Sunday 21 May 2017

കലികാലം

മണ്ണിനകത്തളം മനസ്സിനകത്തളം പോൽ
ഇന്നു നീരില്ല! കുടിനീരില്ല! തെളിനീരില്ല
നാക്ക്‌ നനയ്ക്കാൻ, തൊണ്ട വഴുക്കുവാൻ
ഒരു തുള്ളിയുമിനീരു മാത്രം

വിയർക്കാൻ കൊതിക്കുന്ന ത്വക്കിനും
കരയാൻ കൊതിക്കുന്ന കണ്ണിനും
ഉപ്പിൻ  ചവർപ്പിറക്കി രോമകൂപത്തെ
നനവാർന്നുണക്കാൻ ഒരിത്തിരി
നേരമീ നിമിഷം ഒരു തുള്ളി
വെള്ളമണിയുമില്ല!

കാലം ഇന്നലെ മാറുന്ന നിനവല്ല
നാളെയും മാറുന്ന കനവല്ല
എന്നാൽ എന്നേക്കുമായ് പതിയെ
മാറ്റമരുളുന്ന കനിയാണു മർത്ത്യാ !

ചിരിക്കുന്ന സൂര്യനും കരയുന്ന മണ്ണിനും
നാം തിരയുന്ന നീരിനു ഒരുപാടോതുവാൻ
ഉണ്ട്; കേൾക്കണം ക്ഷമയോടെ ഏവരും

അർക്കതേജസ്സിനായ് നീ കാത്തിരിക്കും;
അങ്ങു  കിഴക്കൊരു തിരികാണുവാൻ,
ഞാനെരിയുന്ന അഥവായെന്നെയെരിക്കുന്ന
എന്നിലെ മിഴിതരി  കാണുവാൻ;
എന്നാൽ ഞാനും തമോഗർത്തമായ് മാറിടും
എനിക്കുള്ള വ്യർഥ ജീവിതം

ധരിത്രിതൻ ജീവനെ പൊലിപ്പിക്കാൻ
ഞാനായെരിയിച്ച എന്നുടെ മെയ്
ആവശ്യമാം ചൂടിന്റെ മേയ്
മാസത്തിനറുതിയേകി
പതിയെ കറുപ്പായി മാറിടും !

എന്റെ പോഷകം നുകർന്നു  നീ വളർന്നു ;
എന്നെ ചൂഷണം ചെയ്തു നീ നന്നേ തളർന്നു ;
എന്റെ നെഞ്ചിൽ ഒരു മുളയൊരുക്കുവാൻ
  ഇന്നു പാടേ വിയർക്കുന്നു നീ;

ആവശ്യമുള്ളവ നീയെന്നിൽ നിന്നും
മതിയാവോളം നനഞ്ഞു കൊൾക!
അനാവശ്യമായുള്ളവ എന്നിൽ നിറുത്തുക ;
എന്നാലേ  എനിക്കു നാളെ നീളെ
നിനക്കുള്ളതേകുവാനാകൂ.

ഞാനെന്ന മണ്ണിനെ നീ നിന്റെ കണ്ണായ്
നിനച്ചാൽ കരയേണ്ടി വരില്ലൊരിക്കിലും!
മണ്ണിൽ  നിന്നും മരക്കുറ്റി  പറിച്ചെന്നാൽ
നിന്റെ കരണക്കുറ്റി നിന്നാലടി വാങ്ങിടും

വിണ്ണിൽ തീനാളം പുകച്ചെന്നാൽ
നിന്റെ ശ്വാസനാളത്തിൽ കാരമുള്ളു
നിരയായ് തറച്ചിടും
കുന്നിൽ ലോഹക്കൈ താഴ്ത്തിയെന്നാൽ
ചെമ്മണ്ണു കുന്നായ് നിൻ  തലയ്ക്കു
മുകളിൽ ഉരുളൻ  പാറയായ് മറഞ്ഞിടും

കടലിൽ എണ്ണക്കുടം മറിച്ചെന്നാൽ
പന്നലും പാഴ്പ്പായലായിടും;
മത്സ്യപാത്രവും പാഴ്പ്പാത്രമായിടും;

കാലം നാമെന്ന കോലത്തിനടിപ്പെട്ടു
വിഷം ചീറ്റാനാകാത്ത മർത്ത്യന്റെ
കാളിയശിരസ്സിൽ മർദ്ദനം മുറയായ് നടത്തീടും!

ഒടുവിൽ  വിഷം തീണ്ടി   
ചിതയായൊടുങ്ങുമ്പോൾ
അന്നും സാക്ഷിയായ് കാലൻ
കാലമായ്  ചിരിച്ചിടും!
ഇങ്ങനെയെന്നാൽ വരുംകാലത്തില-
ട്ടഹാസം നിനച്ചിടാം!!
ഇരട്ടകലികാലം സഹിച്ചിടാം!!..

No comments:

Post a Comment

വീണ്ടുമൊരു തിരുവാതിര

വീണ്ടുമൊരു തിരുവാതിര Posted by  jyothi haridas  on December 23, 2015 at 3:30pm Send Message     View Blog വൈകീട്ടു വീട്ടില്...