചുറ്റിലും എന്ന് എന്നെത്തന്നെ വിശ്വസിപ്പിക്കുന്ന രീതി തെറ്റെന്നു സ്വയം ബോധ്യപ്പെട്ടു.മേഘങ്ങൾക്കിടയിലൂടെ കുഞ്ഞുമാലാഖ എന്നെ നോക്കി ചിരിച്ചു. വെള്ളിനക്ഷത്രങ്ങൾ കൺചിമ്മിത്തുറന്നു.ചന്ദ്രക്കല മേഘങ്ങളിൽ ഒളിച്ചുതന്നെ നിന്നു-
എന്നിട്ടും കാഴ്ച്ചക്കോണുകളിലെല്ലാം നിലാവിന്റെ വെട്ടമുണ്ടായിരുന്നു.. കാണുന്ന കണ്ണുകളിലും മനസ്സുകളിലും കിനാവിൻ തിളക്കം ..ചിരിക്കും ഞാൻ ...ചിരിപ്പിക്കാൻ വയ്യ ... ചിന്തിക്കും.... ചിന്തിപ്പിക്കും........കരയും ........കരയിപ്പിക്കാൻ ആവുമോ എന്നറിയില്ല.എഴുത്ത് നിർത്തും എന്ന് ഉറപ്പിച്ചു പറയാനാവില്ല. എന്റെ ഉള്ളിൽ കുമിഞ്ഞു കൂടുന്ന വ്യാകുലതകളും, സന്തോഷങ്ങളും, വ്യാധികളും ഇനിയും അക്ഷരങ്ങളായ്‌ ഉരിത്തിരിഞ്ഞേക്കാം. അവയിൽ ചിലത് എന്നിലേക്കും, പലതും മറ്റ് രീതിയിലും വായിക്കുന്നവരുടെ മാനസീക താൽപ്പര്യങ്ങൾക്കനുസൃതമായി വ്യാഖ്യാനിക്കാം.
3. അതിശൈത്യത്തിൽ മുങ്ങുന്ന പ്രഭാതങ്ങളെ പോലെ സങ്കടങ്ങൾ എന്നിൽ കുമ്മിഞ്ഞു കൂടുമ്പോഴാകാം അങ്ങകലെ വെള്ളമുകിൽ പാളികൾക്കിടയിൽ നിന്ന് ആരോ എന്നെ മാടിവിളിക്കുന്നതായ് തോന്നുന്നത് . എത്രയും വേഗം വിളിപ്പുറത്തെത്തണമെന്ന മാനസികാവസ്ഥയാണ് ഇപ്പോഴുള്ളത് . മാർഗ്ഗം പക്ഷെ അവ്യക്തമാണ്. കാളപ്പുറത്ത് വരുംവരെ കാത്തിരിക്കാനുള്ള ക്ഷമ എനിക്കിന്നുണ്ടോ എന്നത് എന്നെനിക്കു തന്നെ സംശയം തോന്നി തുടങ്ങിയിരിക്കുന്നു. എങ്കിലും അവിടെനിന്നും പ്രവേശന പാസ്‌ നേടിയാലെ ഏതുമാർഗത്തിലൂടെ ആയാലും അവിടെ എത്താനൊക്കൂ എന്ന വിശ്വാസം എന്നിലുണ്ട് . നിയന്ത്രണാതീതമായി കൊണ്ടിരിക്കുന്ന ചില ദുർബല നിമിഷത്തിൽ മാർഗങ്ങൾ ഓരോന്നായ് മനസ്സിൽ തെളിയും,ഉപബോധമനസ് എന്നോട് താക്കീത് നൽക്കും ' മാർഗ്ഗമദ്ധ്യേ ഗതാഗതത്തടസ്സം നേരിട്ടാൽ കൊഴിഞ്ഞു വീഴുന്നത് ഈ മണ്ണിലേക്ക്, ഇന്നിന്റെ കണ്ണുകളാകില്ല നാളെ നിന്നെ നോക്കുന്നത് . മണ്ണിൽ ഒരുപിടി ചാരമായ് , വിണ്ണിലേക്ക് ധൂമപടലങ്ങളായ് ഉയരാനാകുമെങ്കിൽ മാത്രം നീയതിനു മുതിരാവൂ' എന്ന് . പ്രഭാതത്തിലെ സൂര്യകിരണമേറ്റ് പുൽകൊടിയിലെ മഞ്ഞുകണങ്ങൾ തെളിനീരാകുന്നത് പോലെ അകലങ്ങളിൽ ഇരുന്നെന്നേ മാടി വിളിച്ച അപ്പൂപ്പനെ ധിക്കരിച്ച്, കുമിഞ്ഞു കൂടിയ സങ്കടങ്ങളെ ഉരുക്കി കണ്ണുനീർ ചാലിലൂടൊഴുക്കും.മനസിന്റെ അന്തമില്ലാത്ത യാത്രകൾ അക്ഷരങ്ങളാകുമ്പോൾ മനസ്സിനു തെല്ലൊരാശ്വാസം തോന്നും. അപ്പോൾ ആ അരൂപി വന്നെന്നെ തലോടി പറയും നീ ചിന്തിച്ചതൊക്കെ വ്യർത്ഥമാണ്. നിനക്ക് കൂട്ട് അക്ഷരങ്ങളുണ്ട്. നീ വാരിയെറിയുന്ന അക്ഷരങ്ങളെ പല കണ്ണുകളുംതാലോലിക്കുന്നുണ്ട് . മറ്റൊന്നും നീ ഇപ്പോൾ ആഗ്രഹിക്കേണ്ട എല്ലാം ഞാൻ കൽപ്പിക്കും അനുസരിച്ചാൽ മാത്രം മതി. നീ ഒരു അഭിനേത്രി മാത്രം. ....കേൾക്കുക അനുസരിക്കുക.


No comments:

Post a Comment

വീണ്ടുമൊരു തിരുവാതിര

വീണ്ടുമൊരു തിരുവാതിര Posted by  jyothi haridas  on December 23, 2015 at 3:30pm Send Message     View Blog വൈകീട്ടു വീട്ടില്...